ആമിർ ഖാന്‍ Source : Instagram
MOVIES

ഒടിടി ഡീല്‍ വേണ്ടെന്ന് വെച്ചു; 100 രൂപയ്ക്ക് സിത്താരെ സമീന്‍ പര്‍ യൂട്യൂബില്‍ ലഭിക്കുമെന്ന് ആമിര്‍ ഖാന്‍

ആര്‍.എസ്. പ്രസന്ന സംവിധാനം ചെയ്ത സിത്താരെ സമീന്‍ പര്‍ ജൂണ്‍ 20നാണ് രാജ്യമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.

Author : ന്യൂസ് ഡെസ്ക്

ബോളിവുഡ് താരം ആമിര്‍ ഖാന്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ സിത്താരെ സമീന്‍ പര്‍ തിയേറ്റര്‍ പ്രദര്‍ശനത്തിന് ശേഷം യൂട്യൂബില്‍ പേ പര്‍ വ്യൂ മോഡലില്‍ ലഭ്യമാകുമെന്ന് അറിയിച്ചു. ഓഗസ്റ്റ് ഒന്ന് മുതല്‍ ചിത്രം ഇന്ത്യയില്‍ 100 രൂപയ്ക്ക് യൂട്യൂബില്‍ ലഭ്യമാകും. കൂടാതെ യുഎസ്, കാനഡ, യുകെ, ഓസ്‌ട്രേലിയ, ജര്‍മനി, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, സ്‌പെയിന്‍ തുടങ്ങി 38 അന്താരാഷ്ട്ര വിപണികളിലും ലഭിക്കുന്നതാണ്.

ആര്‍.എസ്. പ്രസന്ന സംവിധാനം ചെയ്ത സിത്താരെ സമീന്‍ പര്‍ ജൂണ്‍ 20നാണ് രാജ്യമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ബോക്‌സ് ഓഫീസില്‍ നിന്നും ചിത്രം 250 കോടിക്ക് മുകളില്‍ നേടുകയും ചെയ്തു.

"കഴിഞ്ഞ 15 വര്‍ഷമായി തിയേറ്ററില്‍ പല കാരണങ്ങള്‍കൊണ്ട് എത്താന്‍ സാധിക്കാത്ത പ്രേക്ഷകരിലേക്ക് സിനിമ എങ്ങനെ എത്തിക്കാമെന്ന വെല്ലുവിളിയുമായി ഞാന്‍ പോരാടുകയായിരുന്നു. ഒടുവില്‍ അതിനുള്ള യഥാര്‍ത്ഥ സമയം വന്നിരിക്കുന്നു. നമ്മുടെ സര്‍ക്കാര്‍ യുപിഐ കൊണ്ടുവന്നതോട് കൂടി ഇലെക്ട്രോണിക് പേമെന്റില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ്. അതുപോലെ തന്നെ ഇന്റര്‍നെറ്റിന്റെ വ്യാപനം ഇന്ത്യയില്‍ ദിനം പ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മിക്കവര്‍ക്കും യൂട്യൂബ് ലഭ്യമായതോടു കൂടി ഇന്ത്യയിലെ ജനങ്ങളിലേക്കും ലോകത്തിലെ പ്രധാന ഭാഗങ്ങളിലേക്കുമുള്ള പ്രവേശനം നമുക്ക് സാധ്യമായി", എന്നാണ് ആമിര്‍ പറഞ്ഞത്.

സിനിമ എല്ലാവരിലേക്കും ന്യായമായ വിലയ്ക്ക് എത്തിക്കണമെന്നത് തന്റെ സ്വപ്‌നമാണെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. "ആളുകള്‍ക്ക് ഇഷ്ടമുള്ള സമയത്ത് ഇഷ്ടമുള്ള സിനിമ കാണാന്‍ കഴിയുന്ന ഒരു സാഹചര്യമുണ്ടാകുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ ആശയം വിജയിച്ചാല്‍ വ്യത്യസ്തമായ കഥകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സാധിക്കും", എന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.

'സിനിമാ മേഖലയിലേക്ക് പ്രവേശിക്കുന്ന ചെറുപ്പകാരായവര്‍ക്ക് ഇതൊരു മികച്ച അവസരമായിരിക്കും. ഈ ആശയം വിജയിച്ചാല്‍ അത് എല്ലാവരുടെയും വിജയമായി ഞാന്‍ കാണും', ആമിര്‍ വ്യക്തമാക്കി.

SCROLL FOR NEXT