ENTERTAINMENT

പ്രിയ നടന് വിട; സലിം കുമാറിൻ്റെ ഭൗതികദേഹം വീട്ടിലെത്തിച്ചു

മതപരമായ ചടങ്ങുകൾ ഒഴിവാക്കണമെന്ന സലിം കുമാറിൻ്റെ ആവശ്യപ്രകാരമായിരിക്കും സംസ്കാരം

Author : ന്യൂസ് ഡെസ്ക്

എറണാകുളം: അന്തരിച്ച നടൻ സലിം കുമാറിൻ്റെ പറവൂർ ടൗൺഹാളിലെ പൊതുദർശനം പൂർത്തിയായി. ഭൗതിക ശരീരം വീട്ടിലെത്തിച്ചു. നിരവധി പേരാണ് സലിംകുമാറിനെ അവസാന നോക്കു കാണാനായി ടൗൺഹാളിലേക്ക് എത്തിയത്. വൈകുന്നേരം മൂന്നുമണിയോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും. രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം അമൃത ആശുപത്രിയിൽ നിന്ന് ടൗൺഹാളിലേക്ക് കൊണ്ടുപോയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടൻ ജയറാം തുടങ്ങി സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ ആശുപത്രിയിൽ എത്തിയിരുന്നു. ടൗൺഹാളിൽ സലിം കുമാറിൻ്റെ കുടുംബവും എത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി വി.ഡി. സതീശനും, ഹൈബി ഈടൻ, മാത്യു കുഴൽനാടൻ, പി.സി. വിഷ്ണുനാഥ് തുടങ്ങി രാഷ്ട്രീയ മേഖലയിലെ പ്രമുഖരും സംവിധായകൻ കമൽ, രമേശ് പിഷാരടി, നവ്യനായർ, ദിലീപ്, ബാബുരാജ്, ഹരിശ്രീ അശോകൻ, രഞ്ജി പണിക്കർ, സൗബിൻ സാഹിർ, ആന്റണി പെരുമ്പാവൂർ, മഹേഷ്‌ നാരായണൻ, ആന്റോ ജോസഫ് തുടങ്ങി സിനിമാ മേഖലയിലെ പ്രമുഖരും ടൗൺഹാളിലെത്തി അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു.

നഷ്ടപ്പെട്ടത് സഹോദരതുല്യനെയാണെന്നും അവസരങ്ങൾക്കായി രാഷ്ട്രീയ ബോധ്യങ്ങളിൽ ഒരിക്കലും സലിം കുമാർ വെള്ളം ചേർത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പറവൂർ ടൗൺഹാളിലെത്തി അന്തിമോചാരം അർപ്പിച്ച അദ്ദേഹം സലിമിന്റെ മക്കളെ നെഞ്ചോട് ചേർത്ത് പിടിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മമ്മൂട്ടി, മോഹൻലാൽ, പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖർ സലിംകുമാറിനെ അനുസ്മരിച്ചു.

ന്യുമോണിയ ബാധയെ തുടർന്ന് ശനിയാഴ്ച രാവിലെയാണ് കൊച്ചി അമൃത ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. രാത്രിയോടെ ആരോഗ്യനില വഷളാകുകയായിരുന്നു. ഉച്ചയ്ക്ക് 1 വരെയാണ് എറണാകുളം പറവൂർ ടൗൺ ഹാളിൽ പൊതുദർശനം ഏർപ്പെടുത്തിയിരിക്കുന്നത്. ശേഷം പറവൂരിലെ വീടായ ലാഫിംഗ് വില്ലയിലേക്ക് കൊണ്ടുപോകും. വൈകീട്ട് 3.30ന് വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുക. മതപരമായ ചടങ്ങുകൾ ഒഴിവാക്കണമെന്ന സലിം കുമാറിൻ്റെ ആവശ്യപ്രകാരമായിരിക്കും സംസ്കാരം.

SCROLL FOR NEXT