MOVIES

പുകവലി നിര്‍ത്താന്‍ ആമിര്‍ ഖാന്‍; പക്ഷെ മകന്റെ സിനിമ ബോക്‌സ് ഓഫീസ് ഹിറ്റാകണം

ജനുവരി 10ന് മുംബൈയില്‍ വെച്ച് ആമിര്‍ ഖാനായിരിക്കും ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്യുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്

Author : ന്യൂസ് ഡെസ്ക്


ബോളിവുഡ് താരം ആമിര്‍ ഖാന്‍ പുകവലി നിര്‍ത്താന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. തന്റെ മുതിര്‍ന്ന മകന്‍ ജുനൈദ് ഖാന്റെ രണ്ടാമത്തെ ചിത്രമായ 'ലൗയപ്പ' ബോക്‌സ് ഓഫീസില്‍ വിജയമായാല്‍ ആമിര്‍ ഖാന്‍ പുകവലി നിര്‍ത്തുമെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ മാധ്യമങ്ങളോട് സംസാരിക്കവെ താരം ലൗയപ്പയെ കുറിച്ച് സംസാരിച്ചിരുന്നു.

'എനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടു. വളരെ രസകരമായ സിനിമയാണ്. ഇന്നത്തെ കാലത്ത് മൊബൈല്‍ ഫോണുകൊണ്ടും ടെക്‌നോളജി കൊണ്ടും നമ്മുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളാണ് സിനിമയില്‍ രസകരമായി പറഞ്ഞുവെച്ചിരിക്കുന്നത്. എല്ലാ അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്. ഞാന്‍ സിനിമ കണ്ടപ്പോള്‍ ഖുഷിയെ കണ്ടു. എനിക്ക് അവളില്‍ ശ്രീദേവിയെ കാണാന്‍ സാധിച്ചു. അവരുടെ എനര്‍ജി അവളില്‍ ഉണ്ടായിരുന്നു. അതെനിക്ക് കാണാന്‍ സാധിച്ചു. ഞാന്‍ ശ്രീദേവിയുടെ വലിയൊരു ആരാധകനാണ്', എന്നാണ് ആമിര്‍ ഖാന്‍ പറഞ്ഞത്.

ജനുവരി 10ന് മുംബൈയില്‍ വെച്ച് ആമിര്‍ ഖാനായിരിക്കും ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്യുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ജുനൈദ് ഖാന്‍, ഖുഷി കപൂര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് ലൗയപ്പ. അദ്വൈദ് ചന്ദന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഫാന്റം സ്റ്റുഡിയോസിന്റെയും എജിഎസ് എന്റര്‍ട്ടെയിന്‍മെന്റിന്റേയും ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഫെബ്രുവരി 7നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

SCROLL FOR NEXT