ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാനും സംവിധായകന്‍ ലോകേഷ് കനകരാജും ഒന്നിക്കുന്നു. ഒരു സൂപ്പര്‍ ഹീറോ ചിത്രത്തിനായാണ് ഒന്നിക്കുന്നതെന്നാണ് വിവരം. ജൂണ്‍ 20 ന് റിലീസ് ചെയ്യുന്ന സിതാരേ സമീന്‍ പര്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട് താരം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആമിര്‍ ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
'ഞാനും ലോകേഷും ഒരുമിച്ച് ഒരു ചിത്രം ചെയ്യുന്നുണ്ട്. അത് ഒരു സൂപ്പര്‍ ഹീറോ ചിത്രമായിരിക്കും. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ആക്ഷന്‍ ചിത്രമായിരിക്കും. അത് അടുത്ത വര്‍ഷം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും,' ആമിര്‍ ഖാന്‍ പിടിഐയോട് പറഞ്ഞു. ചിത്രം ഹിന്ദിയിലായിരിക്കുമോ അതോ തമിഴിലായിരിക്കുമോ എന്ന ആകാംശയും ആരാധകർക്കിടയിലുണ്ട്.
അതേസമയം, 2014-ല്‍ പുറത്തിറങ്ങിയ പി.കെയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. എന്നാല്‍ ഇന്ത്യന്‍ സിനിമയുടെ പിതാവായ ദാദാ സാഹേബ് ഫാല്‍ക്കെയുടെ ജീവിതം പറയുന്ന പുതിയ സിനിമയ്ക്കായി പികെ സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിയുമായി വീണ്ടും ഒന്നിക്കുകയാണെന്നും താരം പറഞ്ഞു.
തന്റെ ഏറ്റവും വലിയ പ്രോജക്ട് മഹാഭാരതമാണെന്നും കഴിഞ്ഞ 25 വര്‍ഷമായി ആ സിനിമ ഒരു സ്വപ്‌നമായി കിടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശ്രീ കൃഷ്ണന്റെ കഥാപാത്രം വളരെയധികം ആകര്‍ഷിച്ചിട്ടുണ്ട്. വ്യക്തിപരമായി, ഈ കഥാപാത്രത്തെ വളരെ ഇഷ്ടമാണ്, മഹാഭാരതം നിര്‍മിക്കുക എന്നത് തന്റെ സ്വപ്നമാണ്, പക്ഷേ അത് ശരിക്കും വളരെ ബുദ്ധിമുട്ടാണെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. മഹാഭാരതത്തെ കുറിച്ച് കൂടുതല്‍ ഒന്നും ചോദിക്കരുത്, അതുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നു എന്നല്ലാതെ കൂടുതല്‍ വിവരം ഒന്നും തന്നെ അറിയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
നേരത്തെ സിതാരെ സമീന്‍ പറിന്റെ പ്രമോഷനിടെ സ്വപ്ന ചിത്രമായ മഹാഭാരതിന് ശേഷം തനിക്ക് ഒന്നും ചെയ്യാനില്ലെന്ന ആമിര്‍ഖാന്റെ പരാമര്‍ശം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. താരം അഭിനയം നിര്‍ത്തിയേക്കുമെന്നാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നതെന്നും ചർച്ചകൾ ഉയർന്നിരുന്നു.
തമിഴില്‍ വിക്രം, കൈതി, മാസ്റ്റര്‍, ലിയോ തുടങ്ങി ജനപ്രിയ ആക്ഷന്‍ ചിത്രങ്ങള്‍ ചെയ്ത ലോകേഷ് കനകരാജ് കൈതി 2 അനൗണ്‍സ് ചെയ്തിരുന്നു. മാത്രമല്ല, റോളക്‌സ് വരുന്നുണ്ട്. എപ്പോള്‍ തുടങ്ങുമെന്ന് അറിയില്ല. മറ്റു കമ്മിറ്റ്‌മെന്റ്‌സിന് ശേഷം റോളക്‌സ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിലെ പ്രധാന വില്ലന്‍ കഥാപാത്രമാണ് റോളക്സ്. 2022ല്‍ പുറത്തിറങ്ങിയ കമല്‍ ഹാസന്റെ വിക്രമിലാണ് സൂര്യയുടെ റോളക്സിനെ അവതരിപ്പിച്ചത്. അതേസമയം കൂലിയാണ് ലോകേഷിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം. ആഗസ്റ്റ് 14ന് തിയേറ്ററിലെത്തുന്ന ചിത്രത്തില്‍ രജനികാന്താണ് നായകന്‍.