ENTERTAINMENT

മൂന്ന് സംവിധായകർ, മൂന്ന് കുറുപ്പ്! വില്ലനായും നായകനായും മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ട പിടികിട്ടാപ്പുള്ളി

ഒരു സിനിമാക്കഥപോലെ ട്വിസ്റ്റും ടേണും നിറഞ്ഞതായിരുന്നു ചാക്കോ കൊലപാതകവും സുകുമാര കുറുപ്പിന്റെ ജീവിതവും

Author : ശ്രീജിത്ത് എസ്

സുകുമാര കുറുപ്പ് എവിടെ? ഈ ചോദ്യം പലകുറി ചോദിച്ചവരാണ് മലയാളികൾ. കൃത്യമായി പറഞ്ഞാൽ, 1984 ജനുവരി 22ന് മാവേലിക്കരയ്ക്കടുത്ത് കുന്നം എന്ന സ്ഥലത്തുള്ള ഒരു വയലിൽ, കത്തിയമർന്ന കറുത്ത അംബാസഡർ കാറിനുള്ളിൽ നിന്ന് കണ്ടെത്തിയ മൃതദേഹം കുറുപ്പിന്റേതല്ല എന്ന് തിരിച്ചറിഞ്ഞ അന്നുമുതൽ. മരിച്ചത് എൻ.ജെ ചാക്കോ എന്ന ഫിലിം റപ്രസന്റേറ്റീവ് ആണെന്നും ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി കുറുപ്പ് ആസൂത്രണം ചെയ്ത മരണനാടകത്തിന്റെ ഫൈനൽ ആക്ടായിരുന്നു അതെന്നും വ്യക്തമായപ്പോൾ മലയാളികൾ ഞെട്ടി. "എന്നാലും കുറുപ്പേ..?" എന്ന് നെടുവീർപ്പിട്ടു. കുറുപ്പിന്റെ അറസ്റ്റിനായി കാത്തിരുന്നു. പക്ഷേ അതുണ്ടായില്ല. അയാളെ പൊലീസിന് കിട്ടിയില്ല. തുടർന്നുള്ള വർഷങ്ങൾ, ഇന്റർപോൾ വരെ തിരയുന്ന പിടികിട്ടാപ്പുള്ളി എന്ന കുപ്രസിദ്ധി ആ കൊലപാതകിക്ക് നേടിക്കൊടുത്തു. അന്യദേശങ്ങളിൽ അസ്വാഭാവികമായി പെരുമാറുന്ന മുഖങ്ങളിൽ മലയാളി അയാളെ തിരഞ്ഞു.

ഒരു സിനിമാക്കഥപോലെ ട്വിസ്റ്റും ടേണും നിറഞ്ഞതായിരുന്നു ചാക്കോ കൊലപാതകവും സുകുമാര കുറുപ്പിന്റെ ജീവിതവും. പലതരം വായനകൾക്ക് സാധ്യതയുള്ള ഒന്ന്. അതുകൊണ്ടാകണം കുറുപ്പിന്റെ ഈ പ്രതിനായക ജീവിതം പല കാലങ്ങളിൽ പല ശൈലിയിൽ മലയാളത്തിൽ സിനിമയായി. 1984ൽ എൻഎച്ച് 47, 2016ൽ പിന്നെയും, 2021ൽ കുറുപ്പ്. ഓരോ വട്ടവും ഈ 'അറിയുന്ന കഥ' കാണാൻ പ്രേക്ഷക‍ർ തിയേറ്ററുകളിലേക്ക് എത്തി.

ലിസ പോലുള്ള ശ്രദ്ധേയ സിനിമകളൊരുക്കിയ ബേബി സംവിധാനം ചെയ്ത ചിത്രമാണ് എൻഎച്ച് 47. ചാക്കോ കൊലപാതകം നടന്ന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് ഈ ചിത്രം പുറത്തുവരുന്നത്. അന്ന് ഇന്നുള്ള പരിവേഷങ്ങളൊന്നും കുറുപ്പിനില്ല. അക്കാലത്ത് വില്ലൻ വേഷങ്ങളിൽ തിളങ്ങി നിന്നിരുന്ന ടി.ജി. രവിയാണ് കുറുപ്പിന്റെ സിനിമാറ്റിക് വേ‍ർഷനായ സുധാകരൻ പിള്ളയായി എത്തിയത്. അയാൾ കൊലപ്പെടുത്തുന്ന റഹീം എന്ന മെഡിക്കൽ റപ്രസന്റേറ്റീവായി സുകുമാരനും. പാപ്പനംകോട് ലക്ഷ്മണന്റെ തിരക്കഥ വലിയ ട്വിസ്റ്റുകളോ കള്ളനും പൂച്ചയും കളിയോ ഒന്നുമുള്ളതായിരുന്നില്ല. സുധാകരൻ പിള്ള അധിക കാലം ഒളിവിൽ കഴിയുന്നുമില്ല. ഒളിവുജീവിതം മതിയാക്കി അയാൾ ഒരു വക്കീലിന്റെ വീട്ടിൽ ചെല്ലുന്നു. മുന്നിൽ നിൽക്കുന്ന കൊടുംകുറ്റവാളിയോട് വക്കീൽ ചോദിക്കുന്ന ആദ്യ ചോദ്യം രസകരമാണ് - "സുധാകരൻ പിള്ളയോ, എന്താ ഈ വഴിക്ക്?". ഫ്രണ്ട്ലിയായ വക്കീലിന് പിള്ള വലിയൊരു തുക വാ​ഗ്ദാനം ചെയ്യുന്നു. പക്ഷേ, ഒരു മനുഷ്യന് ചെയ്യാൻ പറ്റാത്ത കുറ്റങ്ങളാണ് നിങ്ങൾ ചെയ്തിരിക്കുന്നതെന്ന് പറഞ്ഞ് വക്കീൽ കയ്യൊഴിയുന്നു. വക്കിലീനോടും ഡോക്ടറോടും കള്ളം പറയാൻ പാടില്ലാത്തതുകൊണ്ട് താനെന്തിന് ഈ ക്രൈം ചെയ്തുവെന്ന് പിള്ള തുറന്നുപറയുന്നു. പക്ഷേ, അപ്രതീക്ഷിതമായി അവിടേക്ക് പൊലീസ് വരുന്നു. പിന്നെ പറയണോ ചേസ് തന്നെ! ചേസിന് അവസാനം ബേബിയും ലക്ഷ്മണനും പിള്ളയെ നിയമത്തിനല്ല ആൾക്കൂട്ടത്തിനാണ് ഇട്ടുകൊടുത്തത്. സുകുമാര കുറുപ്പിന്റെ ജീവിതം ആദ്യമായി പറഞ്ഞ സിനിമയുടെ അവസാനം അയാളെ ജനം കല്ലെറിഞ്ഞു കൊല്ലുകയാണ്.

2016ലാണ് പിന്നീട് സുകുമാര കുറുപ്പിന്റെ കഥ ആസ്പദമാക്കിയ പ്രധാനപ്പെട്ട ഒരു സിനിമയിറങ്ങുന്നത്. അടൂ‍ർ ​ഗോപാലകൃഷ്ണന്റെ പിന്നെയും. അടൂ‍ർ സിനിമയിൽ കുറുപ്പ് ദിലീപ് അവതരിപ്പിച്ച പുരുഷോത്തമൻ നായരായി. ​ഇൻഷുറൻസ് പണത്തിനായി പുരുഷോത്തമനും കൊലപാതകിയാകുന്നു. പക്ഷേ, ഇതൊരു കുറ്റാന്വേഷണ സിനിമയല്ല. മറിച്ച് ഒരു കുറ്റവാളിയുടെ അന്ത‍ർസംഘ‍ർഷങ്ങളിലേക്കാണ് അടൂ‍ർ ക്യാമറ വച്ചത്. സ്വന്തം പേരും മുഖവും സ്വത്വവും നഷ്ടമാകുന്ന അയാൾ ആത്മഹത്യ ചെയ്യുന്നു. പാപത്തിന്റെ ശമ്പളം മരണം എന്ന ബൈബിൾ വചനത്തെ സ്വമേധയാ സ്വീകരിക്കുന്നു.

അടൂ‍ർ സിനിമകളിൽ ഏറ്റവും ദുർബലം എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. വിധേയൻ, എലിപ്പത്തായം, അനന്തരം പോലുള്ള സിനിമകളെടുത്ത അടൂർ എന്ന ചലച്ചിത്രകാരന്റെ നിഴൽ പോലും ഈ ചിത്രത്തിൽ കാണാൻ സാധിക്കില്ല. എല്ലാവരും മറന്ന് തുടങ്ങിയ കുറുപ്പിനെ വീണ്ടും ഒന്ന് സിനിമയാക്കി എന്ന് മാത്രമേ നമുക്ക് തോന്നൂ!

ഇവിടെ നിന്നും 2021ലേക്കെത്തിയാൽ, എങ്ങും ആ പേര് മാത്രം - സുകുമാര കുറുപ്പ്. കോവിഡിന് ശേഷം റിലീസായ കുറുപ്പ് എന്ന ബി​ഗ് ബജറ്റ് ചിത്രം അയാളുടെ കഥ മാസ് കൊമേഷ്യൽ ഫ്ലേവറുകൾ ചേ‍ർത്ത് വീണ്ടും ബി​ഗ് സ്ക്രീനിലേക്ക് എത്തിച്ചു. ജിതിൻ കെ ജോസിന്റെ തിരക്കഥയിൽ ദുൽഖ‍ർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയ കുറുപ്പിൽ നെ​ഗറ്റീവ് ഷേഡിലാണ് കാണിക്കുന്നതെങ്കിൽ കൂടി ഒരു മോഡേൺ മിത്തിന്റെ ഭാവം കേന്ദ്ര കഥാപാത്രത്തിന് കൈവരുന്നുണ്ട്.

സിനിമയുടെ അവസാനം എല്ലാ വലകളും തകർത്ത് അയാൾ അപ്രത്യക്ഷനാകുന്നു. മാസ് ബിജിഎമ്മിൽ സ്റ്റൈലിഷ് ലുക്കിൽ വന്ന ദുൽഖറിന്റെ ഡയലോ​ഗുകൾക്ക് ആരാധക‍ർ കയ്യടിച്ചു. തിയേറ്ററുകളിൽ നിന്നിറങ്ങിയവർ കുറുപ്പ് പൊളിച്ചു എന്ന് പോസ്റ്റിട്ടു. ചിത്രം ​ഗംഭീര കളക്ഷനും സ്വന്തമാക്കി. അപ്പോഴും സുകുമാര കുറുപ്പ് പൊലീസ് ഫയലുകളിൽ പിടികിട്ടാപ്പുള്ളിയാണ്. മരിച്ചെന്ന് ചിലർ, അല്ല ജീവിച്ചിരിപ്പുണ്ടെന്ന് മറ്റുചിലർ. കുറുപ്പ് സിനിമയ്‌ക്കായി ഏങ്ങണ്ടിയൂ‍ർ ചന്ദ്രശേഖരൻ രചിച്ച വരികളിൽ പറഞ്ഞാൽ ഏതോതോ കഥയിലെ വേടനായി, ശാപമായി കുറുപ്പ് എന്ന പേര് ഇങ്ങനെ വീണ്ടും വീണ്ടും നമ്മളിലേക്ക് എത്തുന്നു. ഇനിയും ചാക്കോ കൊലപാതകം സിനിമയായേക്കും. പക്ഷേ, ആ സിനിമകൾ ഒരു കാര്യം മറക്കാൻ പാടില്ല - ആ കഥയിലെ പ്രതിനായകനാണ് സുകുമാര കുറുപ്പ്!

SCROLL FOR NEXT