അല്ലു അർജുന് ഒപ്പം ശിവ ഹരിഹരൻ Source: Instagram / shivahariharanofficial
ENTERTAINMENT

"അല്ലു അർജുൻ കൂൾ ആണ്, ഫോട്ടോ വേണോയെന്ന് ഇങ്ങോട്ട് വന്ന് ചോദിച്ചു"; '42 നിബന്ധനകൾ' വെറും 'നുണക്കഥ'യെന്ന് ശിവ ഹരിഹരൻ

അല്ലു അർജുന്റെ '42 നിബന്ധനകളാണ്' കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓൺലൈനിൽ ചർച്ചാ വിഷയം

Author : ന്യൂസ് ഡെസ്ക്

കൊച്ചി: തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ '42 നിബന്ധനകളാണ്' കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓൺലൈനിൽ സംസാരവിഷയം. 'സ്വീകൃതി ടോക്സ്' എന്ന പോഡ്കാസ്റ്റിൽ ബ്രാൻഡ് സ്ട്രാറ്റജിസ്റ്റ് കാവേരി ബറുവയാണ് താരവുമായി ഇടപെടുമ്പോൾ '42 നിബന്ധനകൾ' പാലിക്കണം എന്ന് വെളിപ്പെടുത്തിയത്. ഇതോടെ സൈബർ ഇടങ്ങളിൽ ഈ ഉപാധികളെപ്പറ്റിയായി ചർച്ച. വിമർശനങ്ങൾക്ക് പിന്നാലെ സിനിമാ മേഖലയിൽ നിന്നും നിരവധി പേർ അല്ലു അർജുനെ പിന്തുണച്ച് രംഗത്തെത്തി. ഇപ്പോഴിതാ, മലയാളി താരം ശിവ ഹരിഹരനും ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നു.

കാവേരിയുടെ അവകാശവാദങ്ങൾ ശിവ ഹരിഹരൻ തള്ളിക്കളഞ്ഞു. ഇവ വെറും 'നുണക്കഥകളാണ്' എന്നാണ് നടൻ പറയുന്ന്. "അദ്ദേഹത്തിന്റെ '42 നിബന്ധനകളെ' കുറിച്ചുള്ള കിംവദന്തികളെപ്പറ്റി ഒരുപാട് ആരാധകർ മെസേജ് അയക്കുന്നുണ്ട് - അതൊക്കെ വെറും നുണക്കഥകളാണ്! ഞാൻ കൂടെ ജോലി ചെയ്തിട്ടുള്ളവരിൽ ഏറ്റവും ശാന്തനും ദയാലുവുമായ നടന്മാരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ ചോദിക്കാൻ ഞങ്ങൾക്ക് മടിയായിരുന്നു. എന്നാൽ അദ്ദേഹം അത് മനസിലാക്കി, ഞങ്ങൾക്ക് ഫോട്ടോ വേണോ എന്ന് ഇങ്ങോട്ട് വന്ന് ചോദിക്കുകയും ഷൂട്ടിങ് കഴിഞ്ഞിട്ടും ഞങ്ങൾക്ക് വേണ്ടി കാത്തുനിൽക്കുകയും ചെയ്തു. ഞങ്ങൾക്ക് ഫോട്ടോ ലഭിച്ചു എന്ന് ഉറപ്പുവരുത്താൻ അദ്ദേഹം മാനേജർമാരെ അയക്കുകയും ചെയ്തു! 'ഹാപ്പി' എന്ന സിനിമ മുതൽ അദ്ദേഹത്തിന്റെ ആരാധകരായ മറ്റേതൊരു മലയാളിയെയും പോലെ, ഇപ്പോൾ എന്റെ ആരാധന ഇരട്ടിയായിരിക്കുകയാണ്!," എന്നാണ് ശിവ ഹരിഹരൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. തമ്പ്സ് അപ്പ് എന്ന ശീതളപാനീയ ബ്രാൻഡിന്റെ പരസ്യചിത്രീകരണത്തിനിടെ അല്ലു അർജുനൊപ്പം എടുത്ത ചിത്രങ്ങൾ സഹിതമായിരുന്നു പോസ്റ്റ്.

'അല്ലു അർജിന്റെ കണ്ണിലേക്ക് നോക്കരുത്', 'ഹസ്തദാനം ചെയ്യരുത്’ തുടങ്ങി 42 നിബന്ധനകളാണ് അല്ലു അർജുന്റെ ടീം ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് കാവേരി ബറുവ പോഡ്കാസ്റ്റിൽ പറഞ്ഞത്. ഈ ക്ലിപ്പ് വൈറലായതിനു പിന്നാലെ 'അല്ലു അർജുന്റെ നിബന്ധനകൾ' എന്ന പേരിൽ ഒരു പിആർ നോട്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നടനുമായി ഹസ്തദാനം പാടില്ല, പോക്കറ്റിൽ കയ്യിടരുത്, കൂടിക്കാഴ്ചയിൽ കടും നിറമുള്ള വസ്ത്രങ്ങൾ ഉപയോഗിക്കാൻ പാടില്ല എന്നിങ്ങനെ പോകുന്നു ഈ നിബന്ധനകൾ. എന്നാൽ, അല്ലു അർജുന്റെ ടീം ഈ ആരോപണങ്ങൾ എല്ലാം നിഷേധിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് ഇവർ പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.

അതേസമയം, അറ്റ്‌ലി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ തിരക്കുകളിലാണ് അല്ലു അർജുൻ. 'AA22xA6' എന്ന് താൽക്കാലികമായി അറിയപ്പെടുന്ന ഈ ചിത്രത്തിൽ ദീപിക പദുകോൺ ആണ് നായിക. ഇതിനു ശേഷം, ലോകേഷ് കനകരാജ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

SCROLL FOR NEXT