കൊച്ചി: ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റഷീദ് പാറയ്ക്കല്‍ സംവിധാനം ചെയ്ത ചിത്രമാണ് 'കുട്ടന്റെ ഷിനിഗാമി'. പേര് പോലെ പ്രമേയത്തിലും വ്യത്യസ്ത പുലർത്തുന്ന ഈ ചിത്രം, കാലനും ഒരു ആത്മാവും ചേർന്ന് നടത്തുന്ന ഇൻവെസ്റ്റിഗേഷന്റെ കഥയാണ് പറയുന്നത്. 2024ൽ ഇറങ്ങിയ ഈ ചിത്രത്തിലെ ഇന്ദ്രൻസിന്റെ പ്രകടനത്തെപ്പറ്റി മമ്മൂട്ടി പറഞ്ഞ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 'ആശാൻ' എന്ന സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
അസാധാരണ പ്രകടനമാണ് 'കുട്ടന്റെ ഷിനിഗാമി' എന്ന സിനിമയിൽ ഇന്ദ്രൻസ് കാഴ്ചവച്ചിരിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. "കുട്ടന്റെ ഷിനിഗാമി എന്നൊരു സിനിമയുണ്ട്. എത്ര പേർ അത് കണ്ടിട്ടുണ്ടെന്ന് എനിക്കറിയില്ല. എന്നാ കളിയാ അതിനകത്ത് കളിച്ചിരിക്കുന്നതെന്ന് അറിയാമോ. ഇങ്ങനെയുള്ള ആളാണ് കാലനായി അഭിനയിക്കുന്നത്. നിങ്ങൾ ആരും വിശ്വസിക്കില്ല. നല്ല സിനിമയാണ് അത്. ജാഫർ ഇടുക്കിയും ഇന്ദ്രൻസും ഞാനോ നീയോ എന്ന രീതിയിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്," എന്നാണ് മമ്മൂട്ടി പറഞ്ഞത്.
അതേസമയം, ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ആശാൻ' ഫെബ്രുവരി അഞ്ചിന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ദുൽഖറിന്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്. ഏറെ പ്രതീക്ഷകളോടെയും ആകാംക്ഷയോടെയും പ്രേക്ഷകർ കാത്തിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റായി മാറിയിട്ടുണ്ട്. അതിൽ ഒരു ഗാനത്തിന് വേണ്ടി ഇന്ദ്രൻസ് തന്റെ ശബ്ദവും നൽകിയിട്ടുണ്ട്.
'ഗപ്പി', 'രോമാഞ്ചം' എന്നീ ചിത്രങ്ങൾക്ക് ശേഷം ഗപ്പി സിനിമാസ് നിർമിച്ച ഈ ചിത്രം, 'ഗപ്പി', 'അമ്പിളി' എന്നിവയ്ക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധായകനായി എത്തുന്ന ചിത്രം കൂടിയാണ്. ഹാസ്യത്തിന് പ്രാധാന്യം നൽകി അവതരിപ്പിക്കുന്ന ചിത്രത്തിൽ, ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർക്കൊപ്പം 100ൽ പരം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ഇവർക്കൊപ്പം നടൻ ഷോബി തിലകനും ബിബിൻ പെരുമ്പിള്ളിയും ചിത്രത്തിൽ നിർണായക വേഷങ്ങൾ ചെയ്യുന്നുണ്ട്.