സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി Source: News Malayalam 24x7
ENTERTAINMENT

"ഇറാനിയൻ ചിത്രങ്ങൾ പോലെ മലയാള സിനിമകളും ശ്രദ്ധിക്കപ്പെടാം, അക്കാദമിക സമീപനമാകും സ്വീകരിക്കുക"; ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി

ജനറേറ്റീവ് എഐയുടെ സാധ്യതകളേപ്പറ്റിയും റസൂൽ പൂക്കുട്ടി സംസാരിച്ചു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: അക്കാദമികമായ സമീപനമായിരിക്കും താന്‍ സ്വീകരിക്കുക എന്ന് വ്യക്തമാക്കി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി. കഴിഞ്ഞ ദിവസമാണ് റസൂല്‍‌ ചലച്ചിത്ര അക്കാദമി അധ്യക്ഷനായി ചുമതലയേറ്റത്. വിവാദങ്ങളെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത്ത് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ ശേഷം വൈസ് ചെയര്‍മാന്‍ പ്രേം കുമാറിനായിരുന്നു ചുമതല. എന്നാൽ അക്കാദമിക്ക് ഒരു സ്ഥിരം ചെയര്‍മാന്‍ വേണമെന്ന ആവശ്യം കൂടി പരിഗണിച്ചായിരുന്നു പുതിയ നിയമനം.

"നമ്മുടെ കൊച്ച് മലയാള സിനിമ, ഇന്ന് ഇന്ത്യയിലും ലോകത്തിലെമ്പാടും ശ്രദ്ധിക്കപ്പെടുന്ന ചലച്ചിത്ര മേഖലയാണ്. 25- 30 വർഷമായി ഇറാനിയന്‍ സിനിമകള്‍ ലോക സിനിമയെ ഭരിക്കുന്നത് പോലെ അടുത്ത 10 വർഷത്തിനുള്ളില്‍ മലയാള സിനിമ ലോക സിനിമയില്‍ ശ്രദ്ധിക്കപ്പെടാം," റസൂൽ പൂക്കുട്ടി ന്യൂസ് മലയാളത്തോട് അഭിപ്രായപ്പെട്ടു.

ജനറേറ്റീവ് എഐയുടെ സാധ്യതകളേപ്പറ്റിയും റസൂൽ പൂക്കുട്ടി സംസാരിച്ചു. "ലോക സിനിമ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ജനറേറ്റീവ് എഐ. അത് ക്രിയേറ്റീവ് വർക്കുകളെ വലിയ തോതില്‍ മാറ്റാൻ പോകുകയാണ്. അങ്ങനെ ഒരു അവസ്ഥയില്‍ എങ്ങനെ നമ്മുടെ സ്വതസിദ്ധമായ ശബ്ദം, സംസ്കാരം, കഥാപാത്രങ്ങൾ, ജീവിതം നിലനിർത്താം എന്നതിലാണ് ശ്രദ്ധിക്കേണ്ടത്.

"ജനറേറ്റീവ് എഐ പുതിയ തലമുറയിലേക്ക് കൊണ്ടുവരികയാണെങ്കിൽ തീർച്ചയായിട്ടും പുതിയ കാലഘട്ടത്തിൽ നമ്മുടെ സിനിമയെ പുനർനിർവചിക്കാൻ സാധിച്ചേക്കും," റസൂൽ പൂക്കുട്ടി പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലയിൽ അക്കാദമിക്സിലേക്കാകും തനിക്ക് സംഭാവന ചെയ്യാന്‍ സാധിക്കുക എന്നാണ് വിശ്വസിക്കുന്നതെന്നും റസൂൽ പൂക്കുട്ടി വ്യക്തമാക്കി.

നടി കുക്കു പരമേശ്വരനാണ് ചലച്ചിത്ര അക്കാദമിയുടെ പുതിയ വൈസ് ചെയർപേഴ്സണ്‍. സി. അജോയ് ആണ് സെക്രട്ടറി. 26 അംഗങ്ങളാണ് ഭരണസമിതിയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിച്ചതോടെ പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തത്. ജനറൽ കൗൺസിൽ അംഗങ്ങളായി സന്തോഷ് കീഴാറ്റൂർ, നിഖിലാ വിമൽ, സുധീർ കരമന, സിത്താര കൃഷ്ണകുമാർ, സോഹൻ സിനു ലാൽ, ജി.എസ്. വിജയൻ, ശ്യാം പുഷ്കരൻ, അമൽ നീരദ്, സാജു നവോദയ, പൂജപ്പുര രാധാകൃഷ്ണൻ എന്നിവരെയും നിയമിച്ചു.

SCROLL FOR NEXT