ലോക ചാപ്റ്റർ വണ്‍ - ചന്ദ്ര, ശിപ്പായി ലഹള 
ENTERTAINMENT

ഏതാണ് ഈ ബ്രിട്ടോളി കമ്പനി? 'ലോക'യിലെ 'മുകേഷ്' റെഫറൻസ്

സിനിമയിലെ ഡയറക്ടേഴ്‌സ് ബ്രില്ലൻസുകൾ ഓരോന്നായി അക്കമിട്ട് നിരത്തുകയാണ് സോഷ്യൽ മീഡിയ

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ബോക്സ്ഓഫീസിലെ വിജയം ഒടിടിയിലും ആവർത്തിക്കുകയാണ് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര'. കളക്ഷന്‍ റെക്കോർഡുകള്‍ തിരുത്തിക്കുറിച്ച ചിത്രം മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റാണ്. ഒടിടിയിൽ സ്ട്രീം ചെയ്യാൻ തുടങ്ങിയതോടെ സിനിമയിലെ ഡയറക്ടേഴ്‌സ് ബ്രില്ലൻസുകൾ ഓരോന്നായി അക്കമിട്ട് നിരത്തുകയാണ് സോഷ്യൽ മീഡിയ.

'ലോക'യിലെ 'ഗേള്‍ നെക്സ്റ്റ് ഡോർ' എലമെന്റ് പ്രിയദർശന്റെ 'വന്ദനം' എന്ന സിനിമയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണെന്ന് സംവിധായകൻ ഡൊമനിക് അരുണ്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ലോകയിലെ പഴയ മലയാള സിനിമ റെഫറന്‍സുകൾ ഇതില്‍ തീരുന്നില്ല. സിനിമയിലെ ഒരു ഘട്ടത്തില്‍ ഏത് കമ്പനിയിലാണ് ജോലി ചെയ്യുന്നത് എന്ന ചോദ്യത്തിന് നെസ്‌ലന്റെ 'സണ്ണി' എന്ന കഥാപാത്രം മറുപടി നല്‍കുന്നത് 'ബ്രിട്ടോളി' എന്നാണ്. ഈ 'ബ്രിട്ടോളി' വെറുതെ വന്നതല്ലെന്നും അതൊരു റെഫറന്‍സ് ആണെന്നുമാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

1995ല്‍ റിലീസ് ആയ 'ശിപ്പായി ലഹള' എന്ന സിനിമയില്‍ ആവർത്തിച്ചു കേള്‍ക്കുന്ന പേരാണ് ബ്രിട്ടോളി കമ്പിനി. മുകേഷ്, ശ്രീനിവാസൻ എന്നിവരാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. സിനിമയിലെ മുകേഷിന്റെ കഥാപാത്രത്തെ കളിയാക്കി ബ്രിട്ടോളി എന്ന് വിളിക്കുന്നതും കേള്‍ക്കാം. ഇതില്‍ നിന്നാണ് 'ലോക'യിലെ ബ്രിട്ടോളി വന്നത് എന്നാണ് നെറ്റിസണ്‍സ് പറയുന്നത്. 'ലോക'യുടെ അടുത്ത പാർട്ട് ബ്രിട്ടോളി എന്ന പേരില്‍ ഇറക്കണമെന്നും അതിൽ മുകേഷിനെ നായകനാക്കണമെന്നും കമന്റ് സെക്ഷനുകളില്‍ കാണാം.

അഞ്ച് ഭാഗങ്ങള്‍ ഉള്ള ഒരു മെഗാ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ കല്യാണി പ്രിയദർശന്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നസ്‍ലൻ, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും നിര്‍ണായക വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം അതിഥി വേഷത്തിൽ ദുല്‍ഖര്‍ സല്‍മാന്‍, ടോവിനോ തോമസ് എന്നിവരും എത്തുന്നു. ടൊവിനോയെ നായകനാക്കിയാണ് 'ലോകയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നത്.

SCROLL FOR NEXT