അഭിനയം പോലെ തന്നെ നടന്‍ അജിത്തിന് പ്രിയപ്പെട്ടതാണ് യാത്രകളും കാറുകളും റേസിങ്ങും. ഇപ്പോഴിതാ സ്വന്തമായി റേസിംഗ് ടീം പ്രഖ്യാപിച്ചിരിക്കുകയാണ് താരം. 'അജിത് കുമാര്‍ റേസിംഗ്' എന്നാണ് ടീമിന്റെ പേര്. അജിത്തിന്റെ മാനേജര്‍ കൂടിയായ സുരേഷ് ചന്ദ്രയാണ് ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
ആവേശകരമായ പുതിയ സാഹസികതയ്ക്ക് തുടക്കം കുറിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സുരേഷ് ചന്ദ്ര കുറിച്ചത്. ഫാബിയന്‍ ഡഫിയുക്‌സ്വില്‍ ആണ് അജിത് കുമാര്‍ റേസിങ്ങിന്റെ ഔദ്യോഗിക ഡ്രൈവര്‍. വരാനിരിക്കുന്ന യൂറോപ്യന്‍ റേസിങ് സീസണിലൂടെയാണ് അജിത് റേസിംഗിലേക്ക് തിരിച്ചെത്തുന്നത്.
ദേശീയ സിംഗിള്‍-സീറ്റര്‍ റേസിങ് ചാംപ്യന്‍ഷിപ്പ്, ഏഷ്യന്‍ ഫോര്‍മുല ബിഎംഡബ്ല്യു ചാംപ്യന്‍ഷിപ്പ്, ബ്രിട്ടീഷ് ഫോര്‍മുല 3 ചാംപ്യന്‍ഷിപ്പ് തുടങ്ങിയവയില്‍ അജിത്ത് പങ്കെടുത്തിട്ടുണ്ട്. അടുത്തിടെ റേസിങ്ങില്‍ സജീവമാവാന്‍ വേണ്ടി അജിത്ത് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു. അതിന് പിന്നാലെയാണ് താരം സ്വന്തമായി റേസീങ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്.