കൊച്ചി: മലയാള സിനിമയുടെ നെടുംതൂണുകളാണ് മമ്മൂട്ടിയും മോഹൻലാലും. മലയാളി പ്രേക്ഷകരെ അഭിനയം കൊണ്ട് മാത്രമല്ല, സൗഹൃദവും പരസ്പര ബഹുമാനവും കൊണ്ടും ഈ നടന്മാർ വിസ്മയിപ്പിച്ചിട്ടുണ്ട്. അത്തരം നിമിഷങ്ങൾ ഫാൻ ഫൈറ്റുകൾ മറന്ന് സിനിമാപ്രേമികൾ നെഞ്ചേറ്റിയിട്ടുമുണ്ട്. ഇപ്പോഴിതാ, അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ കുടുംബ സംഗമത്തിൽ മോഹൻലാലിനെ അഭിനന്ദിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
"എന്റെ സുഹൃത്തും നമ്മുടെ എല്ലാം ലാലേട്ടനുമായ മോഹൻലാലിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ആദരങ്ങൾ," എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. മോഹൻലാലിന്റെ ഗംഭീരമായൊരു ശിൽപ്പവും നടൻ അനാച്ഛാദനം ചെയ്തു. ഇരുവരും ഒരുമിച്ച് വേദി പങ്കിടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലാണ്. ഇന്ത്യൻ ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനേയും പത്മഭൂഷൺ ബഹുമതി ലഭിച്ച മമ്മൂട്ടിയേയും ചടങ്ങിൽ സഹപ്രവർത്തകർ ആദരിച്ചു.
2026ലെ എഎംഎംഎ കുടുംബ സംഗമം കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചാണ് നടന്നത്. മലയാള സിനിമയിലെ തന്നെ മുതിർന്ന അഭിനേതാവ് ടി.ജി. രവിയെ ചടങ്ങിൽ ഓണററി മെമ്പർഷിപ്പ് നൽകി ആദരിച്ചു. കേന്ദ്രമന്ത്രിയും എഎംഎംഎയുടെ ഒന്നാമത്തെ മെമ്പറുമായ സുരേഷ് ഗോപിയായിരുന്നു ഉദ്ഘാടനം.
എഎംഎംഎ പ്രസിഡന്റ് ശ്വേത മേനോൻ അധ്യക്ഷ ആയ ചടങ്ങിൽ ജനറൽ സെക്രട്ടറി കുക്കൂ പരമേശ്വരൻ സ്വാഗതം ആശംസിച്ചു. ഫെഫ്ക സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിൽ വിജയിച്ച എഎംഎംഎ വനിത ക്രിക്കറ്റ് ടീം നേടിയ ട്രോഫിയും ക്യാഷ് അവാർഡും ടീം ക്യാപ്റ്റൻ ബീന ആന്റണി, മോഹൻലാലിന്റെ സാന്നിധ്യത്തിൽ സംഘടനയ്ക്ക് കൈമാറി. സ്പോർട്സ്, പാചക മത്സരം, തുടങ്ങി മറ്റു വിവിധയിനം കലാപരിപാടികളും കുടുംബ സംഗമത്തിൽ അരങ്ങേറി.