'ദളപതി' എന്ന മണിരത്നം ചിത്രത്തിനായി സന്തോഷ് ശിവൻ ഒരുക്കിയ ഫ്രെയിമുകൾ സിനിമാപ്രേമികൾ ഒരുകാലത്തും മറക്കില്ല. മഹാഭാരതത്തിലെ കർണന്റെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മാതൃത്വം, സൗഹൃദം, പ്രണയം എന്നിങ്ങനെ വിവിധ വിഷയങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ അണിയറക്കഥകൾ അറിയാൻ ഇന്നും ആളുകൾക്ക് കൗതുകമുണ്ട്. അതിന്റെ തെളിവാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന എഐയിൽ നിർമിച്ചെടുത്ത 'ദളപതി' ലൊക്കേഷൻ ദൃശ്യങ്ങൾ.
സൂര്യയും (രജനികാന്ത്) സുബ്ബലക്ഷ്മിയും (ശോഭന) തമ്മിൽ വേർപിരിയുന്ന രംഗത്തിന്റെ അണിയറ ദൃശ്യങ്ങളാണ് എഐയിൽ സൃഷ്ടിച്ചിരിക്കുന്നത്. 'സുന്ദരി കണ്ണാൽ ഒരു സേതി' എന്ന ഗാനത്തിന്റെ ട്രാക്കോടെ ഒരുക്കിയ ഈ സീൻ ഐക്കോണിക് ആണ്. രജനിക്കും ശോഭനയ്ക്കും നിർദേശങ്ങൾ കൊടുക്കുന്ന മണിരത്നമാണ് എഐ നിർമിത ചിത്രങ്ങളിൽ. ഡീറ്റെയ്‌ലിങ് കൊണ്ട് സമ്പന്നമാണ് ഈ ഫോട്ടോകൾ.
1991 നവംബർ അഞ്ചിന് ദീപാവലി റിലീസ് ആയാണ് ദളപതി തിയേറ്ററുകളിലേക്ക് എത്തിയത്. വമ്പൻ ഹിറ്റായി മാറിയ ചിത്രത്തിൽ രജനിക്കൊപ്പം തുല്യപ്രാധാന്യമുള്ള 'ദേവ'യായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും എത്തുന്നു. ഇതിഹാസത്തിലെ കർണൻ-ദുര്യോധനൻ സൗഹൃദമാണ് ഇരുവരുടെയും കഥാപാത്രങ്ങളിലൂടെ മണിരത്നം ആവിഷ്കരിച്ചത്. അരവിന്ദ് സ്വാമിയും സിനിമയിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു.
ശ്രീവിദ്യ, അമരീഷ് പുരി, ശോഭന, ഭാനുപ്രിയ, ഗീത, നാഗേഷ്, മനോജ് കെ ജയന്‍, ചാരുഹാസന്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ദളപതിക്കായി ഇളയരാജ ചിട്ടപ്പെടുത്തിയ പാട്ടുകൾ എല്ലാം അന്നും ഇന്നും സൂപ്പർ ഹിറ്റുകളാണ്. 3 കോടി രൂപ ബജറ്റിൽ നിർമിച്ച ദളപതി, അക്കാലത്തെ ഏറ്റവും ചിലവേറിയ ദക്ഷിണേന്ത്യൻ സിനിമയായിരുന്നു.