ENTERTAINMENT

"പാവപ്പെട്ടവരുടെ കേസുകൾ കെട്ടിക്കിടക്കുകയാണ്, 'അമ്മ'യ്ക്ക് വേണ്ടി മാത്രം പ്രത്യേക കോടതി വേണ്ടി വരുമോ?" വിമർശനവുമായി ഹൈക്കോടതി

അൻസിബയുടെ പരാതിയിൽ എടുത്ത കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ലക്ഷ്മി പ്രിയ സമർപ്പിച്ച ഹർജിയിൽ ആണ് പരാമർശം

Author : ന്യൂസ് ഡെസ്ക്

താരസംഘടന 'അമ്മ'യ്ക്ക് ഹൈക്കോടതിയുടെ വിമർശനം. 'അമ്മ'യ്ക്ക് വേണ്ടി മാത്രം പ്രത്യേക കോടതി വേണ്ടിവരുമോ എന്നാണ് പരാമർശം. പാവപ്പെട്ടവരുടെ നിരവധി കേസുകൾ കെട്ടിക്കിടക്കുകയാണെന്നും കോടതി. നടി അൻസിബ ഹസന്റെ പരാതിയിൽ എടുത്ത കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ലക്ഷ്മി പ്രിയ സമർപ്പിച്ച ഹർജിയിൽ ആണ് പരാമർശം. ലക്ഷ്മി പ്രിയയുടെ ഹർജിയിൽ നടി അൻസിബയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.

അൻസിബയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതിയിൽ ലക്ഷ്മി പ്രിയയുടെ പേരിൽ പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശത്തെ തുടർന്നാണ് കേസെടുത്തത്. അൻസിബയുടെ സ്വകാര്യ അന്യായത്തിലായിരുന്നു കോടതി നടപടി.

യുട്യൂബ് വഴി നടത്തുന്ന അപവാദപ്രചാരണം തടയണമെന്ന് ആവശ്യപ്പെട്ട് മുൻപ് പാലാരിവട്ടം പൊലീസിലും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കും അൻസിബ പരാതി നൽകിയിരുന്നു. അതിനു ശേഷം, നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് എറണാകുളം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ സ്വകാര്യ പരാതിയായി പരിഗണിക്കാനാണ് കോടതി ഉത്തരവിട്ടത്. മജിസ്ട്രേറ്റ് കോടതിയുടെ ഈ ഉത്തരവ് റദ്ദാക്കണമെന്നും കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് അൻസിബ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെത്തുടർന്ന്, പരാതിയിൽ കേസെടുക്കേണ്ട കുറ്റകൃത്യങ്ങൾ നിലനിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും തെളിവുകൾ വിലയിരുത്താനും ഹൈക്കോടതി നിർദേശിച്ചു. ഇത് അനുസരിച്ചാണ് മജിസ്ട്രേറ്റ് കോടതി കേസെടുക്കാൻ നിർദേശിച്ചത്.

അതേസമയം, നടി ലക്ഷ്മി പ്രിയയ്‌ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചേർത്തിട്ടില്ലെന്ന അൻസിബയുടെ പരാതിയിൽ വിശദീകരണവുമായി പൊലീസ് രംഗത്തെത്തി. എഫ്ഐആറിൽ ടൈപ്പിങ് പിശക് സംഭവിച്ചതാണെന്നാണ് വിശദീകരണം. അൻസിബ കോടതിയെ സമീപിക്കാൻ ഇരിക്കെയാണ് വിശദീകരണം. ഭാരതീയ ന്യായ സംഹിതയിലെ 74ാം വകുപ്പ് ചേർത്ത് കോടതിക്ക് റിപ്പോർട്ട്‌ നൽകിയെന്നും പൊലീസ് അറിയിച്ചു .

SCROLL FOR NEXT