മോഹൻലാൽ 'പേട്രിയറ്റ്' ഡബ്ബിങ്ങിൽ 
ENTERTAINMENT

"ഓക്കെ അല്ലേ ..."; 'പേട്രിയറ്റ്' ഡബ്ബിങ് പൂർത്തിയാക്കി മോഹൻലാൽ

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ സ്‌പൈ ത്രില്ലറുകളിലൊന്നാകും 'പേട്രിയറ്റ്' എന്നാണ് സൂചന

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മഹേഷ് നാരായണൻ ചിത്രം 'പേട്രിയറ്റി'ന്റെ ഡബ്ബിങ് പൂർത്തിയാക്കി മോഹൻലാൽ. 17 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് 'പേട്രിയറ്റ്'. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ സ്‌പൈ ത്രില്ലറുകളിലൊന്നാകും സിനിമ എന്നാണ് സൂചന.

തന്റെ റേഞ്ച് റോവർ കാറിൽ, തരുൺ മൂർത്തി ചിത്രത്തിന്റെ ലുക്കിൽ ഡബ്ബിങ് സ്റ്റുഡിയോയിലേക്ക് മോഹൻലാൽ എത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. ഡബ്ബിങ് പൂർത്തിയാക്കിയ ശേഷം "ഓക്കെ അല്ലേ" എന്ന് മോഹൻലാൽ ചോദിക്കുന്നതും "ഓക്കെ സാർ" എന്ന് സംവിധായകൻ മഹേഷ് നാരായണൻ മറുപടി നൽകുന്നതും ദൃശ്യങ്ങളിൽ കാണാം.

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്ന് നിർമിക്കുന്ന മൾട്ടിസ്റ്റാർ ചിത്രം ഏപ്രിൽ 23ന് തിയേറ്ററുകളിലെത്തും. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ മുതല്‍ ദര്‍ശന രാജേന്ദ്രനും സെറിന്‍ ഷിഹാബും വരെ നീളുന്നു സിനിമയിലെ താരനിര. ഇതിനൊപ്പം നയന്‍താര കൂടിയാകുമ്പോള്‍ രണ്ടു പതിറ്റാണ്ടിനിടെ മലയാള സിനിമ കണ്ട ഏറ്റവും വലിയ നക്ഷത്രത്തിളക്കമാണ് 'പേട്രിയറ്റി'നുള്ളത്. രേവതി, ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍ എന്നിവര്‍ക്കൊപ്പം 'മദ്രാസ് കഫേ', 'പത്താന്‍' തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തിയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിലുണ്ട്. മലയാളത്തില്‍ ഇന്നേവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്.

വിവിധ രാജ്യങ്ങളിലെ 10ൽ അധികം ഷെഡ്യൂളുകളിലായി ഒരു വര്‍ഷത്തിലധികമാണ് സിനിമയുടെ ചിത്രീകരണം നീണ്ടത്. 2024 നവംബറിൽ ശ്രീലങ്കയിലാണ് 'പേട്രിയറ്റ്' ഷൂട്ടിങ് തുടങ്ങിയത്. മലയാളത്തില്‍ ഏറ്റവുമധികം രാജ്യങ്ങളില്‍ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും 'പേട്രിയറ്റി'നാണ്. ഇന്ത്യ, ശ്രീലങ്ക, യുകെ, അസര്‍ബെയ്ജാന്‍, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ഷൂട്ടിങ്. ഇന്ത്യയിലെ വന്‍നഗരങ്ങളായ ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളാണ് ഈ സിനിമയ്ക്ക് ലൊക്കേഷനായത്.

ഏറ്റവും മികച്ച സാങ്കേതികപ്രവര്‍ത്തകരാണ് ഈ സിനിമയ്ക്കായി ഒന്നിക്കുന്നത്. യുവതലമുറയുടെ ഹൃദയമിടിപ്പറിയുകയും അതിന്റെ താളത്തിനൊത്ത് സംഗീതമൊരുക്കുകയും ചെയ്യുന്ന സുഷിന്‍ ശ്യാമാണ് സംഗീത സംവിധായകന്‍. 'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍', 'റോക്കി ഓര്‍ റാണി കി പ്രേം കഹാനി' തുടങ്ങിയ ബോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയനായ മനുഷ് നന്ദനാണ് ക്യാമറ. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകന്‍ മഹേഷ് നാരായണനാണ്. മഹേഷ് നാരായണനും രാഹുല്‍ രാധാകൃഷ്ണനും ചേര്‍ന്നാണ് എഡിറ്റിങ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - വിഷ്ണു സുഗതന്‍, പിആര്‍ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

SCROLL FOR NEXT