ബിഗ് ബോസ് 19ന് വക്കീല്‍ നോട്ടീസ് Source: X
ENTERTAINMENT

ബിഗ് ബോസിന് വക്കീല്‍ നോട്ടീസ്; ഗാനങ്ങളുടെ പകർപ്പവകാശം ലംഘിച്ചതായി പരാതി

രണ്ട് കോടി രൂപ നഷ്ടപരിഹാരവും ലൈസന്‍സ് ഫീസും ആവശ്യപ്പെട്ടാണ് നോട്ടീസ്

Author : ന്യൂസ് ഡെസ്ക്

അനുമതിയില്ലാതെ ഗാനങ്ങള്‍ ഉപയോഗിച്ചതിന് ഹിന്ദി ബിഗ് ബോസ് 19 നിർമാതാക്കള്‍ക്ക് പകർപ്പവകാശ ലംഘനത്തിന് നോട്ടീസ്. ഇന്ത്യയില്‍ ഏറ്റവും പഴക്കം ചെന്ന പകർപ്പവകാശ ലൈസൻസിങ് സ്ഥാപനമായ ഫോണോഗ്രാഫിക് പെർഫോമൻസ് ലിമിറ്റഡ് (പിപിഎൽ) ആണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ട് കോടി രൂപ നഷ്ടപരിഹാരവും ലൈസന്‍സ് ഫീസുമാണ് പിപിഎല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഹൃത്വിക് റോഷന്‍ അഭിനയിച്ച 'അഗ്നിപതി'ലെ ചിക്നി ചമേലി, 'ഗോരി തേരി പ്യാർ മേനി'ലെ ദത് തേരി കീ മേന്‍ എന്നീ ഗാനങ്ങള്‍ പകർപ്പവകാശം ലംഘിച്ച് ഉപയോഗിച്ചു എന്നാണ് പരാതി. ബിഗ് ബോസ് 19ലെ 11ാം എപ്പിസോഡിലാണ് ഈ ഗാനങ്ങള്‍ ഉപയോഗിച്ചത്. സോണി മ്യൂസിക്ക് ഇന്ത്യയുടെ പക്കലാണ് രണ്ട് ഗാനങ്ങളുടെയും പകർപ്പവകാശമുള്ളത്. സോണിക്ക് വേണ്ടി ഇത് കൈകാര്യം ചെയ്യുന്നത് പിപിഎല്‍ ആണ്.

ബിഗ് ബോസ് നിർമാതാക്കളായ എൻഡെമോൾ ഷൈൻ ഇന്ത്യക്കും ബനിജയ്ക്കുമാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഹോമാസ് ഗൗസെറ്റ്, നിക്കോളാസ് ചസറൈൻ, ദീപക് ധർ എന്നിവരുടെ പേരിലാണ് നോട്ടീസ്.

അനുമതിയില്ലാതെ ഗാനങ്ങള്‍ ഉപയോഗിച്ചുവെന്ന് തെളിഞ്ഞാല്‍ അത് പകർപ്പവകാശ ലംഘനമായി കണക്കാക്കും. നഷ്ടപരിഹാരം തുകയ്ക്കും ലൈസൻസ് ഫീസിനും പുറമേ അനുമതിയില്ലാതെ സൗണ്ട് റെക്കോർഡിങ്ങുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നുണ്ട്.

ഓഗസ്റ്റ് 24 മുതൽ ആണ് ജിയോ ഹോട്ട്സ്റ്റാറില്‍ ബിഗ് ബോസ് 19 പ്രദർശനം ആരംഭിച്ചത്. എപ്പിസോഡുകള്‍ ആദ്യം ഒടിടിയിലും പിന്നീട് ഒന്നര മണിക്കൂറിന് ശേഷം കളേഴ്സ് ടിവിയില്‍ പ്രീമിയർ ചെയ്യുന്ന രീതിയിലുമാണ് ഈ വർഷം ക്രമീകരിച്ചിരിക്കുന്നത്. ഏകദേശം 150 കോടി രൂപയാണ് ഷോയുടെ അവതാരകനായ സല്‍മാന്‍ ഖാന്റെ പ്രതിഫലം എന്നാണ് റിപ്പോർട്ടുകള്‍. വീക്കന്‍ഡ് എപ്പിസോഡുകള്‍ക്ക് മാത്രം നടന്‍ 8-10 കോടി രൂപ വാങ്ങുന്നതായാണ് പുറത്തു വരുന്ന വിവരം.

SCROLL FOR NEXT