കൊച്ചി: വിദ്വേഷ പരാമർശങ്ങളും വസ്തുതാവിരുദ്ധതയും കൊണ്ട് കുപ്രസിദ്ധി ആർജിച്ച 'ദ കേരള സ്റ്റോറി' ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു. മികച്ച സംവിധായകനും, ഛായാഗ്രഹണത്തിനും ദേശീയ പുരസ്കാരവും സ്വന്തമാക്കി. എന്നാൽ, സിനിമയ്ക്ക് ലഭിച്ച അംഗീകാരങ്ങളോ ബോക്സ് ഓഫീസ് വിജയമോ തന്റെ മുന്നോട്ടുള്ള യാത്ര സുഗമമാക്കിയിട്ടില്ലെന്നാണ് സംവിധായകൻ സുദീപ്തോ സെൻ പറയുന്നത്. കാമാഖ്യാ നാരായൺ സിംഗിന്റെ സംവിധാനത്തിൽ സിനിമയുടെ രണ്ടാം ഭാഗം റിലീസ് ആയതിന് പിന്നാലെയാണ് പ്രതികരണം.
"ഒരു ഇൻഡിപെൻഡന്റ് ഫിലിംമേക്കർ എന്ന നിലയിൽ എന്റെ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. എന്റെ 'ദ കേരള സ്റ്റോറി' എന്ന സിനിമ 350-400 കോടി രൂപയോളം നേടി. ഇനി എന്റെ ജീവിതം എളുപ്പമാകുമെന്നും അടുത്ത സിനിമയ്ക്കായി ഇത്രയധികം കഷ്ടപ്പെടേണ്ടി വരില്ലെന്നുമാണ് ഞാനടക്കം എല്ലാവരും കരുതിയത്. എന്നാൽ അതിനുശേഷം ജീവിതം കൂടുതൽ ദുഷ്കരമാവുകയാണ് ചെയ്തത്. ഇപ്പോൾ ഒരു ഒടിടി പ്ലാറ്റ്‌ഫോമോ സ്റ്റുഡിയോയോ എന്റെ സിനിമകൾ ഏറ്റെടുക്കാൻ തയ്യാറാകുന്നില്ല," എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ സുദീപ്തോ പറഞ്ഞു.
പൊതുജന അംഗീകാരവും സിനിമാ വ്യവസായത്തിൽ നിന്നുള്ള പിന്തുണയും തമ്മിലുള്ള ഈ അന്തരം പുതിയ ചിത്രം 'ചരക്' നിർമിക്കുമ്പോഴും തുടർന്നുവെന്ന് സുദീപ്തോ സെൻ പറയുന്നു. "ആളുകൾ എന്നോട് വന്ന് സംസാരിക്കാറുണ്ടെങ്കിലും തന്റെ ജോലിയെക്കുറിച്ച് ചർച്ച ചെയ്യാൻ അവർ മടിക്കുകയാണ്. ചരകിന് വേണ്ടി ജോലി ചെയ്യുമ്പോഴും അതായിരന്നു അനുഭവം. പക്ഷേ നിർമാതാവ് ജയന്തിലാൽ നല്ലൊരു മനുഷ്യനായിരുന്നു. ഈ സിനിമയ്ക്ക് യുഎ സർട്ടിഫിക്കറ്റ് കിട്ടുമോ എന്ന് പോലും അദ്ദേഹം ചോദിച്ചില്ല. 'സിനിമ എനിക്ക് ഇഷ്ടമായി ഇതുപോലുള്ള ചിത്രങ്ങളാണ് രാജ്യത്ത് ഉണ്ടാകേണ്ടത്' എന്ന് മാത്രമാണ് അദ്ദേഹം എന്നോട് പറഞ്ഞത്, സുദീപ്തോ കൂട്ടിച്ചേർത്തു.
നേരത്തെ, താൻ എന്തുകൊണ്ട് 'കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗം എടുത്തില്ല എന്ന് സുദീപ്തോ സെൻ വ്യക്തമാക്കിയിരുന്നു. ന്യൂസ് പേപ്പർ റിപ്പോർട്ടുകളേയും വാട്സ്ആപ്പ് ഫോർവേഡുകളേയും ആശ്രയിച്ച് സിനിമ ചെയ്യാൻ കഴിയില്ലെന്നും ഗവേഷണം ആവശ്യമാണെന്നുമായിരുന്നു സംവിധായകന്റെ വിശദീകരണം.
സുദീപ്തോ സെന്നിന്റെ ഏറ്റവും പുതിയ ചിത്രം ചരക് മേളയെ അടിസ്ഥാനമാക്കിയാണ്. ധവാൽ ജയന്തിലാൽ ഗഡ, സിപ്പിങ് ടീ സിനിമസ് എന്നിവർ സുദീപ്തോ സെൻ പ്രൊഡക്ഷൻസുമായി ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. രാജേഷ് ഭട്ട് ആണ് അസോസിയേറ്റ് പ്രൊഡ്യൂസർ. സഞ്ജയ് ഹൽദറിന്റെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത് ഫാറൂഖ് മാലിക്കാണ്.