MOVIES

'അത് രാഞ്ജനയുടെ ലോകത്തില്‍ നിന്നാണ്, പക്ഷെ....'; ധനുഷിന്റെ തേരെ ഇഷ്‌ക് മേയെ കുറിച്ച് ആനന്ദ് എല്‍ റായ്

തേരെ ഇഷ്‌ക് മേ എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുകയാണ്

Author : ന്യൂസ് ഡെസ്ക്


സംവിധായകന്‍ ആനന്ദ് എല്‍ റായിയും ധനുഷും ഒന്നിച്ച റൊമാന്റിക് ഹിറ്റുകളാണ് രാഞ്ജന, അത്രങ്കി രേ എന്നീ ചിത്രങ്ങള്‍. തേരെ ഇഷ്‌ക് മേ എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. അടുത്ത മാസത്തോടെ തേരെ ഇഷ്‌ക് മേയുടെ പ്രീ പ്രൊഡക്ഷന്‍ ആരംഭിക്കുകയും ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുകയും ചെയ്യും. ഇപ്പോഴിതാ ചിത്രത്തില്‍ ധനുഷിനെ കാസ്റ്റ് ചെയ്തതിനെ കുറിച്ചും തേരെ ഇഷ്‌ക് മേയെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് ആനന്ദ് എല്‍ റായ്.

'ധനുഷ് എന്റെ കംഫര്‍ട്ട് സോണാണ്. അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യാന്‍ കംഫര്‍ട്ടബിള്‍ ആണ്. ഇത്തരത്തില്‍ ലെയേഡായ വെല്ലുവിളി നിറഞ്ഞ കഥകള്‍ ചെയ്യുമ്പോള്‍ എന്നോടൊപ്പം എനിക്ക് എന്റെ ശക്തമായ തൂണുകള്‍ ആവശ്യമാണ്. അതിലൊരാളാണ് ധനുഷ്', എന്നാണ് ആനന്ദ് എല്‍ റായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

'എപ്പോഴൊക്കെ അതിഭയങ്കരമായ കഥ പറയാന്‍ ശ്രമിക്കുന്നുവോ അപ്പോഴെല്ലാം എനിക്ക് വലിയ നടന്‍മാരെ ആവശ്യമായി വരും. അങ്ങനെ വരുമ്പോള്‍ ഞാന്‍ ആശ്രയിക്കുന്ന ആളാണ് ധനുഷ്. എന്റെ മറ്റൊരു നെടുന്തൂണ്‍ ആണ് എആര്‍ റഹ്‌മാന്‍ സര്‍. എനിക്കൊരിക്കലും സിനിമ ഒറ്റയ്ക്ക് സൃഷ്ടിക്കാന്‍ സാധിക്കില്ല. അതിന് എനിക്ക് ആളുകളുടെ സഹായം ആവശ്യമാണ്. അവരുമായി ഒരു നല്ല ബന്ധവും കംഫര്‍ട്ടും ഉണ്ടാക്കിയെടുക്കണം', ആനന്ദ് എല്‍ റായ് പറഞ്ഞു.


രാഞ്ജനയും തേരെ ഇഷ്‌ക് മേയും തമ്മിലുള്ള സാമ്യത്തെ കുറിച്ചും ആനന്ദ് സംസാരിച്ചു. 'രാഞ്ജനയുടെ ലോകത്തില്‍ നിന്ന് തന്നെയാണ് തേരെ ഇഷ്‌ക് മേയും. എന്നാല്‍ അത് രാഞ്ചനാ 2 ആണോ? അല്ല. രാഞ്ജന എന്ന് പറയുമ്പോള്‍ അതിലെ വൈകാരികമായ വിഷയത്തെ കുറിച്ചാണ് ഞാന്‍ പറയുന്നത്. രണ്ടും ട്രാജെഡികളാണ്. രണ്ടിലും ദേഷ്യവും വിഷമവും ഉണ്ട്. രണ്ട് പ്രണയ കഥകളും ലയേഡാണ്. വെറും ഒരു സ്ത്രീ-പുരുഷ ബന്ധത്തെ കുറിച്ചല്ല സിനിമ സംസാരിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ തേരെ ഇഷ്‌ക് രാഞ്ജനയുടെ ലോകത്തില്‍ നിന്നാണെന്ന് പറഞ്ഞത്. പക്ഷെ രണ്ടും രണ്ട് കഥകളാണ്', എന്നും ആനന്ദ് എല്‍ റായ് കൂട്ടിച്ചേര്‍ത്തു.

ബോളിവുഡ് താരം തൃപ്തി ദിമ്രിയായിരിക്കും സിനിമയിലെ നായിക എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ അതേ കുറിച്ച് ആനന്ദ് എല്‍ റായ് ഒന്നും പറഞ്ഞില്ല. അതിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും എന്നാല്‍ അഭിനയിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള കഥാപാത്രമായിരിക്കും ചിത്രത്തിലെ നായികാ കഥാപാത്രമെന്ന് മാത്രം അദ്ദേഹം വ്യക്തമാക്കി.


SCROLL FOR NEXT