നടനും സംവിധായകനുമായ ബേസിൽ ജോസഫ് സിനിമ നിർമാണ രംഗത്തേക്ക്. 'ബേസിൽ ജോസഫ് എന്റർടൈൻമെന്റ്' എന്നാണ് നിർമാണ കമ്പനിയുടെ പേര്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. കഥകൾ കുറച്ചുകൂടി മനോഹരമായി പറയാൻ ആഗ്രഹിക്കുന്നുവെന്ന് ബേസിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
"സിനിമാ നിര്‍മാണം- ഇതുവരെ ചെയ്തിട്ടില്ലാത്ത ഒന്ന് പരീക്ഷിക്കാനൊരുങ്ങുകയാണ് ഞാന്‍. ഇതെങ്ങെനെയാണ് എന്ന് പഠിച്ചുവരികയാണ്. എന്നാൽ ഒരു കാര്യം എനിക്കറിയാം. കഥകള്‍ പുതിയ രീതിയിൽ കൂടുതല്‍ മികച്ചതും, ധീരവുമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ പുതിയ പാത നമ്മളെ എവിടേക്ക് കൊണ്ടുപോകുമെന്ന് നോക്കാം," ബേസിൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ബേസിലിൻ്റെ 'ഐക്കോണിക്' ചിരിയുൾപ്പെടുത്തിയ പ്രമോ വീഡിയോക്ക് പോസ്റ്റ് ചെയ്ത് മിനുട്ടുകൾക്കകം വമ്പൻ പ്രതികരണം ലഭിച്ചിട്ടുണ്ട്. ആദ്യ പ്രൊഡക്ഷനിൽ ഞാൻ അല്ലേ നായകനെന്ന് നടൻ ടൊവിനോ തോമസ് പ്രതികരിച്ചു. ചിരിയെക്കുറിച്ചാണ് നടി നിഖില വിമലിൻ്റെ കമൻ്റ്.