കരൺ ജോഹർ 
ENTERTAINMENT

ഒരാഴ്ചത്തെ 'ഡിജിറ്റൽ ഡിറ്റോക്സ്'; സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുത്ത് കരൺ ജോഹർ

അമിതമായ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതായി കരൺ ജോഹർ

Author : ന്യൂസ് ഡെസ്ക്

കൊച്ചി: സോഷ്യൽ മീഡിയയിൽ നിന്ന് ഒരാഴ്ചത്തെ ഇടവേളയെടുക്കുന്നതായി പ്രഖ്യാപിച്ച് പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ. അമിതമായ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിന്നും മെസേജുകളിൽ നിന്നും വിട്ടുനിൽക്കാനാണ് തന്റെ തീരുമാനമെന്ന് കരൺ അറിയിച്ചു.

ഒരാഴ്ചത്തേക്ക് താൻ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കില്ലെന്നും പോസ്റ്റുകളോ മെസേജുകളോ ഉണ്ടാകില്ലെന്നും കരൺ ജോഹർ വ്യക്തമാക്കി. അനാവശ്യമായി സോഷ്യൽ മീഡിയ സ്ക്രോൾ ചെയ്യുന്ന ശീലത്തിൽ നിന്നും വിട്ടുനിൽക്കാനാണ് കരണിന്റെ ഈ ഡിജിറ്റൽ ഡിറ്റോക്സ് പ്രഖ്യാപനം. "ഇതിൽ നിന്ന് വിട്ടുനിൽക്കാൻ പ്രപഞ്ചം എനിക്ക് കരുത്ത് നൽകട്ടെ" എന്ന് അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.

കരൺ ജോഹറിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി

ഈ പ്രഖ്യാപനത്തിന് തൊട്ടുമുൻപ്, ആലിയ ഭട്ട് റിപ്പബ്ലിക് ദിനാശംസകൾ നേരുന്ന വീഡിയോയും, അടുത്തിടെ പുറത്തിറങ്ങിയ രൺവീർ സിംഗ് ചിത്രം 'ധുരന്ധർ', സണ്ണി ഡിയോൾ പ്രധാന വേഷത്തിലെത്തിയ 'ബോർഡർ 2' എന്നീ ചിത്രങ്ങളുടെ വിജയത്തെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകളും കരൺ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരുന്നു. ഇരു ചിത്രങ്ങളുടെയും വൻ വിജയം ബോളിവുഡിന്റെ ശക്തമായ തിരിച്ചുവരവാണെന്നും, വൈകാരികമായി പ്രേക്ഷകരുമായി ബന്ധപ്പെടുന്ന സിനിമകൾ എന്നും വിജയിക്കുമെന്നുമാണ് കരൺ ജോഹർ അഭിപ്രായപ്പെട്ടത്.

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന 'പേട്രിയറ്റ്' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് അനൗൺസ്മെന്റ് പോസ്റ്ററും കരൺ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്കിനെ അഭിനന്ദിച്ചും അണിയറപ്രവർത്തകർക്ക് ആശംസകൾ നേർന്നുമായിരുന്നു പോസ്റ്റ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ്, തന്റെ പ്രിയ സുഹൃത്തും ബോളിവുഡ് താരവുമായ റാണി മുഖർജി സിനിമയിൽ 30 വർഷം പൂർത്തിയാക്കിയത് പ്രമാണിച്ച് യഷ് രാജ് ഫിലിംസ് സംഘടിപ്പിച്ച ഗംഭീര ചടങ്ങിൽ കരൺ ജോഹർ അവതാരകനായി എത്തിയിരുന്നു.

SCROLL FOR NEXT