കുട്ടിയുടെ പേര് വെളിപ്പെടുത്തി കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും Source: Instagram / kiaraaliaadvani
ENTERTAINMENT

"ഞങ്ങളുടെ രാജകുമാരി"; കുട്ടിയുടെ ആദ്യ ചിത്രവും പേരും പങ്കുവച്ച് കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും

ഇൻസ്റ്റഗ്രാമിലൂടെയാണ് താരങ്ങൾ ഇക്കാര്യം ലോകത്തെ അറിയിച്ചത്

Author : ന്യൂസ് ഡെസ്ക്

ന്യൂ ഡൽഹി: കഴിഞ്ഞ ജൂലൈയിലാണ് ബോളിവുഡ് നടി കിയാര അദ്വാനിക്കും നടൻ സിദ്ധാർഥ് മൽഹോത്രയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. ഇപ്പോഴിതാ കുഞ്ഞിന്റെ ആദ്യ ചിത്രവും പേരും ആരാധകരോട് പങ്കുവച്ചിരിക്കുകയാണ് താരദമ്പതികൾ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരങ്ങൾ ഇക്കാര്യം ലോകത്തെ അറിയിച്ചത്.

'സരായ മൽഹോത്ര' എന്നാണ് കിയാര- സിദ്ധാർഥ് ദമ്പതികളുടെ കുട്ടിയുടെ പേര്. സരായയുടെ കുഞ്ഞിക്കാലുകളുടെ ചിത്രവും താരങ്ങൾ പങ്കുവച്ചു. "പ്രാർഥനകളിൽ നിന്ന് ഞങ്ങളുടെ കൈകളിലേക്ക്, ഞങ്ങളുടെ രാജുമാരി. സരായ മൽഹോത്ര ," കിയാരയും സിദ്ധാർഥും കുറിച്ചു. പോസ്റ്റിൽ സരായ മൽഹോത്ര എന്ന് ഹിന്ദിയിലും എഴുതിയിട്ടുണ്ട്.

സരായ എന്ന പേര് ഇപ്പോഴേ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. രാജകുമാരി എന്ന് അർഥം വരുന്ന സാറ എന്ന ഹീബ്രു നാമത്തിൽ നിന്നാണ് ദമ്പതികൾ തങ്ങളുടെ പെൺകുഞ്ഞിന് സരായ എന്ന് പേരിട്ടിരിക്കുന്നതെന്നാണ് ചിലരുടെ വാദം. എന്നാൽ, തങ്ങളുടെ പേരുകള്‍ കൂട്ടിച്ചേര്‍ത്താണ് കിയാരയും സിദ്ധാർഥും കുട്ടിക്ക് പേരിട്ടതെന്നാണ് മറ്റൊരു കൂട്ടർ പറയുന്നത്.

പോസ്റ്റിന് പിന്നാലെ, കമന്റ് സെക്ഷനിൽ ആശംസകളുമായി സിനിമാ രംഗത്തെ പ്രമുഖരും ആരാധകരും എത്തി. സന്തോഷം നിറഞ്ഞ കമന്റുകളോടെയാണ് താരങ്ങളുടെ പ്രഖ്യാപനത്തെ ഇവർ എതിരേറ്റത്.

2023 ഫെബ്രുവരിയിലാണ് കിയാര അദ്വാനിയും സിദ്ധാര്‍ഥ് മല്‍ഹോത്രയും വിവാഹിതരായത്. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ സൂര്യഗഡ് പാലസിലായിരുന്നു വിവാഹം. ഫെബ്രുവരിയിലാണ് ഗർഭിണി ആണെന്ന വിവരം താരങ്ങള്‍ അറിയിച്ചത്. നിറവയറുമായി മെറ്റ് ഗാലയിലെ റെഡ് കാർപ്പറ്റിൽ കിയാര പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് ഇരുവർക്കും പെണ്‍കുഞ്ഞ് പിറന്നത്.

SCROLL FOR NEXT