എറണാകുളം ലോ കോളേജിലെ 1973-76 ബാച്ചിന്റെ റീ യൂണിയൻ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അതിന് കാരണം ഒരു പൂർവവിദ്യാർഥിയാണ്. ഈ ബാച്ചിലെ 'താരം' - പി.ഐ. മുഹമ്മദ് കുട്ടി. ഇന്ന് ആബാലവൃദ്ധ ജനങ്ങൾക്ക് ആ നിയമവിദ്യാർഥി മമ്മൂട്ടിയാണ്, മമ്മൂക്കയാണ്. തന്റെ ബാച്ചിന്റെ 50ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ റീയൂണിയനിൽ പങ്കെടുത്ത താരത്തിന്റെ വീഡിയോകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
1973–76 കാലഘട്ടത്തിലാണ് മമ്മൂട്ടി എറണാകുളം ലോ കോളജിൽ നിയമവിദ്യാർഥിയായിരുന്നത്. ബാച്ച് 50 വർഷം പൂർത്തിയാക്കിയ സന്തോഷം പങ്കിടാനാണ് സഹപാഠികൾക്ക് അരികിലേക്ക് മമ്മൂട്ടി ഓടിയെത്തിയത്. സുഹൃത്തുക്കളെ കണ്ട നിമിഷം അദ്ദേഹം പഴയ കൊളേജ് കുമാരനായി. നടൻ സഹപാഠികളോട് വിശേഷങ്ങൾ പറയുന്നതും അവർ തങ്ങളുടെ പ്രിയപ്പെട്ട മുഹമ്മദ്‌കുട്ടിയെ ചേർത്തുപിടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം; ഒരു 'കോളേജ് പയ്യന്റെ' ഊർജം ആ 75കാരനിൽ നിന്ന് പ്രസരിക്കുന്നതും.
എറണാകുളം മഹാരാജാസിലും ലോ കോളേജിലുമായിട്ടാണ് മമ്മൂട്ടി ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിയത്. കുറച്ചുകാലം മലപ്പുറം മഞ്ചേരിയിൽ ശ്രീധരൻ നായർ എന്ന പ്രശസ്ത അഭിഭാഷകന്റെ കീഴിൽ ജൂനിയർ വക്കീലായി ജോലി ചെയ്തു. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് വക്കീൽ കുപ്പായം അഴിപ്പിച്ചത്. ഇന്നും പല വേദികളിലും തന്റെ പഴയ കോളേജ് കാലത്തെക്കുറിച്ച് മമ്മൂട്ടി വാചാലനാകാറുണ്ട്.