30ാമത് ഐഎഫ്എഫ്കെ Source: Facebook / Kerala State Chalachitra Academy
MOVIES

30ാമത് ഐഎഫ്എഫ്കെ: ആദ്യദിനം തന്നെ 5000 കടന്ന് ഡെലിഗേറ്റ് രജിസ്ട്രേഷന്‍

കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് മികച്ച പ്രതികരണം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് മികച്ച പ്രതികരണം. നവംബര്‍ 25 ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് രജിസ്ട്രേഷന്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ 5000ത്തില്‍പ്പരം പേര്‍ പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്തു.

16 തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 12000ത്തോളം ഡെലിഗേറ്റുകള്‍ക്ക് പങ്കെടുക്കാം. registration.iffk.in എന്ന വെബ്സൈറ്റില്‍ നല്കിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. പൊതുവിഭാഗത്തിന് ജിഎസ്ടി ഉള്‍പ്പെടെ 1180 രൂപയും വിദ്യാര്‍ഥികള്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. പൊതുവിഭാഗം, വിദ്യാര്‍ഥികള്‍, ഫിലിം സൊസൈറ്റി, ഫിലിം ആന്റ് ടി.വി പ്രൊഫഷണല്‍സ് തുടങ്ങി എല്ലാ വിഭാഗങ്ങളിലേക്കും ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടത്താം. മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്‍ മുഖേന നേരിട്ടും രജിസ്ട്രേഷന്‍ നടത്താം.

ലോകസിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ ടുഡേ, കൺട്രി ഫോക്കസ് വിഭാഗത്തിലുള്ള ചിത്രങ്ങൾ,മൺമറഞ്ഞ ചലച്ചിത്രപ്രതിഭകൾക്ക് സ്മരണാഞ്ജലിയർപ്പിക്കുന്ന ഹോമേജ് വിഭാഗം തുടങ്ങിയ പാക്കേജുകൾ മേളയിലുണ്ടാകും. സംവിധായകരും സാങ്കേതിക പ്രവർത്തകരും ജൂറി അംഗങ്ങളുമുൾപ്പെടെ വിദേശരാജ്യങ്ങളിൽനിന്നുള്ള നൂറിൽപ്പരം അതിഥികൾ മേളയിൽ പങ്കെടുക്കും.

SCROLL FOR NEXT