പ്രതീകാത്മക ചിത്രം, എഐ നിർമിതം 
ENTERTAINMENT

മധ്യപ്രദേശിലെ സർക്കാർ സ്കൂളിൽ 'ധുരന്ധർ' സ്ക്രീനിങ്; 'എ' സർട്ടിഫിക്കറ്റ് ചിത്രം പ്രദർശിപ്പിച്ചതിൽ പരാതി

വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

മധ്യപ്രദേശിലെ സർക്കാർ സ്കൂളിൽ 'എ' സർട്ടിഫിക്കേഷനുള്ള ബോളിവുഡ് ചിത്രം 'ധുരന്ധർ' പ്രദർശിപ്പിച്ചതായി പരാതി. മൈഹാർ ജില്ലയിലുള്ള സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. വിഷയത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.

ജൂലൈ 31ന് റെക്കോർഡ് ചെയ്തതെന്ന് കരുതപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഡിജിറ്റൽ ബോധവൽക്കരണത്തിനും പഠന നിലവാരം ഉയർത്തുന്നതിനുമായി ക്ലാസ് മുറികളിൽ സ്ഥാപിച്ചിട്ടുള്ള എൽഇഡി സ്ക്രീനിൽ സിനിമാ പ്രദർശനം നടക്കുന്നതാണ് വീഡിയോ. വിവിധ ക്ലാസുകളിലെ വിദ്യാർഥികൾ സിനിമ കാണുന്നതും അവർക്കൊപ്പം ഒരു അധ്യാപകനേയും വീഡിയോയിൽ കാണാം. ഞായറാഴ്ചയാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

പ്രദേശവാസികൾ മുഖ്യമന്ത്രിയുടെ ഹെൽപ്പ് ലൈൻ വഴി പൊലീസിലും വിദ്യാഭ്യാസ വകുപ്പിലും പരാതി നൽകി.കുട്ടികളുടെ പഠന നിലവാരം ഉയർത്താനാണ് ഡിജിറ്റൽ ബോർഡുകൾ നൽകിയിരിക്കുന്നതെന്നും അത് ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ ഭാവി തകർക്കുമെന്നുമാണ് നാട്ടുകാരുടെ പരാതി.

സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) സലോനി ശർമ അറിയിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഡിഇഒ വ്യക്തമാക്കി.

SCROLL FOR NEXT