കെ.പി. ശശികല, നന്ദഗോവിന്ദം ഭജൻസ് 
ENTERTAINMENT

"ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്"; ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം പാടിയ നന്ദഗോവിന്ദം ഭജൻസിനെതിരെ ശശികല

'ഈ പരദേവനഹോ' എന്ന ഗാനം ആലപിച്ചതിനാണ് വിമർശനം

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ക്ഷേത്രോത്സവത്തിനിടെ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച നന്ദഗോവിന്ദം ഭജൻസിനെതിരെ വിമർശനവുമായി ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല. കോട്ടയം വേമ്പിൻകുളങ്ങര ക്ഷേത്രോത്സവത്തിനിടയിൽ 'ഈ പരദേവനഹോ' എന്ന ഗാനം ആലപിച്ചതിനാണ് വിമർശനം. ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്. ഒരു വീട്ടമ്മയുടെ ഉപദേശമാണിതെന്ന് പറഞ്ഞുകൊണ്ടായിരുന്നു ശശികലയുടെ പരിഹാസം.

വേമ്പിൻകുളങ്ങര ഉത്സവത്തിന് ക്രിസ്തീയ ഭക്തിഗാനം ആലപിച്ച ഭജൻ സംഘത്തിന് അഭിനന്ദനവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ്, ഹിന്ദു ഐക്യവേദി അധ്യക്ഷയുടെ വിമർശന പോസ്റ്റ്. 'നന്ദഗോവിന്ദം ഭജൻസിന് അഭിനന്ദനപ്രവാഹം' എന്ന വാർത്താ കാർഡ് പങ്കുവച്ചുകൊണ്ടായിരുന്നു ശശികലയുടെ വിമർശനം. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

ശശികലയുടെ ഫേസ്ബുക്ക് കുറിപ്പ്:

ഇതുവരെ അവരെ ആരും അഭിനന്ദിച്ചിരുന്നില്ലേ? പതിനായിരങ്ങൾ മണിക്കൂറുകൾ അവരെ കാത്തിരുന്നിരുന്നത് നിന്ദിക്കാനായിരുന്നോ? ചെറിയ പ്രവാഹം, അരുവിയാണ്, തോടാണ്, പുഴയാണ് അവയൊക്കെ ഭൂമിയുടേയും ജീവജാലങ്ങളുടേയും ദാഹം മാറ്റാനും മനസും ശരീരവും കുളിർപ്പിക്കാനും ഒക്കെ നല്ലതാണ്! പക്ഷേ പ്രവാഹത്തിന് ശക്തി കൂടിയാൽ അത് പലതിനേയും ഒഴുക്കി കളയും ! ചൂരൽമലയിലൊക്കെ പ്രവാഹം ശക്തി കൂടിയതിന്റെ അനുഭവം എന്താണെന്ന് നമുക്കറിയാമല്ലോ? ഇരിക്കുന്ന കൊമ്പ് എത്ര ബലമുളളതാണെങ്കിലും സ്വയം മുറിച്ചാൽ അത് മുറിയാതിരിക്കില്ല. എനി ഹൗ, ആശംസകൾ. ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്. ഒരു വീട്ടമ്മയുടെ ഉപദേശമാണ്.

ഈ ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റ് സെക്ഷനിൽ പാട്ടിന്റെ മുഴുവൻ വരികളും ശശികല ചേർത്തിട്ടുണ്ട്. ബൈബിളിലെ 68ാം സങ്കീർത്തനത്തെ ആധാരമാക്കിയാണ് ഈ ഗാനം എഴുതിയിരിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് വരികൾ പങ്കുവച്ചത്.

മോഹന്‍ സിത്താരയുടെ സംഗീതത്തില്‍ കെ.ജെ. യേശുദാസ് പാടിയ ഗാനമാണ് 'ഈ പരദേവനഹോ'. ക്ഷേത്രവും തൊട്ടടുത്തുള്ള പള്ളിയും തമ്മിലുള്ള സൗഹാർദം ഉയർത്തിക്കാട്ടാനാണ് ഈ ഗാനം ആലപിക്കുന്നതെന്ന് ഭജനസംഘം വേദിയിൽ പറഞ്ഞിരുന്നു. കൂടാതെ, ക്ഷേത്രത്തിലെ ദേശവിളക്കിന് പള്ളിയിൽ വിളക്ക് തെളിയിക്കുന്നതും, ഉത്സവത്തിന് എത്തുന്നവ‍രുടെ വാഹനം പാ‍ർക്ക് ചെയ്യാൻ പള്ളി സൗകര്യം ഒരുക്കിയതും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു വിഭാഗം വിമർശിക്കുമ്പോഴും മതാതീതമായി ചിന്തിച്ചു എന്ന് കാട്ടി വലിയൊരു കൂട്ടം നന്ദഗോവിന്ദം ഭജൻസിനെ പിന്തുണയ്‌ക്കുന്നുണ്ട്.

SCROLL FOR NEXT