ENTERTAINMENT

കന്നഡ ബിഗ് ബോസ് നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ്

മലിന ജലം ഒഴുക്കി വിടുന്നതിനും ജലം കൈകാര്യം ചെയ്യുന്നതിലും പിഴവുണ്ടായെന്നാണ് കണ്ടെത്തിയത്. ഇതേ പ്രദേശത്താണ് ബിഗ് ബോസ് ഷൂട്ടിംഗ് നടക്കുന്നതും.

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരു: ഷൂട്ട് നടന്നുകൊണ്ടിരിക്കുന്ന കന്നഡ ബിഗ് ബോസ് അടക്കമുള്ള പ്രദേശം അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് കര്‍ണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ബിഗ് ബോസ് ഷൂട്ട് ചെയ്യുന്ന പ്രദേശത്തെ പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നടപടി.

വിശദമായ യോഗവും ചര്‍ച്ചയും നടന്നതിന് ശേഷമാണ് പ്രദേശം മുഴുവന്‍ അടച്ചുപൂട്ടാനുള്ള നോട്ടീസ് നല്‍കിയതെന്ന് കെഎസ്പിസിബി ചെയര്‍മാന്‍ പിഎം നരേന്ദ്ര സ്വാമി പറഞ്ഞു.

രാമനഗരയിലെ ബിഡദി ഹോബ്ലിയിലെ ബിഡദി ഇന്‍ഡസ്ട്രിയല്‍ ടൗണിലെ പ്ലോട്ട് നമ്പര്‍ 24,26 എന്നിവടങ്ങളിലുള്ള വെല്‍സ് സ്റ്റുഡിയോ ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിലാണ് പാരിസ്ഥിതിക ലംഘനം നടന്നതായി കണ്ടെത്തിയത്. മലിന ജലം ഒഴുക്കി വിടുന്നതിനും ജലം കൈകാര്യം ചെയ്യുന്നതിലും പിഴവുണ്ടായെന്നാണ് കണ്ടെത്തിയത്. ഇതേ പ്രദേശത്താണ് ബിഗ് ബോസ് ഷൂട്ടിംഗ് നടക്കുന്നതും. ഈ സാഹചര്യത്തിലാണ് ബിഗ് ബോസ് അടക്കം നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ് നല്‍കിയതെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

1983ലെ കര്‍ണാടക വായു മലിനീകരണ പ്രതിരോധ, നിയന്ത്രണ നിയമത്തിന് കീഴിലാണ് നടപടി എടുത്തത്. വെല്‍സ് സ്റ്റുഡിയോ ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഒരു അമ്യൂസ്‌മെന്റ് പാര്‍ക്ക് ആണ്. കര്‍ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് ഈ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്.

ഇന്‍സ്‌പെക്ഷനിടെ മലിന ജലം നിയന്ത്രിക്കുന്നതിനായി മാലിന്യ പ്ലാന്റോ മറ്റു സംവിധാനങ്ങളോ ഇല്ല. ഒരു ദിവസം തന്നെ ഇവിടെ ധാരാളം ജലം വിനിയോഗിക്കേണ്ടി വരുന്നുണ്ട്. 2.5 ലക്ഷം ലിറ്റര്‍ മലിന ജലം കൃത്യമായല്ല ഒഴുക്കി വിടുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബിഗ് ബോസ് അടക്കം നടക്കുന്ന പ്രദേശം അടച്ചു പൂട്ടാനാണ് നടപടി.2025 സെപ്തംബര്‍ 28 നാണ് ബിഗ് ബോസ് 12ാം സീസണ്‍ ആരംഭിച്ചത്.

SCROLL FOR NEXT