അമേരിക്കന്‍ നടന്‍ എറിക് ഡെയ്ൻ 
ENTERTAINMENT

"ബില്ലി, ജോർജിയ... നാല് കാര്യങ്ങൾ എനിക്ക് നിങ്ങളോട് പറയാനുണ്ട്"; എറിക് ഡെയ്‌നിന്റെ അവസാന വാക്കുകൾ

നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ എറിക്കിന്റെ അവസാന അഭിമുഖം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്

Author : ന്യൂസ് ഡെസ്ക്

ടെലിവിഷന്‍ സീരീസുകളിലൂടെ പ്രശസ്തനായ അമേരിക്കന്‍ നടന്‍ എറിക് ഡെയ്ൻ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. 53 വയസുകാരനായ എറിക് നാഡീ വ്യൂഹത്തെ ബാധിക്കുന്ന അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് (എഎൽഎസ്) സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരു വർഷമായി ചികിത്സയിലായിരുന്നു. 'ഗ്രേയ്‌സ് അനാട്ടമി', 'യൂഫോറിയ' തുടങ്ങിയ സീരീസുകളിലൂടെ ശ്രദ്ധേയനായ എറിക്കിന്റെ വിയോഗം ആരാധകർക്ക് ഞെട്ടലായിരുന്നു. ഇപ്പോഴിതാ, നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ എറിക്കിന്റെ അവസാന അഭിമുഖം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

വേർപാട്, കലുഷമായ ബാല്യകാലം, ലഹരിക്കെതിരെയുള്ള പോരാട്ടം, എഎൽഎസ് എന്നിവയെപ്പറ്റിയാണ് നെറ്റ്‌ഫ്ലിക്സിന്റെ 'ഫേമസ് ലാസ്റ്റ് വേർഡ്സ്' എന്ന അഭിമുഖത്തിൽ എറിക് ഡെയ്‌ൻ സംസാരിക്കുന്നത്. മക്കളായ ബില്ലിക്കും ജോർജിയയ്‌ക്കുമായി നാല് പ്രധാന ജീവിതപാഠങ്ങളും അഭിമുഖത്തിൽ എറിക് പങ്കുവയ്ക്കുന്നുണ്ട്.

എറിക്കിന്റെ അവസാന വാക്കുകൾ

"ബില്ലി, ജോർജിയ ഈ വാക്കുകൾ നിങ്ങൾക്ക് വേണ്ടിയാണ്. ഞാൻ ശ്രമിച്ചു. ചിലപ്പോഴൊക്കെ കാലിടറി, പക്ഷേ ശ്രമിച്ചു. മൊത്തത്തിൽ, നമ്മൾ അടിച്ചുപൊളിച്ചു, അല്ലേ? സാന്താ മോണിക്കയിലും ഹാവായിയിലും മെക്സിക്കോയിലുമുള്ള ബീച്ചുകളിൽ നമ്മൾ ചെലവഴിച്ച ആ നിമിഷങ്ങളെല്ലാം ഞാൻ ഓർക്കുന്നു. നിങ്ങൾ രണ്ടുപേരും, ഞാനും, പിന്നെ നിങ്ങളുടെ അമ്മയും. എന്റെ 'വാട്ടർ ബേബീസ്' മണിക്കൂറുകളോളം സമുദ്രത്തിൽ കളിക്കുന്നത് ഞാൻ ഇപ്പോഴും കാണുന്നുണ്ട്. ആ ദിവസങ്ങൾ, സ്വർഗ്ഗതുല്യമായിരുന്നു. ഈ രോഗത്തിൽ നിന്ന് ഞാൻ പഠിച്ച നാല് കാര്യങ്ങൾ നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു; നിങ്ങൾ അത് കേൾക്കുക മാത്രമല്ല, ശരിക്കും ഉൾക്കൊള്ളുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."

എറിക്കിന്റെ ജീവിതപാഠങ്ങൾ

ആദ്യമായി, ഈ നിമിഷത്തിൽ ജീവിക്കുക. വർത്തമാനകാലത്ത്. പ്രയാസമായിരിക്കും, പക്ഷേ അങ്ങനെ ചെയ്യാൻ പഠിക്കുക. ഞാൻ എടുത്ത തീരുമാനങ്ങളെക്കുറിച്ച് പലവട്ടം ആലോചിച്ച് ഞാൻ എന്നെത്തന്നെ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഞാൻ ഇത് ചെയ്യരുതായിരുന്നു, അത് ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു' എന്നൊക്കെ. എന്നാൽ ഇനി അതൊന്നുമില്ല. നിലനിൽപ്പിനായുള്ള പോരാട്ടത്തിനിടയിൽ വർത്തമാനകാലത്ത് ജീവിക്കാൻ ഞാൻ നിർബന്ധിതനായിരിക്കുകയാണ്. എന്നാൽ എനിക്ക് ഇപ്പോൾ മറ്റൊരിടത്തും ആയിരിക്കേണ്ടതില്ല. ഭൂതകാലം പശ്ചാത്താപം നിറഞ്ഞതാണ്. ഭാവിയാകട്ടെ അജ്ഞാതവും. അതുകൊണ്ട് നിങ്ങൾ ഇപ്പോൾ ജീവിക്കണം. വർത്തമാനകാലം മാത്രമാണ് നിങ്ങളുടെ കൈവശമുള്ളത്. അതിനെ നിധിപോലെ കാത്തുസൂക്ഷിക്കുക. ഓരോ നിമിഷവും ആഘോഷമാക്കുക.

രണ്ടാമതായി, പ്രണയിക്കുക. അത് ഒരു വ്യക്തിയോട് തന്നെ ആകണമെന്നില്ല, എങ്കിലും അതും നല്ലതാണെന്ന് ഞാൻ പറയും. എന്നാൽ മറ്റെന്തിനോടൊക്കെയോ നിങ്ങൾക്ക് പ്രണയമുണ്ടാകണം. നിങ്ങളുടെ അഭിനിവേശം, നിങ്ങളുടെ സന്തോഷം എന്നിവ കണ്ടെത്തുക. ഓരോ പ്രഭാതത്തിലും നിങ്ങളെ ഉണർത്തുന്ന, ആ ദിവസം മുഴുവൻ നിങ്ങളെ മുന്നോട്ട് നയിക്കുന്ന ആ കാര്യം കണ്ടെത്തുക. നിങ്ങളുടെ പ്രായമുള്ളപ്പോഴാണ് ഞാൻ ആദ്യമായി പ്രണയത്തിലായത്; അഭിനയത്തോടായിരുന്നു ആ പ്രണയം. എന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട നിമിഷങ്ങളിലും, ദിവസങ്ങളിലും, ആ വർഷത്തിലും എന്നെ പിടിച്ചുനിർത്തിയത് ആ പ്രണയമായിരുന്നു. ഇന്നും ഞാൻ എന്റെ ജോലിയെ സ്നേഹിക്കുന്നു; അതിനായി കാത്തിരിക്കുന്നു. ഇന്നും എനിക്ക് ക്യാമറയ്ക്ക് മുന്നിൽ നിന്ന് എന്റെ വേഷം ചെയ്യാൻ ആഗ്രഹമുണ്ട്. എന്റെ ജോലി മാത്രമല്ല ഞാൻ, പക്ഷേ അത് എന്നെ ആവേശം കൊള്ളിക്കുന്നു. നിങ്ങളെ ആവേശം കൊള്ളിക്കുന്ന എന്തെങ്കിലും കണ്ടെത്തുക. നിങ്ങളുടെ വഴി, നിങ്ങളുടെ ലക്ഷ്യം, നിങ്ങളുടെ സ്വപ്നം എന്നിവ കണ്ടെത്തുക. എന്നിട്ട് അതിനായി ഇറങ്ങിത്തിരിക്കുക. പൂർണമനസോടെ അതിനായി പരിശ്രമിക്കുക.

മൂന്നാമതായി, സുഹൃത്തുക്കളെ വിവേകപൂർവം തിരഞ്ഞെടുക്കുക. നിങ്ങൾ ചേരുന്ന ആളുകളെ കണ്ടെത്തുക. അവർക്ക് നിങ്ങളെ കണ്ടെത്താൻ അവസരം നൽകുക. ശേഷം, നിങ്ങളെ അവർക്ക് സമർപ്പിക്കുക. അവരിൽ മികച്ചവർ, യാതൊരു മുൻവിധിയോ നിബന്ധനകളോ ചോദ്യങ്ങളോ ഇല്ലാതെ, നിങ്ങൾക്ക് തിരിച്ച് സ്നേഹം തരും. എന്റെ പ്രിയപ്പെട്ട കുടുംബത്തോടും സുഹൃത്തുക്കളോടും ഞാൻ അത്രമേൽ കടപ്പെട്ടിരിക്കുന്നു. ഓരോരുത്തരും എനിക്കായി മുന്നോട്ടുവന്നു. എനിക്ക് പണ്ട് ചെയ്തിരുന്ന ചെറിയ കാര്യങ്ങൾ പോലും ഇപ്പോൾ ചെയ്യാൻ കഴിയില്ല. എനിക്ക് വണ്ടി ഓടിക്കാനോ, ജിമ്മിൽ പോകാനോ, കോഫി കുടിക്കാനോ, പുറത്ത് കറങ്ങാനോ സാധിക്കില്ല. എന്നാൽ പകരം വഴികൾ സ്വീകരിക്കാൻ ഞാൻ പഠിച്ചു. എന്റെ സുഹൃത്തുക്കൾ എന്നെ കാണാൻ വരുന്നു; ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു, കളി കാണുന്നു, പാട്ടുകൾ കേൾക്കുന്നു. അവർ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല; അവർ വരുന്നു. അവർ കൂടെയുണ്ട് എന്നത് തന്നെയാണ് വലിയ കാര്യം. നിങ്ങളുടെ സുഹൃത്തുക്കളെ സർവസ്വവും നൽകി സ്നേഹിക്കുക. അവരെ ചേർത്തുപിടിക്കുക. അവർ നിങ്ങളെ സന്തോഷിപ്പിക്കും, വഴിനടത്തും, സഹായിക്കും, പിന്തുണയ്ക്കും, ചിലർ നിങ്ങളെ രക്ഷിക്കുകയും ചെയ്യും.

അവസാനമായി, നിങ്ങളുടെ സർവ കരുത്തും ഉപയോഗിച്ച് അന്തസോടെ പോരാടുക. ആരോഗ്യപരമായോ അല്ലാതെയോ ഉള്ള വെല്ലുവിളികൾ നേരിടുമ്പോൾ പോരാടുക. ഒരിക്കലും തളരരുത്. നിങ്ങളുടെ അവസാന ശ്വാസം വരെ പൊരുതുക. ഈ രോഗം മെല്ലെ എന്റെ ശരീരത്തെ കീഴടക്കുന്നുണ്ടാകാം, പക്ഷേ ഇതിന് ഒരിക്കലും എന്റെ ആത്മാവിനെ കീഴടക്കാൻ കഴിയില്ല. നിങ്ങൾ രണ്ടുപേരും വ്യത്യസ്തരാണ്, എന്നാൽ നിങ്ങൾ രണ്ടുപേരും കരുത്തരും തളരാത്തവരുമാണ്. ആ അതിജീവനശേഷി നിങ്ങൾക്ക് എന്നിൽ നിന്ന് ലഭിച്ചതാണ്. അതാണ് എന്റെ സൂപ്പർ പവർ. നിങ്ങൾ എന്നെ താഴെയിട്ടാൽ, ഞാൻ ഉടനെ തിരികെ വരും. ഞാൻ വീണ്ടും വീണ്ടും എഴുന്നേൽക്കും. ഞാൻ ഒരു പൂച്ചയെപ്പോലെയാണെന്നാണ് മാർക്ക് പറയുന്നത്. ഒരു പൂച്ചയ്ക്ക് ഒൻപത് ജന്മങ്ങളുണ്ടെങ്കിൽ ഞാൻ ഇപ്പോൾ പതിനഞ്ചാമത്തെ ജന്മത്തിലാണ്. അതുകൊണ്ട് അപ്രതീക്ഷിതമായി എന്തെങ്കിലും തിരിച്ചടി ഉണ്ടായാൽ, അത് സംഭവിക്കും, കാരണം അതാണ് ജീവിതം, അതിനെ സത്യസന്ധതയോടെയും അന്തസോടെയും നേരിടുക. അത് മറികടക്കാൻ ആവാത്തതാണെന്ന് തോന്നിയാൽ പോലും.

ഏതൊരു സാഹചര്യത്തെയും നേരിടാൻ കഴിയുമെന്ന് ഞാൻ നിങ്ങൾക്ക് കാണിച്ചുതന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങളുടെ അവസാന നാളുകളെപ്പോലും നിങ്ങൾക്ക് നേരിടാം. നരകതുല്യമായ അവസ്ഥയെപ്പോലും അന്തസോടെ നേരിടാം. പോരാടുക മക്കളേ, തലയുയർത്തിപ്പിടിക്കുക. ബില്ലി, ജോർജിയ... നിങ്ങളാണ് എന്റെ ഹൃദയം. നിങ്ങളാണ് എനിക്ക് എല്ലാം. ശുഭരാത്രി. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ഇതാണ് എന്റെ അവസാന വാക്കുകൾ.

SCROLL FOR NEXT