ENTERTAINMENT

'ദൃശ്യം 3'യുടെ എല്ലാ ഡിജിറ്റൽ അവകാശങ്ങളും സ്വന്തമാക്കി ആമസോൺ; ആശിർവാദിന് ഇനി അതിൽ റൈറ്റ്‌സില്ല!

മോഹൻലാലിന്റെ ജന്മദിനമായ മെയ് 21നാണ് 'ദൃശ്യം 3'യുടെ റിലീസ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഇന്ത്യൻ സിനിമാപ്രേമികൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ദൃശ്യം 3'. മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗം മെയ് 21നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രത്തിന്റെ നിർമാണം. സിനിമയ്ക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. അതിനിടയിലാണ്, സിനിമയുടെ ഡിജിറ്റൽ അവകാശങ്ങൾ സംബന്ധിച്ച് പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുയാണ്.

'ദൃശ്യം 3'യുടെ എല്ലാം ഡിജിറ്റൽ അവകാശങ്ങളും ആമസോൺ പ്രൈം വീഡിയോസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. പരസ്യ പ്രസ്താവനയിലൂടെയാണ് സിനിമയുടെ ഡിജിറ്റൽ റൈറ്റ്‌സ് തങ്ങളുടെ പക്കലാണെന്ന് ആമസോൺ അറിയിച്ചിരിക്കുന്നത്. 'ദൃശ്യം 3'യുടെ നിർമാതാക്കളായ ആശിർവാദ് സിനിമാസിന് സിനിമയുടെ ഡിജിറ്റൽ അവകാശങ്ങൾ വിൽക്കാനോ ലൈസൻസ് നൽകാനോ അവകാശമില്ലെന്ന് കമ്പനി പുറത്തിറക്കിയ പബ്ലിക് നോട്ടീസിൽ വ്യക്തമാക്കുന്നു. ആമസോണിന്റെ പ്രത്യേക അവകാശങ്ങളെ ലംഘിച്ചുകൊണ്ട് ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ ഡിജിറ്റൽ പ്ലാറ്റ്‌ഫോമോ ഈ സിനിമയുമായോ അതിന്റെ ഡിജിറ്റൽ അവകാശങ്ങളുമായോ ഇടപഴകുകയാണെങ്കിൽ, അതിന്റെ പൂർണമായ ഉത്തരവാദിത്തവും അനന്തരഫലങ്ങളും അവർ തന്നെ വഹിക്കേണ്ടി വരുമെന്നും പ്രസ്താവനയിൽ പറയുന്നു.

ആമസോൺ പ്രൈം വീഡിയോ പബ്ലിക് നോട്ടീസ്

ഡിസംബർ ആദ്യമാണ് 'ദൃശ്യം 3' ഷൂട്ടിങ് അവസാനിച്ചത്. ഏപ്രിൽ രണ്ടിന് തിയേറ്ററുകളിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പുതിയ പ്രഖ്യാപനം അനുസരിച്ച് മോഹൻലാലിന്റെ ജന്മദിനമായ മെയ് 21നാണ് ചിത്രം റിലീസ് ചെയ്യുക. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രാഹകൻ. എഡിറ്റർ: വിനായക്, സംഗീതം: അനിൽ ജോൺസൺ.

SCROLL FOR NEXT