രജനികാന്തിന്‍റെ 171-ാം ചിത്രം 'കൂലി'യില്‍ ബോളിവുഡ് താരം ആമിര്‍ ഖാനും. സിനിമയില്‍ അതിഥി വേഷത്തില്‍ ആമിര്‍ അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദിലെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം ലോകേഷ് കനകരാജും സംഘവും ചെന്നൈയില്‍ എത്തിയിരുന്നു. ചെന്നൈയിലെ സെറ്റില്‍ നടക്കുന്ന രണ്ടാം ഷെഡ്യൂളില്‍ ആമിര്‍ ഖാന്‍റെ രംഗങ്ങള്‍ ചിത്രീകരിക്കുമെന്ന് പീപ്പീങ് മൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ചിത്രത്തില്‍ ഏത് തരം കഥാപാത്രത്തെയാകും ലോകേഷ് ആമിറിനായി കരുതിവെച്ചിരിക്കുന്നത് വ്യക്തമല്ല. നേരത്തെ പുറത്തുവന്ന സിനിമയിലെ മറ്റ് കഥാപാത്രങ്ങളടെ ക്യാരക്ടര്‍ പോസ്റ്ററുകളിലൊന്നും ആമിറിന്‍റെ പേര് ഉണ്ടായിരുന്നില്ല. വിക്രമിലെ റോളക്സിനെ പോലെ ദൈര്‍ഘ്യം കുറവാണെങ്കിലും വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ പോന്ന കഥാപാത്രമാകും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആമിര്‍ ഖാനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് ഒരു മുഴുനീള സിനിമ ഒരുക്കാന്‍ തയാറെടക്കുന്നു എന്നൊരു വാര്‍ത്തയും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 1995 ൽ പുറത്തിറങ്ങിയ ആതങ്ക് ഹി ആതങ്ക് എന്ന സിനിമയിൽ രജനികാന്തിനൊപ്പം ആമിര്‍ സ്ക്രീനിലെത്തിയിരുന്നു.
സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന കൂലിയില്‍ ദക്ഷിണേന്ത്യന്‍ സിനിമ ലോകത്തെ പ്രമുഖരാണ് അണിനിരക്കുന്നത്. തെലുങ്ക് താരം നാഗാര്‍ജുന, കന്നട താരം ഉപേന്ദ്ര, മലയാളി നടന്‍ സൗബിന്‍ ഷാഹിര്‍, തമിഴ് നടന്‍ സത്യരാജ്, ശ്രുതിഹാസന്‍ എന്നിവരുടെ സിനിമയിലെ സാന്നിധ്യം ഔദ്യോഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞു.
ഗിരീഷ് ഗംഗാധരനാണ് കൂലിയുടെ ഛായാഗ്രഹണം. അനിരുദ്ധ് സംഗീതവും അന്‍പറിവ് ആക്ഷന്‍ കൊറിയോഗ്രാഫിയും നിര്‍വഹിക്കും. വിജയ് ചിത്രം ലിയോ ആണ് ലോകേഷിന്‍റെ ഒടുവില്‍ റിലീസായ ചിത്രം.