നെറ്റ്ഫ്ലിക്സ് സീരീസായ 'സ്‌ട്രേഞ്ചർ തിങ്‌സ്' അവസാന സീസണിലേക്ക് എത്തുമ്പോള്‍ ഓർമകള്‍ പങ്കുവച്ച് നടി മില്ലി ബോബി ബ്രൗൺ. ആദ്യ സീസണിലെയും അവസാന സീസണിലെയും ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ച മില്ലി, തനിക്ക് ഈ അവസരം തന്ന ഡഫർ സഹോദരങ്ങള്‍ക്ക് നന്ദി അറിയിച്ചു.
"ഈ ഷോ എനിക്ക് ഒരുപാട് കാര്യങ്ങൾ നൽകി. എന്നാൽ ഏറ്റവും പ്രധാനമായി, പറയാനുള്ളതിൽ വെച്ച് ഏറ്റവും അർത്ഥവത്തായ കഥ, എൽസിന്റെതാണ്. ആവശ്യമില്ലാത്ത സാഹസങ്ങൾ കാണിക്കുന്നതിനും തയ്യാറാകുന്ന ഡഫർ ബ്രദേഴ്സിന് നന്ദി.
ഒരു ബ്രിട്ടീഷ് പെൺകുട്ടി, ഒരു വലിയ കുടുംബം, ധാരാളം ഊർജം, ശക്തമായ കാഴ്ചപ്പാട്, എങ്കിലും നിങ്ങൾ കെട്ടിപ്പടുത്ത കഥാപാത്രത്തിനായി അശ്രാന്തമായി പ്രവർത്തിക്കുന്ന ഒരു ഹൃദയം. വോള്യം 1 ആസ്വദിക്കൂ സുഹൃത്തുക്കളേ," മില്ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
നവംബർ 27 പുലർച്ചെ 6.30 മുതൽ ആണ് 'സ്ട്രേഞ്ചർ തിങ്സ്' സ്ട്രീമിങ് ആരംഭിച്ചത്. മൂന്ന് ഭാഗങ്ങളായാണ് സീരീസ് പുറത്തിറങ്ങുക. നാല് എപ്പിസോഡുകളുള്ള ആദ്യ വോള്യം ആണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത്. മൂന്ന് എപ്പിസോഡുകളാണ് രണ്ടാം വോള്യത്തിൽ ഉള്ളത്. ഡിസംബർ 26, പുലർച്ചെ 6.30ന് രണ്ടാം ഭാഗം പുറത്തിറങ്ങും. ജനുവരി ഒന്നിന്, പുതുവത്സര ദിനത്തിലാകും മൂന്നാം വോള്യം എത്തുക.
2016ൽ ആണ് 'സ്ട്രേഞ്ചർ തിങ്സ്' സ്ട്രീമിങ് ആരംഭിച്ചത്. റോസ് ഡഫറും മാറ്റ് ഡഫറും ആണ് സീരീസിന്റെ ക്രിയേറ്റർമാർ. അഭിനേതാക്കളുടെ മികച്ച പ്രകടനവും വ്യത്യസ്തമായ കഥപറച്ചിലും കൊണ്ട് വളരെ പെട്ടെന്ന് തന്നെ സീരീസ് വലിയ തോതിൽ ആരാധകരെ കണ്ടെത്തി. പിന്നാലെ 2017 ൽ രണ്ടാം സീസണും, 2019 ൽ മൂന്നാം സീസണും പുറത്തിറങ്ങി. 2022 ൽ റിലീസ് ആയ നാലാം സീസണ്‍ രണ്ട് ഭാഗങ്ങളായാണ് എത്തിയത്. ഈ ഫ്രാഞ്ചൈസിയുടെ അവസാന അധ്യായമാണ് അഞ്ചാം സീസണ്‍ .