കൊച്ചി: യുവസംവിധായകൻ ബെൽരാജ് കളരിക്കൽ (28) അന്തരിച്ചു. ആദ്യ വെബ് സീരീസായ 'കാപ്പി സ്ക്വാഡ്' ജിയോ ഹോട്ട്സ്റ്റാറിൽ റിലീസായതിന് ഒരാഴ്ചയ്ക്ക് ഇപ്പുറമാണ് ഈ അകാലവിയോഗം. കൊച്ചിയിലെ ഹോട്ടൽ മുറിയിലാണ് ബെൽരാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതം ആണ് മരണകാരണം. കോട്ടയം മണിമല സ്വദേശിയാണ്.
സീരിസിന്റെ ഷോ ഡയറക്ടർ ശ്രീകാന്തിനൊപ്പമായിരുന്നു ബെൽരാജ് താമസിച്ചിരുന്നത്. മുറിയുടെ കോളിങ് ബെൽ പലതവണ അടിച്ചിട്ടും തിരിച്ചൊരു പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
നിഴൽ, മധുരം, ഡാകിനി എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അസിസ്റ്റൻ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ബെൽരാജിന്റെ ആദ്യ വെബ്സീരീസായ കാപ്പി സ്ക്വാഡ് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ജിയോ ഹോട്ട്സ്റ്റാറിൽ പ്രദർശനം ആരംഭിച്ചത്. ആറ് വർഷം നീണ്ടുനിന്ന പ്രണയ ജീവിതത്തിന് പിന്നാലെ കഴിഞ്ഞ മാസമാണ് ബെൽരാജ് വിവാഹിതനായത്.
ഫസ്റ്റ് പ്രിൻ്റ് സ്റ്റുഡിയോസിൻ്റെ ബാനറിൽ രാഹുൽ റിജി നായരാണ് നിർമാണം. ശ്രീകാന്ത് മോഹൻ ക്രിയേറ്റ് ചെയ്ത സീരീസ് സംവിധാനം ചെയ്തത് ബെൽരാജ് കളരിക്കലാണ്. സീരീസിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചു വരുന്നതിനിടെയാണ് സംവിധായകൻ്റെ ഞെട്ടിക്കുന്ന വിയോഗമുണ്ടായത്.
റിനോഷ് ജോർജ്, അനഘ അജിത്ത്, ദിയ ദീപൻ, ജോയൽ ദീപൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സീരിസിൻ്റെ നാല് ഭാഗങ്ങൾ ഇതിനോടകം പുറത്തിറങ്ങിയിരുന്നു.