രാജഗിരി ആശുപത്രി സ്റ്റാഫുകൾക്കൊപ്പം കണ്ണൻ സാഗർ, മമ്മൂട്ടി Source: Facebook
ENTERTAINMENT

'ജീവിതം നീട്ടിതന്ന ഡോക്ടേഴ്സിനും മാലാഖമാർക്കും, ദൈവതുല്യനായ മമ്മൂക്കയ്ക്കും ഒരായിരം നന്ദി'; കണ്ണൻ സാഗർ ആശുപത്രി വിട്ടു

ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം കണ്ണൻ സാഗർ എറണാകുളം രാജഗിരി ആശുപത്രി വിട്ടു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം നടനും മിമിക്രി കലാകാരനുമായ കണ്ണൻ സാഗർ ആശുപത്രി വിട്ടു. വൈകാരികമായ ഒരു കുറിപ്പിലൂടെയാണ് നടൻ ഇക്കാര്യം അറിയിച്ചത്. ജീവിതം തിരിച്ചു നൽകിയ ഡോക്ടർമാർക്കും വിഷമഘട്ടത്തിൽ സഹായിക്കുകയും ഒപ്പം നിൽക്കുകയും ചെയ്ത സഹപ്രവർത്തകർക്കും കണ്ണൻ സാഗർ നന്ദി അറിയിച്ചു.

മമ്മൂട്ടി, സാജു കൊടിയൻ, കെ.എസ്. പ്രസാദ്, രമേഷ് പിഷാരടി ഉൾപ്പെടെയുള്ളവർ തന്നെ സഹായിച്ചുവെന്ന് നടൻ വെളിപ്പെടുത്തി. തന്നെ പരിചരിച്ച രാജഗിരി ഹോസ്പിറ്റലിലെ കാർഡിയോളജി തോറാസിക് സർജറി ഔട്ട് പേഷ്യന്റ് ഡിപ്പാർട്ട്‌മെന്റ് ടീമിനോടൊത്തുള്ള ചിത്രത്തിനൊപ്പമാണ് നടൻ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചത്.

കണ്ണൻ സാഗറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ആലുവ ചുണങ്ങൻവേലിയിലുള്ള 'രാജഗിരി ഹോസ്പിറ്റലിലെ' കാർഡിയോളജി തോറാസിക് സർജറി ഔട്ട് പേഷ്യന്റ് ഡിപ്പാർട്‌മെന്റ് ടീമാണ് ജീവിതം നീട്ടിതരാൻ പ്രയത്‌നിച്ചത്. ആ ദൈവതുല്യരായ ഡോക്ടേഴ്സും ചില മാലാഖമാരുമാണ് ചിത്രത്തിൽ.

ഇത്രയും വലിയ ഒരു ഓപ്പറേഷന്റെ ഞെട്ടലിൽ ഞാൻ ആകെ തളർന്നപ്പോൾ ആത്മവിശ്വാസവും ധൈര്യവും നൽകി സർജറി വിജയകരമായി പൂർത്തിയാക്കി ഡിസ്ചാർജ് ആയി പോകുന്ന ദിവസം എല്ലാവരും അടുത്തെത്തി എനിക്ക് വേണ്ട മുന്നോട്ടുള്ള ചികിത്സാനിർദേശങ്ങൾ നൽകി. ഇടയ്ക്ക് ചെക്കപ്പിനായി എത്തണമെന്നും അറിയിച്ചു. വേദനയുടെ ആ വലിയലോകത്തു ഞാൻ മുറിവുകളിലെ ഈർഷ നിറഞ്ഞ വലിച്ചിലുകൾക്കിടയിൽ അമരുമ്പോഴും നേരമെന്നോ സമയമെന്നോ നോക്കാതെ ഓടി അരികിലെത്തും. 'തമാശക്കാർക്ക് ഇത്രവേദനയെന്തിനാ, ഞങ്ങളൊക്കെയില്ലേ ഇവിടെ' എന്നുപറഞ്ഞു ഈ ഡിപ്പാർട്ട്‌മെന്റിലെ ഓരോരുത്തരും നമുക്കായി അത്ര സംരക്ഷണമാണ് നൽകുന്നത്. 'ആട് 3'യും, 'വാഴ 2' എന്ന സിനിമയും ഡോക്ടേഴ്‌സ് ഉൾപ്പെടെ മിക്ക സ്റ്റാഫുകളും കാണുകയും അഭിനന്ദനങ്ങളും തുടരെ നല്ലവേഷങ്ങൾ കിട്ടട്ടെയെന്നു ആശംസിച്ചു. എന്റെ വേദനകൾ ഒരു പരിധിവരെ മറന്നതും ഈ അഭിനന്ദനങ്ങളിൽ ആയിരുന്നു, സത്യത്തിൽ ചിത്രം എനിക്ക് ഇപ്പോഴും കാണാൻ കഴിഞ്ഞിട്ടില്ല.

ഇടക്ക് അന്വേഷണം നടത്തി ഓടിവരുകയും രക്തം തന്നു സഹായിക്കാൻ, സഹകരിക്കാൻ രക്തദാതാക്കളെ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്ന സോദരൻ സാജു കൊടിയൻ, ആശുപത്രിയിൽ ചെന്ന നാളുമുതൽ സഹായിക്കാനും കൂടെ ഒരു ചേട്ടനെപോലെ ഓടിനടന്നു സമയമുള്ളപ്പോൾ വേണ്ട നിർദ്ദേശങ്ങളും നൽകിയ ഗുരുതുല്യൻ പ്രിയ കെ.എസ്. പ്രസാദ് ചേട്ടൻ, സാമ്പത്തിക സഹായങ്ങളിലൂടെയും ഇടതടവില്ലാതെ അസുഖവിവരങ്ങൾ തിരക്കികൊണ്ടിരുന്ന പ്രിയ സഹപ്രവർത്തകർ, സുഹൃത്തുക്കൾ, രാജഗിരി ആശുപത്രിയിലെ മാനേജ്‌മെന്റിനും സിവിടിഎസ് ഡിപ്പാർട്ട്‌മെന്റിനോടും എന്റെ സാമ്പത്തിക ഭദ്രതയും നിസംഘതയും കേട്ടറിഞ്ഞു സഹായിക്കാൻ മനസുകാട്ടിയ പ്രിയ സോദരൻ രമേഷ് പിഷാരടിക്കും 'MAA' സംഘടനാ പ്രവർത്തകർക്കും അതിലൊക്കെ ഉപരി അങ്ങ് ഓസ്‌ട്രേലിയ എന്ന രാജ്യത്തിരുന്നു മമ്മൂക്കാ ഫൗണ്ടേഷൻ ചുക്കാൻ പിടിച്ച് സമയാസമയം കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയും 'പേടിക്കണ്ടാ കൂടെയുണ്ട്' എന്നു ധൈര്യവും നൽകികൊണ്ടിരുന്ന റോബർട്ട് ജിൻസ് (പിആർഒ മമ്മൂക്ക ഫൗണ്ടേഷൻ) അവറുകൾക്കും എന്റെ ദൈവതുല്യനായ മഹാനടൻ മമ്മൂക്കയ്ക്കും ഒരായിരം നന്ദി.

SCROLL FOR NEXT