'ബോംബെ ടെയ്‌ലേഴ്‌സ്' ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി മോഹൻലാൽ 
ENTERTAINMENT

'ബോംബെ ടെയ്‌ലേഴ്സ്' വീണ്ടും അരങ്ങിലേക്ക്; ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി മോഹൻലാൽ

ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മി പ്രധാന വേഷത്തിലെത്തുന്ന നാടകം വിനോദ് കുമാറാണ് സംവിധാനം ചെയ്യുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മലയാള നാടകവേദി കണ്ട എക്കാലത്തെയും മികച്ച നാടകങ്ങളിലൊന്നായ 'ബോംബെ ടെയ്‌ലേഴ്സ്' വീണ്ടും അരങ്ങിലേക്ക്. 'മാജിക് ഇഫ്' (Magic If) അവതരിപ്പിക്കുന്ന ഈ നാടകം, 2016ൽ ആദ്യമായി അവതരിപ്പിച്ച ശേഷം ഏകദേശം ഒരു പതിറ്റാണ്ടിന് ശേഷമാണ് 2025ൽ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. നാടകത്തിൻ്റെ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങിക്കൊണ്ട് മോഹൻലാൽ ഈ പുനരവതരണത്തിന് ശ്രദ്ധേയമായ തുടക്കം കുറിച്ചു.

പ്രശസ്ത നാടകപ്രവർത്തകനായ വിനോദ് കുമാർ ആണ് 'ബോംബെ ടെയ്‌ലേഴ്സി'ൻ്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. 1960കൾ മുതൽ ഉള്ള മലയാള നാടകവേദി, സിനിമ, വസ്ത്രധാരണ സംസ്കാരം എന്നിവയാണ് കഥയുടെ പശ്ചാത്തലം. മുഹമ്മദ് ഖദീർ ബാബുവിൻ്റെ പ്രശസ്തമായ 'ന്യൂ ബോംബെ ടെയ്‌ലേഴ്സ്' എന്ന തെലുങ്ക് ചെറുകഥയെ ആസ്പദമാക്കിയാണ് നാടകം ഒരുക്കിയിരിക്കുന്നത്.

ഇത്തവണ അരങ്ങിലേക്ക് എത്തുമ്പോൾ 'ബോംബെ ടെയ്‌ലേഴ്സി'ൻ്റെ ഒരു പ്രധാന ആകർഷണം, ദേശീയ പുരസ്‌കാര ജേതാവായ നടി സുരഭി ലക്ഷ്മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ വീണ്ടും വേദിയിലേക്ക് എത്തുന്നു എന്നതാണ്. ശ്രീകാന്ത് മുരളി, സ്നേഹ ശ്രീകുമാർ, അരുൺ സി.എം, കുമാർ സുനിൽ, മീനാക്ഷി മാധവി തുടങ്ങിയ പ്രമുഖ അഭിനേതാക്കളാണ് നാടകത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രമുഖ ഗായകരായ സിതാര കൃഷ്ണകുമാർ, മഖ്ബൂൽ, സുദർശൻ എന്നിവരാണ് നാടകത്തിലെ ഗാനങ്ങൾ പാടിയിരിക്കുന്നത്. നാടകത്തിലെ ഗാനങ്ങൾ രചിച്ചതും സംഗീതം നൽകിയിരിക്കുന്നതും സുരഭി ലക്ഷ്മി തന്നെയാണ്.നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത് നടനും നർത്തകനും ആയ റംസാൻ ആണ്. 2025ലെ ഈ പുതിയ അവതരണത്തിൽ, 50-ഓളം കലാകാരന്മാരും സാങ്കേതിക വിദഗ്ദ്ധരുമാണ് അണിനിരക്കുന്നത്.

2016ൽ അതിഥി: എ സ്പേസ് ഫോർ ഡാൻസ് ആൻഡ് തിയേറ്റർ അരങ്ങിലേക്ക് എത്തിച്ച 'ബോംബെ ടെയ്‌ലേഴ്സി' ന് ആ വർഷത്തെ മികച്ച തിരക്കഥ, മികച്ച നാടകം, മികച്ച നടൻ, മികച്ച നടി എന്നിവയുൾപ്പെടെ നാല് കേരള സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു. എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ വെച്ച് നവംബർ 24, 26 തീയതികളിലാണ് നാടകം അവതരിപ്പിക്കുന്നത്. ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് മൈ ഷോ വഴി ബുക്ക് ചെയ്യാവുന്നതാണ്.

SCROLL FOR NEXT