മൈസൂർ: ഫിലിം സിറ്റി പദ്ധതിക്ക് അനുമതി നൽകി കർണാടക സർക്കാർ. നഞ്ചൻഗുഡ് താലൂക്കിലുള്ള ഇമ്മാവു വ്യാവസായിക മേഖലയിൽ 160 ഏക്കറിലധികം സ്ഥലത്താണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിലിം സിറ്റി വരുന്നത്. ഏകദേശം 729.43 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കാണ് മന്ത്രിസഭ അനുമതി നൽകിയിരിക്കുന്നത്.
പൊതു-സ്വകാര്യ മേഖല പങ്കാളിത്തത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ രൂപകല്പന , ധനസഹായം, നിർമ്മാണം, പ്രവർത്തനം, പരിപാലനം എന്നിവ സ്വകാര്യ പങ്കാളിത്തതോടെയാകും.
ചലച്ചിത്ര നിർമാണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും അത്യാധുനിക സൗകര്യങ്ങൾ ഒരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റുഡിയോകൾ, അത്യാധുനിക പോസ്റ്റ്-പ്രൊഡക്ഷൻ സാങ്കേതിക സൗകര്യം, വിഎഫ്എക്സ് സൗകര്യങ്ങൾ, ഇൻഡോർ-ഔട്ട്ഡോർ ഷൂട്ടിങ് സെറ്റുകൾ എന്നിവ ഫിലിം സിറ്റിയിൽ ഉൾപ്പെടുത്തും.
കൂടാതെ, സിനിമ പ്രവർത്തകർക്കും സാങ്കേതിക വിദഗ്ധർക്കും താമസ സൗകര്യം, തീം പാർക്കുകൾ, ഷോപ്പിങ് കോംപ്ലക്സുകൾ, ഫിലിം സ്കൂൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്, മ്യൂസിയം, കൺവൻഷൻ സെന്റർ, ആംഫി തിയേറ്റർ, ഫിറ്റ്നസ് സെന്റർ എന്നിവയും ഈ പദ്ധതിയുടെ ഭാഗമായി നിർമിക്കാൻ ലക്ഷ്യമിടുന്നുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, ഹോട്ടലുകൾക്ക് 174.32 കോടി രൂപയും മറ്റ് ചെലവുകൾക്ക് 135.82 കോടി രൂപയും തീം പാർക്കിന് 87.09 കോടി രൂപയും ബിസിനസ് ഹബ്ബിന് 75.24 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ടെൻഡർ മാനദണ്ഡങ്ങൾ അനുസരിച്ച്, കന്നഡയിലും കർണാടകയിലെ മറ്റ് പ്രാദേശിക ഭാഷാ സിനിമകൾക്കും (തുളു, കൊഡവ, കൊങ്കണി, ബഞ്ചാര, ബ്യാരി) ഇൻഡോർ-ഔട്ട്ഡോർ സ്റ്റുഡിയോ, പോസ്റ്റ്-പ്രൊഡക്ഷൻ സൗകര്യങ്ങളിൽ 10 ശതമാനം സബ്സിഡി ലഭിച്ചേക്കാം.
ശ്രീരംഗപട്ടണം, മേലുകോട്ടെ, കെ.ആർ.എസ് അണക്കെട്ട്, മൈസൂർ മൃഗശാല, ചാമുണ്ഡി ഹിൽസ് തുടങ്ങിയ പ്രശസ്തമായ ഷൂട്ടിങ് ലൊക്കേഷനുകൾക്ക് സമീപത്താണ് ഫിലിം സിറ്റി നിർമിക്കുന്നത് എന്നത് സിനിമാ നിർമാതാക്കൾക്ക് വലിയ സൗകര്യമാകും.