'കളങ്കാവലി'ൽ മമ്മൂട്ടി Source: Facebook / Mammootty Kampany
ENTERTAINMENT

"എന്റെ തിരഞ്ഞെടുപ്പുകളിൽ വിശ്വസിച്ചതിന് നന്ദി"; 'കളങ്കാവലി'ന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങളിൽ മമ്മൂട്ടി

സിനിമയിൽ പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി എത്തിയത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: 'കളങ്കാവലി'ന് ലഭിക്കുന്ന മികച്ച പ്രേക്ഷക പ്രതികരണങ്ങളിൽ സന്തോഷം അറിയിച്ച് മമ്മൂട്ടി. ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി എത്തിയത്. വിനായകൻ ആയിരുന്നു 'കളങ്കാവലി'ലെ നായകൻ.

ഡിസംബർ അഞ്ചിന് റിലീസ് ആയ ചിത്രം ആദ്യ ദിനം തന്നെ ആഗോള തലത്തിൽ 15.7 കോടി രൂപയാണ് കളക്ട് ചെയ്തത്. കേരളത്തില്‍ നിന്നും 4.92 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. 2025ല്‍ കേരളത്തില്‍ ഏറ്റവും മികച്ച ഓപ്പണിങ് കളക്ഷൻ നേടിയ ചിത്രങ്ങളിൽ അഞ്ചാം സ്ഥാനത്താണ് 'കളങ്കാവല്‍'.

സിനിമയിലെ മമ്മൂട്ടിയുടെ പ്രതിനായക കഥാപാത്രം അക്ഷരാർഥത്തിൽ കാണികളെ ഞെട്ടിച്ചു. മമ്മൂട്ടി ഇതുവരെ കൈകാര്യം ചെയ്യാത്ത തരം കഥാപാത്രമാണിത് എന്നാണ് പൊതു അഭിപ്രായം. സിനിമയിലെ വിനായകന്റെ പ്രകടനത്തിനും പ്രശംസ ലഭിക്കുന്നുണ്ട്.

"കഴിഞ്ഞ രണ്ട് ദിവസങ്ങൾ വളരെ ആവേശകരമായിരുന്നു. റിലീസ് ചെയ്തതിനു ശേഷം കളങ്കാവലിന് ലഭിക്കുന്ന സ്നേഹത്തിൽ ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി. എന്റെ തിരഞ്ഞെടുപ്പുകളിൽ നിങ്ങൾ വിശ്വസിച്ചതിന് നന്ദി," മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ജിഷ്ണു ശ്രീകുമാറും സംവിധായകൻ ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. മുജീബ് മജീദാണ് പാട്ടുകളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഫൈസല്‍ അലിയും എഡിറ്റിങ് പ്രവീൺ പ്രഭാകറും. മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രം വേഫേറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണം ചെയ്തത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്.

SCROLL FOR NEXT