രാഹുൽ മാങ്കൂട്ടത്തിലിന്റെ മുഖവുമായി പ്രചരിക്കുന്ന എഐ വീഡിയോയിൽ നിന്ന് Source: Instagram / vaakkum_vottum
ENTERTAINMENT

രാഹുൽ മുങ്ങി, 'കുറുപ്പി'ലെ പാട്ട് പൊങ്ങി; 'പാതിരാ കാലം' വീണ്ടും വൈറൽ

'കുറുപ്പ്' സിനിമയിലെ 'പാതിരാ കാലം' എന്ന പാട്ടാണ് വൈറലായത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ദുൽഖർ സൽമാൻ എന്ന നടന്റെയും നിർമാതാവിന്റെയും കരിയറിൽ വഴിത്തിരിവ് ആയ ചിത്രമായിരുന്നു 'കുറുപ്പ്'. ഇന്ത്യ കണ്ട ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായ സുകുമാര കുറിപ്പിന്റെ കഥ പറഞ്ഞ ചിത്രം ബ്ലോക്ബസ്റ്റർ വിജയമാണ് സ്വന്തമാക്കിയത്. ദുൽഖറിന്റെ ആദ്യ സിനിമ 'സെക്കൻഡ് ഷോ'യുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്. റിലീസ് ആയി വർഷങ്ങൾക്ക് ശേഷം ഈ സിനിമയിലെ ഒരു പാട്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അതിന് കാരണമായതോ സമകാലിക രാഷ്ട്രീയ സാഹചര്യവും.

ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയതിന് പിന്നാലെയാണ് 'കുറുപ്പ്' സിനിമയിലെ 'പാതിരാ കാലം' എന്ന പാട്ട് വൈറലായത്. വിശേഷിച്ച്, 'ഏതേതോ കഥയിലെ വേടനായ് ശാപമായ്' എന്ന വരികൾ. എഐ ഉപയോഗിച്ച് ദുൽഖറിന് പകരം രാഹുലിന്റെ മുഖം സ്ഥാപിച്ച ഈ പാട്ടിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സുകുമാര കുറുപ്പ് ആയി എത്തിയ ദുൽഖർ വ്യത്യസ്ത വേഷവിധാനങ്ങളിൽ പല നാടുകളിൽ ഒളിവിൽ പാർക്കുന്നത് ആണ് ഈ ഗാനരംഗത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.

അതിജീവിത കേസ് കൊടുത്തതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയ സാഹചര്യത്തിൽ യൂട്യൂബിലും ഈ പാട്ട് തേടിയിറങ്ങിയവർ നിരവധിയാണ്. 'മാങ്കൂട്ടത്തിൽ ആണ് തങ്ങളെ വീണ്ടും ഇവിടെ എത്തിച്ചതെ'ന്നാണ് പലരും കമന്റ് ചെയ്യുന്നത്.

സുഷിൻ ശ്യാം ആണ് 'കുറുപ്പി'ലെ ഗാനങ്ങൾക്ക് ഈണം നൽകിയത്. 'പാതിരാ കാലം' എന്ന ഗാനത്തിന്റെ വരികൾ എഴുതിയത് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനും. ട്രൈബ്‌മാമ മേരികാളി ആണ് ഈ പാട്ട് ആലപിച്ചിരിക്കുന്നത്. 'കുറുപ്പി'ന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ഡാനിയേൽ സായൂജും കെ.എസ്. അരവിന്ദും ചേർന്നാണ്. മമ്മൂട്ടി ചിത്രം 'കളങ്കാവൽ' സംവിധാനം ചെയ്ത ജിതിൻ കെ ജോസിന്റേതാണ് കഥ. നിമിഷ് രവിയാണ് ഛായാഗ്രഹണം.

SCROLL FOR NEXT