കൊച്ചി: നടി മാളവിക മോഹനനും ബോളിവുഡ് നടൻ വിക്കി കൗശലും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളാണ്. മുംബൈയിൽ അയൽവാസികളായിരുന്ന ഇവർ ഒരുമിച്ചാണ് ബാല്യകാലം ചെലവിട്ടത്. മാളവികയുടെ അച്ഛൻ പ്രശസ്ത ഛായാഗ്രാഹകൻ കെ.യു. മോഹനനും വിക്കിയുടെ അച്ഛൻ ആക്ഷൻ ഡയറക്ടർ ശ്യാം കൗശലും തമ്മിലുള്ള സൗഹൃദമാണ് ഇവരെ അടുപ്പിച്ചത്. രൺവീർ അലഹബാദിയയുടെ പോഡ്കാസ്റ്റിൽ, കുട്ടിക്കാലത്തെ രസകരമായ ഓർമകൾ പങ്കുവച്ച നടി വിക്കിയുമായുള്ള തന്റെ ദീർഘകാല സൗഹൃദത്തെക്കുറിച്ചും മനസുതുറന്നു.
"ഞങ്ങൾ അയൽക്കാരായിരുന്നു. എന്റെ ജീവിതത്തിലെ ആദ്യത്തെ സുഹൃത്താണ് വിക്കി. എനിക്ക് ഒരു വയസും വിക്കിക്ക് ആറോ ഏഴോ വയസും ഉള്ളപ്പോഴാണ് ഞങ്ങൾ സുഹൃത്തുക്കളാകുന്നത്," മാളവിക പറഞ്ഞു. തന്റെ അമ്മ ഉണ്ടാക്കുന്ന മലയാളി വിഭവങ്ങൾ വിക്കിക്ക് വളരെ ഇഷ്ടമായിരുന്നെന്നും മാളവിക ഓർമിച്ചു.
വിക്കി കൗശൽ ഒരു വലിയ താരമായി മാറുമെന്ന് കുട്ടിക്കാലത്ത് ചിന്തിച്ചിരുന്നോ എന്ന ചോദ്യത്തിന് 'കുട്ടിക്കാലത്ത് അങ്ങനെ ആരെങ്കിലും വിചാരിക്കുമോ' എന്നായിരുന്നു മാളവികയുടെ മറുപടി. ചെറുപ്പത്തിൽ തന്നെ വിക്കി നല്ലൊരു ഡാൻസറായിരുന്നു എന്ന് മാളവിക പറഞ്ഞു. "കുട്ടിക്കാലത്ത് ജന്മദിന ആഘോഷങ്ങളിൽ ഞങ്ങൾ 'പാസിങ് ദ പാഴ്സൽ' കളിക്കാറുണ്ടായിരുന്നു. അപ്പോൾ ഞങ്ങൾക്കെല്ലാം കഴിവുള്ള കാര്യങ്ങൾ ഞങ്ങൾ ചെയ്യും. അവനെ സംബന്ധിച്ചിടത്തോളം അത് എപ്പോഴും ഡാൻസായിരുന്നു. മറ്റുള്ളവരെ ആകർഷിക്കുന്ന ഒരു ഡാൻസറായിരുന്നു അവൻ," എന്നാണ് മാളവിക പറഞ്ഞത്.
പ്രഭാസിനൊപ്പമുള്ള 'ദ രാജാ സാബ്' ആണ് മാളവികയുടെ ഏറ്റവും പുതിയ ചിത്രം. മാരുതി സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം ജനുവരി ഒൻപതിന് ആണ് റിലീസ് ആയത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം തിയേറ്ററുകളിൽ എത്തിയ മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം 'ഹൃദയപൂർവ'ത്തിലും ഒരു പ്രധാന വേഷത്തിൽ മാളവിക എത്തിയിരുന്നു.