കൊച്ചി: പ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷിന്റെ വിയോഗത്തിൽ അനുശോചിച്ച് നടൻ മോഹൻലാൽ. എസ്‌പിവിയുടെ മാന്ത്രികസ്പര്‍ശം നിറഞ്ഞ ഗാനങ്ങളേയും പശ്ചാത്തല സംഗീതത്തേയും നടൻ അനുസ്മരിച്ചു. അദ്ദേഹം സംഗീതം നൽകിയ രണ്ട് ഗാനങ്ങൾ പാടാനുള്ള ഭാഗ്യവും തനിക്കുണ്ടായി എന്ന് മോഹൻലാൽ സമൂഹമാധ്യമത്തിൽ കുറിച്ചു.
"മലയാള സിനിമയില്‍ ഒരു കാലഘട്ടം മുഴുവന്‍ ഹൃദയഹാരിയായ സംഗീതം നിറച്ച പ്രിയപ്പെട്ട എസ്.പി. വെങ്കിടേഷ് നമ്മെ വിട്ടുപിരിഞ്ഞു. എസ്പിയുടെ മാന്ത്രികസ്പര്‍ശം നിറഞ്ഞ എത്രയെത്ര ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് നമ്മള്‍ നെഞ്ചോടുചേര്‍ത്തത്. രാജാവിന്റെ മകന്‍, വഴിയോരക്കാഴ്ച്ചകള്‍, കിലുക്കം, ദേവാസുരം തുടങ്ങി എന്റെ ഒട്ടേറെ ഹിറ്റ് സിനിമകള്‍ക്ക് സംഗീതവും പശ്ചാത്തല സംഗീതവും അദ്ദേഹം ഒരുക്കി. അദ്ദേഹം സംഗീതം നല്‍കിയ രണ്ട് ഗാനങ്ങള്‍ പാടാനുള്ള ഭാഗ്യവും എനിക്കുണ്ടായി. സിനിമയ്ക്ക് പുറത്തും എക്കാലവും നല്ല സൗഹൃദം ഞങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നു. ഹൃദയവേദനയോടെ വിട," മോഹൻലാൽ കുറിച്ചു.
കഴിഞ്ഞ ദിവസം ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു എസ്.പി. വെങ്കിടേഷിന്റെ നിര്യാണം. രാവിലെ ശുചിമുറിയിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 70കൾ മുതൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളുടെ ഓർക്കസ്ട്രേഷനിൽ എസ്.പി. വെങ്കിടേഷ് സജീവമായിരുന്നു. 1971ൽ സംഗീത സംവിധായകനായ വിജയഭാസ്കറിനൊപ്പം സിനിമയിൽ ഗിറ്റാർ വായിച്ചാണ് തുടക്കം. 1981ൽ 'പ്രേമയുദ്ധ' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്.
1986ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'ടി.പി. ബാലഗോപാലൻ എം.എ' എന്ന സിനിമയുടെ പശ്ചാത്തല സംഗീതം ചിട്ടപ്പെടുത്തുന്നതിൽ എ.ടി. ഉമ്മറിന്റെ സഹായി ആയിരുന്നു. തുടർന്ന് അതേ വർഷം, തമ്പി കണ്ണന്താനം സംവിധാനം ചെയ്ത 'രാജാവിന്റെ മകൻ' എന്ന സിനിമയ്ക്ക് പശ്ചാത്തല സംഗീതവും സംഗീതവും നൽകിക്കൊണ്ട് മലയാള സിനിമാ ഗാനരംഗത്ത് തുടക്കം കുറിച്ചു. തുടർന്നങ്ങോട്ട് സിനിമാപ്രേമികളെ ത്രസിപ്പിച്ച നിരവധി പാട്ടുകളും പശ്ചാത്തല സംഗീതങ്ങളും ഒരുക്കി എസ്‌പിവി മലയാളത്തിൽ നിറഞ്ഞു.