സോഷ്യൽ മീഡിയ ഫീഡുകളിൽ ഇപ്പോൾ എവിടെ തിരിഞ്ഞാലും കോപ്പർ വിയാണ്. ആലോചനയിൽ മുഴുകിയ കോപ്പർ, വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന കോപ്പർ, കൈകൾ കൂപ്പി പീസ് മൂഡിൽ നിൽക്കുന്ന കോപ്പർ. അങ്ങനെ സർവം കോപ്പർ മയം! ഇതെന്ത് 'ചെമ്പ്' എന്ന് ആലോചിച്ച് തലപുകയ്ക്കേണ്ട. കാര്യം നിസാരമാണ്. മലയാളികൾക്ക് ചിരപരിചിതനായ ചെമ്പൻ വിനോദ് ജോസാണ് ഈ പ്രതിഭാസം. നമ്മുടെ ചെമ്പനേ..!
നടൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പേരെടുത്ത താരത്തെയാണ് കോപ്പർ V എന്ന് സോഷ്യൽ മീഡിയ ആരാധനയോടെ വിളിക്കുന്നത്. സംശയമുണ്ടെങ്കിൽ നടനിടുന്ന ഇൻസ്റ്റഗ്രാം പോസ്റ്റുകളുടെ കമന്റ് സെക്ഷനിലൂടെ ഒന്ന് കണ്ണോടിക്കൂക. 'വളരുമ്പോൾ കോപ്പർ Vയെപ്പോലെ കൂൾ ആകണം' എന്ന് മോഹിക്കുന്നവരെ മുതൽ '916 പരിശുദ്ധിയുള്ള ചെമ്പ്' എന്ന് കുറിക്കുന്നവരെ വരെ കാണാം.
എന്താകും ചെമ്പിലേക്ക്, അല്ല, ചെമ്പനിലേക്ക് സോഷ്യൽ മീഡിയയെ ആകർഷിച്ചത്? ഒറ്റ ഉത്തരമേ അതിനുള്ളു - പ്രായമേറുമ്പോൾ ഏറിവരുന്ന സ്വാഗ്. എല്ലാവരും ചെയ്യുന്ന പോലെ തന്റെ നിത്യജീവിതത്തിലെ ചില നിമിഷങ്ങൾ ചെമ്പനും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.വെറുതെ 'ചിൽ' ചെയ്യുന്ന ചിത്രങ്ങൾ. പലതിലും നടനുണ്ടാകില്ല. ചെമ്പന്റെ കാഴ്ചകളാകും ഉണ്ടാകുക. പശ്ചാത്തലമായി നല്ല കിടിലൻ ട്രാക്കുകളും. ഈ പ്ലേലിസ്റ്റും ചെമ്പന്റെ ഏസ്തെറ്റിക്സും ഓറ ഫാമിങ്ങുമാണ് ആരാധകരെ 'കോപ്പർ യൂണിവേഴ്സ്' കെട്ടിപ്പടുക്കാൻ പ്രേരിപ്പിച്ചത്. പതിവ് പോലെ ഏതെങ്കിലും ഒരു കമന്റിൽ നിന്നാകണം ഈ വിളിയുടെ പിറവി.
'കോപ്പർ' തരംഗമുണ്ടാകുന്നതിന് മുൻപ് തന്നെ സോഷ്യൽ മീഡിയ ഭരിക്കുന്ന മറ്റൊരാളുണ്ട്, ഒരു റോക്ക് സ്റ്റാർ - 'അംബാഡി'. 'അംബിക ബാഡി'യുടെ ചുരുക്കെഴുത്താണിത്. സ്വന്തം വ്യക്തിത്വത്തിൽ വലിയ ആത്മവിശ്വാസവും തന്റേടവുമുള്ളവരെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ സ്ലാങ് ആണ് ബാഡി (Baddie). ഈ ബാഡി അംബികയുമായി ചേർന്നപ്പോൾ 'അംബാഡി'യായി.
ആരാണ് ഈ 'ബാഡി'യെന്ന് അറിഞ്ഞാൽ സീരിയൽ പ്രേമികൾ ഒന്ന് ഞെട്ടിയേക്കും. സാക്ഷാൽ നടി അംബിക മോഹൻ.
നിറഞ്ഞ കണ്ണുകളുമായി, സ്ക്രീനിൽ അമ്മ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന അംബിക എങ്ങനെ ബാഡിയായി എന്ന് ചിലരെങ്കിലും അത്ഭുതപ്പെട്ടേക്കാം. എന്നാൽ, നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ കണ്ടിട്ടുള്ളവർക്ക് കാര്യമറിയാം.
നെറ്റിയിൽ കുറിവരച്ച്, കേരള സാരിയുടുത്ത് നിൽക്കുന്ന നിരവധി ചിത്രങ്ങളും റീലുകളും അംബിക ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. ഇതിൽ എന്ത് 'ബാഡിത്തരം' എന്നാണോ? അതറിയണമെങ്കിൽ ഇവയ്ക്ക് നടി ഉപയോഗിച്ചിരിക്കുന്ന പാട്ടുകൾ കേട്ടുനോക്കണം. ഡ്രേക്കിന്റെയും എമിനത്തിന്റെയും കിടിൻ റാപ്പ് സോങ്ങുകളാണ് അംബികയുടെ പോസ്റ്റുകളുടെ പശ്ചാത്തലത്തിൽ മുഴുങ്ങികേൾക്കുക. ഇനി ഏതെങ്കിലും പഴയ മലയാളം പാട്ടാണ് റീലിന് ഉപയോഗിക്കുന്നതെങ്കിൽ 'എമിനം ഇല്ലെങ്കിൽ ലൈക്കില്ല' എന്ന് പരിഭവിക്കുന്നവരെ കൊണ്ട് കമന്റ് സെക്ഷൻ നിറയും. അതിപ്പോൾ ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാ സാഗറിന്റെ ഇണമിട്ട പാട്ടാണെങ്കിലും നൊസ്റ്റാൾജിയ ഭക്ഷിച്ച് ജീവിക്കുന്ന മലയാളി ഇക്കാര്യത്തിൽ അതെല്ലാം മറക്കും. ഇതോടെ സോഷ്യൽ മീഡിയ ഒറ്റക്കെട്ടായി ഒരു തീരുമാനത്തിലെത്തി - ഇനി അംബിക വേണ്ട അംബാഡി മതി. അത് കേറിയങ്ങ് കത്തി.
ജെൻ സികളെ വെല്ലുന്ന പ്ലേലിസ്റ്റുമായി അംബാഡി സോഷ്യൽ മീഡിയയെ തീപിടിപ്പിക്കുമ്പോഴാണ് കോപ്പർ വിയുടെ മാസ് എൻട്രി. ഇതോടെ ഇവർ എപ്പോൾ കൊളാബ് ചെയ്യുമെന്നായി ഫാൻസ്. അത് നടക്കുമോ എന്നറിയില്ല. പക്ഷേ, "നിർത്തിക്കൂടെ അങ്കിൾ", "പ്രായമായില്ലേ ആന്റി" എന്ന് പറഞ്ഞ് രോമാഞ്ചം കൊള്ളുന്ന ചിലരെങ്കിലും കുറച്ചിടയായി സൈലന്റ് ആയിട്ടുണ്ട്.