'ഹൽചൽ' സിനിമയിൽ അക്ഷയ് ഖന്നയും കരീന കപൂറും Source: X
ENTERTAINMENT

"അന്ന് അക്ഷയ് ഖന്നയോട് ക്രഷ് ആയിരുന്നു, കാണുമ്പോൾ ആപാദചൂഡം നാണം കൊണ്ട് ചുവക്കുമായിരുന്നു"; വെളിപ്പെടുത്തി കരീന കപൂർ

2025ൽ മികച്ച പ്രകടനങ്ങൾ കൊണ്ട് ഞെട്ടിക്കുന്ന തിരിച്ചുവരവാണ് അക്ഷയ് ഖന്ന നടത്തിയത്

Author : ന്യൂസ് ഡെസ്ക്

കഴിഞ്ഞ വർഷം ഞെട്ടിക്കുന്ന തിരിച്ചുവരവ് നടത്തിയ ബോളിവുഡ് താരമാണ് അക്ഷയ് ഖന്ന. 'ഛാവ'യിലെ ഔറംഗസേബായുള്ള നടന്റെ പ്രകടനം നിരൂപക പ്രശംസ പിടിച്ചുപറ്റിയപ്പോൾ 'ധുരന്ധറി'ലെ റഹ്മാൻ ദകെയ്ത് എന്ന കഥാപാത്രം തിയേറ്ററുകളിൽ കയ്യടികൾ വാരിക്കൂട്ടി. ഇതോടെ സമൂഹമാധ്യമങ്ങളിലും അക്ഷയ് വീണ്ടും സംസാരവിഷയമായി. സിനിമ റിലീസ് ആയി ആഴ്ചകൾ പിന്നിടുമ്പോഴും അക്ഷയ് തരംഗം അവസാനിക്കുന്നില്ല. ഇപ്പോഴിതാ, നടനോട് തനിക്കുണ്ടായിരുന്ന ക്രഷിനെപ്പറ്റി നടി കരീന കപൂർ പറഞ്ഞ വാക്കുകൾ വീണ്ടും ചർച്ചയാകുകയാണ്.

റോഷെൽ പിന്റോ എഴുതിയ 'കരീന കപൂർ: ദ സ്റ്റൈൽ ഡയറി ഓഫ് എ ബോളിവുഡ് ദിവ' എന്ന പുസ്തകത്തിലാണ് അക്ഷയ്‌യോട് ഉണ്ടായിരുന്ന കടുത്ത ആരാധനയെപ്പറ്റി നടി മനസുതുറന്നത്. കരീന സിനിമയിൽ എത്തുന്നതിന് മുൻപ്, സഹോദരി കരിഷ്മ കപൂറിന്റെ ഷൂട്ടിങ് സെറ്റുകളിൽ പോകുമായിരുന്നു. അക്കാലത്ത് സൂപ്പർ താരമായിരുന്ന അക്ഷയ് ഖന്നയോട് തനിക്ക് വലിയ ആരാധനയായിരുന്നുവെന്ന് കരീന പറയുന്നു.

"അക്ഷയ് ഖന്നയോട് എനിക്ക് അന്ന് വലിയ ക്രഷ് ആയിരുന്നു. അദ്ദേഹം അടുത്തെത്തുമ്പോഴെല്ലാം ഞാൻ നാണം കൊണ്ട് അടിമുടി ചുവക്കുമായിരുന്നു," എന്നാണ് പുസ്തകത്തിൽ കരീനയെ ഉദ്ധരിച്ച് കുറിച്ചിരിക്കുന്നത്. കരിഷ്മയുടെ സെറ്റുകളിൽ പോകുമ്പോൾ അവിടുത്തെ ഏറ്റവും വലിയ താരങ്ങളെ കാണുന്നത് തനിക്ക് വലിയ ആവേശമായിരുന്നു. അന്ന് തന്നെ താനും ഒരുനാൾ വലിയ നടിയാകുമെന്ന് എല്ലാവരോടും ആത്മവിശ്വാസത്തോടെ പറയുമായിരുന്നുവെന്നും താരം ഓർക്കുന്നു.

പിന്നീട് വർഷങ്ങൾക്ക് ശേഷം കരീന സിനിമയിൽ എത്തിയപ്പോൾ അക്ഷയ് ഖന്നയ്‌ക്കൊപ്പം 'ഹൽചൽ' എന്ന സിനിമയിൽ നായികയായി അഭിനയിച്ചു. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രത്തിൽ സുനിൽ ഷെട്ടി, പരേഷ് റാവൽ, അമരീഷ് പുരി എന്നിങ്ങനെ വലിയൊരു താരനിര തന്നെ അണിനിരന്നിരുന്നു. 1991ൽ പുറത്തിറങ്ങിയ മലയാളം ചിത്രം, 'ഗോഡ്ഫാദറി'ൻ്റെ റീമേക്കായിരുന്നു 'ഹൽചൽ'.

അക്ഷയ് ഖന്നയും കരിഷ്മ കപൂറും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും മുൻപ് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ചില കാരണങ്ങളാൽ ആ ബന്ധം വിവാഹത്തിലെത്തിയില്ല. കരീനയുടെ അമ്മ ബബിത എതിർപ്പാണ് ഇതിന് കാരണം എന്നാണ് റിപ്പോർട്ടുകൾ.

SCROLL FOR NEXT