ഫാത്തിമ സന ഷെയ്ഖ്, ആമിർ ഖാന്‍ Source : IMdB
MOVIES

"ഞാന്‍ അവരുടെ അച്ഛനോ കാമുകനോ അല്ല"; തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനില്‍ ഫാത്തിമ സന നായികയായതിനെ കുറിച്ച് ആമിര്‍ ഖാന്‍

'ദംഗല്‍' എന്ന ചിത്രത്തില്‍ ആമിര്‍ ഖാന്റെ മകളായാണ് ഫാത്തിമ അഭിനയിച്ചത്.

Author : ന്യൂസ് ഡെസ്ക്

കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ബോളിവുഡ് താരം ആമിര്‍ ഖാന്‍ സിനിമയില്‍ വലിയ പരാജയങ്ങളൊന്നും നേരിടേണ്ടി വന്നിരുന്നില്ല. അങ്ങനെയാണ് 2018ല്‍ 'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍' തിയേറ്ററിലെത്തുന്നത്. ആരാധകര്‍ ആവേശത്തോടെ സിനിമ കാണാന്‍ തിയേറ്ററിലെത്തിയങ്കിലും ചിത്രത്തിന് ഹൈപ്പിനൊപ്പം ഉയരാന്‍ സാധിച്ചില്ല. അതുകൊണ്ട് തന്നെ ചിത്രം വന്‍ പരാജയമായി മാറുകയായിരുന്നു.

അടുത്തിടെ അഭിമുഖങ്ങളിലായ ആമിര്‍ ഖാന്‍ തന്നെ 'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനില്‍' ഒരുപാട് മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന അഭിപ്രായം തനിക്ക് ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. അതുപോലെ തന്നെ ഫാത്തിമ സന ഷെയ്ഖ് അവതരിപ്പിച്ച കഥാപാത്രം ദീപിക പദുകോണ്‍, ആലിയ ഭട്ട്, ശ്രദ്ധ കപൂര്‍ തുടങ്ങിയ താരങ്ങള്‍ നിരസിച്ചതായും താരം അറിയിച്ചു. 'ദംഗല്‍' എന്ന ചിത്രത്തില്‍ ആമിര്‍ ഖാന്റെ മകളായാണ് ഫാത്തിമ അഭിനയിച്ചത്. അതുകൊണ്ട് തന്നെ 'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനില്‍' ആമിറിന്റെ കാമുകിയായി ഫാത്തിമ അഭിനയിക്കുന്നത് സംവിധായകന് എതിര്‍പ്പുണ്ടായിരുന്നു. അതിനാല്‍ ചിത്രത്തിലെ അവര്‍ തമ്മിലുള്ള റൊമാന്റിക് രംഗങ്ങള്‍ സംവിധായകന്‍ വെട്ടികുറച്ചിരുന്നുവെന്നും ആമിര്‍ ഖാന്‍ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

ചിത്രത്തിന്റെ നിര്‍മാതാവ് ആദിത്യ ചോപ്രയ്ക്കും സംവിധായകന്‍ വിജയ്ക്കും ഫാത്തിമയെ തന്റെ നായികയായി കാസ്റ്റ് ചെയ്യുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നുവെന്ന് ദി ലാലന്റോപ്പുമായുള്ള അഭിമുഖത്തില്‍ ആമിര്‍ ഖാന്‍ വെളിപ്പെടുത്തി. "ഞങ്ങള്‍ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന് വേണ്ടി കാസ്റ്റിംഗ് നടത്തിയപ്പോള്‍ മറ്റൊരു നടിമാരും അതിനായി സമ്മതം പറഞ്ഞില്ല. ദീപിക, ആലിയ, ശ്രദ്ധ എല്ലാവരും വിസമ്മതിച്ചു. ഒരുപാട് പേര്‍ക്ക് ആ വേഷം ഓഫര്‍ ചെയ്തു. പക്ഷെ ആരും അത് ചെയ്യാന്‍ തയ്യാറായില്ല", എന്നാണ് ആമിര്‍ ഖാന്‍ പറഞ്ഞത്.

ഒടുവില്‍ ഫാത്തിമയെ ആ വേഷത്തിനായി തിരഞ്ഞെടുത്തപ്പോള്‍ നിര്‍മാതാക്കള്‍ അതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. "ദംഗലില്‍ നിങ്ങളുടെ മകളായാണ് ഫാത്തിമ അഭിനയിച്ചത്. ഈ സിനിമയില്‍ നിങ്ങള്‍ക്കിടയില്‍ പ്രണയമാണ് നടക്കുന്നത്. ഇവിടെ അവര്‍ക്ക് എങ്ങനെ നിങ്ങളുടെ കാമുകിയായി അഭിനയിക്കാനാകും? പ്രേക്ഷകര്‍ ഇത് സ്വീകരിക്കില്ല", എന്നായിരുന്നു നിര്‍മാതാക്കളുടെ അഭിപ്രായം.

"ഇത്തരം കാര്യങ്ങളിലൊന്നും എനിക്ക് വിശ്വാസമില്ല. യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ അവളുടെ അച്ഛനോ കാമുകനോ അല്ല. ഞങ്ങള്‍ ഒരു സിനിമയാണ് നിര്‍മിക്കുന്നത്. അമിതാഭ് ബച്ചനും വഹീദ റഹ്‌മാനും അമ്മയും മകനുമായി അഭിനയിച്ചിട്ടുണ്ട്. അവര്‍ തന്നെ പ്രണയ രംഗങ്ങളും ചെയ്തിട്ടുണ്ട്. പ്രേക്ഷകര്‍ യഥാര്‍ത്ഥ പിതാവായ കാണാന്‍ മണ്ടന്മാരല്ല. അങ്ങനെ പറയുമ്പോള്‍ നമ്മള്‍ പ്രേക്ഷകരെ വിലകുറച്ച് കാണുകയാണ് ചെയ്യുന്നത്", എന്നാണ് ആമിര്‍ ഖാന്‍ പറഞ്ഞത്.

അതേസമയം 'സിത്താരേ സമീന്‍ പര്‍' ആണ് ആമിര്‍ ഖാന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ചിത്രത്തില്‍ ഒരു ബാസ്‌ക്കറ്റ് ബോള്‍ കോച്ചിന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. ഭിന്നശേഷിക്കാരായ വ്യക്തികളുടെ ഒരു ടീമിനെ പരിശീലിപ്പിക്കുന്ന കോച്ചായാണ് ആമിര്‍ എത്തുന്നത്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണം. ജെനീലിയ ഡിസൂസയാണ് നായിക. ആര്‍ എസ് പ്രസന്നയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

SCROLL FOR NEXT