കൊച്ചി: ഇന്ത്യൻ സിനിമാപ്രേമികളുടെ ആസ്വാദനത്തെ പതിറ്റാണ്ടുകളോളം സ്വാധീനിച്ച മലയാളത്തിന്റെ മഹാനടനെ കഴിഞ്ഞ ദിവസം രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിയ ദിവസം തന്നെയാണ് നടനെ തേടി പത്മ അവാർഡും എത്തിയത്. ഇപ്പോഴിതാ, റിപ്പബ്ലിക് ദിന ആശംസകളോടൊപ്പം പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനോടും ജനങ്ങളോടും സർക്കാരിനോടും നന്ദി അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി.
"മാതൃരാജ്യത്തിനു നന്ദി…. ‘പത്മഭൂഷൻ’ സിവിലിയൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ," എന്നാണ് സമൂഹമാധ്യമങ്ങളിൽ മമ്മൂട്ടി കുറിച്ചിരിക്കുന്നത്.
മമ്മൂട്ടി ഉൾപ്പെടെ എട്ട് മലയാളികൾക്കാണ് ഇത്തവണ പത്മ പുരസ്കാരങ്ങൾ ലഭിച്ചത്. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പത്മവിഭൂഷൺ നൽകി രാജ്യം ആദരവ് അറിയിച്ചു. സാമൂഹിക രാഷ്ട്രീയ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് മരണാനന്തര ബഹുമതിയായാണ് പുരസ്കാരം പ്രഖ്യാപിച്ചത്. റിട്ട. ജസ്റ്റിസ് കെ.ടി. തോമസിനും ജന്മഭൂമി മുന്‍ മുഖ്യപത്രാധിപർ പി. നാരായണനും രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ ലഭിച്ചു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് അർഹനായി. എ. മുത്തുനായകം (ശാസ്ത്ര സാങ്കേതികം), കലാമണ്ഡലം വിമലാ മേനോൻ, കൊല്ലക്കൽ ദേവകി അമ്മ എന്നിവർക്കാണ് പത്മശ്രീ ലഭിച്ചത്.
അതേസമയം, രാഹുൽ സദാശിവൻ ഒരുക്കിയ 'ഭ്രമയുഗം' എന്ന സിനിമയിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്. നടന്റെ ഏഴാമത് സംസ്ഥാന പുരസ്കാരമാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതായിരുന്നു പുരസ്കാരം.