റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ ബോക്സ് ഓഫീസിൽ 31.2 കോടി കളക്റ്റ് ചെയ്ത് മമ്മൂട്ടി-വിനായകൻ ചിത്രം കളങ്കാവൽ. ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രത്തിന് വൻ പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ആദ്യ ദിവസം തന്നെ 15. 7 കോടി കളക്റ്റ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയാണ് മുന്നോട്ടു പോകുന്നത്. ചിത്രം കേരളത്തിലെ 260 സ്‌ക്രീനുകളിൽ നിന്ന് 365 സ്‌ക്രീനുകളിലേക്ക് വർധിപ്പിച്ചിരുന്നു.
മമ്മൂട്ടി വില്ലനായെത്തുന്ന ചിത്രത്തിൽ നായകനായെത്തുന്നത് വിനായകനാണ്. അഭിനയ മികവ് കൊണ്ട് മമ്മൂട്ടി വീണ്ടും അമ്പരിപ്പിക്കുകയാണ് ചിത്രത്തിൽ.കഴിഞ്ഞ രണ്ട് ദിവസങ്ങളായി ലഭിക്കുന്ന പ്രേക്ഷക പിന്തുണയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് മമ്മൂട്ടിയും, വിനായകനും വീഡിയോയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു. തൻ്റെ തെരഞ്ഞെടുപ്പുകളെ വിശ്വസിച്ച് ഒപ്പം നിൽക്കുന്ന പ്രേക്ഷകർക്കാണ് മമ്മൂട്ടി നന്ദി പറഞ്ഞത്. ചിത്രത്തിനും തൻ്റെ പ്രകടനത്തിനും ലഭിക്കുന്ന മികച്ച പ്രതികരണത്തിന് വിനായകനും പ്രേക്ഷകരോടുള്ള നന്ദി അറിയിച്ചു.
സൈക്കോപാത്ത് വില്ലനായി മമ്മൂട്ടിയുടെ അതിശയകരമായ പ്രകടനമാണ് ചിത്രത്തിലൂടെ കാണാനാവുക. വിനായകൻ അവതരിപ്പിക്കുന്ന പൊലീസ് ഓഫീസറും ശരീരഭാഷ കൊണ്ടും വ്യത്യസ്തത കൊണ്ടും പ്രേക്ഷകനെ അമ്പരിപ്പിക്കുന്നുണ്ട്.
ജിഷ്ണു ശ്രീകുമാറും, ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിച്ച ഏഴാമത്തെ ചിത്രം കൂടിയാണിത്. ചിത്രത്തിൻ്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ്. ചിത്രം കേരളത്തിൽ എത്തിച്ചത് വേഫറർ ഫിലിംസ്. കേരളത്തിൽ മാത്രം 5 കോടിയോളമായിരുന്നു ആദ്യ ദിന കളക്ഷൻ. ജിബിൻ ഗോപിനാഥ്, ബിജു പപ്പൻ, രെജിഷ വിജയൻ, ഗായത്രി അരുൺ, മാളവിക, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.