ചോറ്റാനിക്കര പവിഴമല്ലിത്തറയില്‍ ജയറാം Source: News Malayalam 24x7
ENTERTAINMENT

പവിഴമല്ലിത്തറയില്‍ 'പഞ്ചാരി'യുമായി ജയറാം; 12ാം തവണയും മേളപ്രമാണിയായി താരം

ജയറാമിനൊപ്പം 150ഓളം കലാകാരന്മാരാണ് ഇത്തവണ മേളത്തിൽ പങ്കെടുത്തത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ചോറ്റാനിക്കര പവിഴമല്ലിത്തറയിൽ മേളം കൊട്ടിക്കയറുമ്പോൾ 'പഞ്ചാരി'യുമായി നടൻ ജയറാമും ഉണ്ടാവും. ഇത്തവണയും ആ പതിവ് തെറ്റിയില്ല. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ പഞ്ചാരിമേളത്തോടുകൂടിയ എഴുന്നള്ളിപ്പ് നടന്നത്. ഇത് 12ാം തവണയാണ് പവിഴമല്ലിത്തറയിൽ ജയറാം മേളപ്രമാണിയാകുന്നത്.

കൊട്ടിക്കയറുന്ന പഞ്ചാരിയുടെ കാലങ്ങൾ മാറിയപ്പോൾ പ്രായ ഭേദമന്യെ അസ്വാദകരുടെ തിരക്കും കൂടി. നവരാത്രിയുടെ എട്ടാം നാൾ ജയറാം പ്രമാണിയാകുന്ന പവിഴമല്ലിത്തറ മേളം കഴിഞ്ഞ 12 വർഷമായി നടന്നു വരികയാണ്. ഓരോ തവണ ചോറ്റാനിക്കരയിൽ എത്തുമ്പോഴും പ്രത്യേക അനുഭവമാണെന്നും ദേവിയുടെ മുന്നിൽ മേളം കൊട്ടാൻ ലഭിച്ചത് വലിയ ഭാഗ്യമാണെന്നും സിനിമ താരം പറഞ്ഞു. ഇത്തവണ ഗുരുവിനെ കണ്ടതിന്റെ സന്തോഷവും നടന്റെ മുഖത്തുണ്ട്.

ശീവേലിക്ക് മൂന്ന് ഗജവീരന്മാരും മേളക്കാരും അണിനിരക്കുന്നതിന് മുൻപ് തന്നെ ചോറ്റാനിക്കര ദേവീ ക്ഷേത്രാങ്കണം കാഴ്ചക്കാരെകൊണ്ട് നിറഞ്ഞിരുന്നു. ജയറാമിനൊപ്പം 150ഓളം കലാകാരന്മാരാണ് ഇത്തവണ മേളത്തിൽ പങ്കെടുത്തത്.

ദുർഗാഷ്ടമി ദിനത്തിൽ ആയിരക്കണക്കിന് ഭക്തരാണ് ചോറ്റാനിക്കര ക്ഷേത്രത്തിൽ എത്തിയത്. നാളെയാണ് മഹാനവമി ആഘോഷം. രാവിലെ ഒന്‍പതിന് പെരുവനം കുട്ടന്മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളത്തോട് കൂടി ശീവേലിയും രാത്രി 8:30ന് ചോറ്റാനിക്കര വിജയൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യത്തോട് കൂടി വിളക്കിന് എഴുന്നള്ളിപ്പും നടക്കും. വിജയദശമി ദിവസമായ വ്യാഴാഴ്ച 8.30നാണ് പൂജയെടുപ്പും വിദ്യാരംഭവും.

SCROLL FOR NEXT