'വിസാരണൈ' എന്ന ചിത്രത്തിന് ശേഷം തനിക്ക് പൊലീസിനെ കാണുന്നത് ഭയമായിരുന്നുവെന്ന് നടൻ അട്ടകത്തി ദിനേശ്. കാക്കി നിറമോ പൊലീസിനെയോ കാണുന്നതും ഭയമായിരുന്നുവെന്നും അത് നാല് വർഷത്തോളം തന്നെ വേട്ടയാടിയെന്നും അട്ടക്കത്തി ദിനേശ് പറഞ്ഞു. സമൂഹത്തിൽ നടക്കുന്ന യാഥാർഥ്യമായിരുന്നു 'വിസാരണൈ'എന്ന ചിത്രത്തിലൂടെ ചൂണ്ടിക്കാട്ടിയത്. ഇപ്പോഴിതാ, തന്നോട് പലരും ചിത്രത്തിന്റെ രണ്ടാം ഭാഗം വരില്ലേയെന്ന് ചോദിക്കുമ്പോൾ അത് രണ്ടാമതൊന്ന് കൂടി സംഭവിക്കരുതേയെന്ന് ആഗ്രഹിക്കുന്നുവെന്ന് പറയുകയാണ് അട്ടക്കത്തി ദിനേശ്. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.
'വിസാരണൈക്ക് ശേഷം നന്നായി സംസാരിക്കാൻ തന്നെ ബുദ്ധിമുട്ടിയിരുന്നു. വിസാരണൈയുടെ രണ്ടാം ഭാഗം എപ്പോൾ വരുമെന്ന് പലരും ചോദിക്കാറുണ്ട്. ഇതിന്‍റെ ഫസ്റ്റ്പാർട്ട് ഉണ്ടാകുന്നത് തന്നെ സമൂഹത്തിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ സംഭവിക്കുന്നു എന്നതുകൊണ്ടാണ്. ഇപ്പോഴും അതുപോലെ നടക്കുന്നുണ്ട്. എന്നാൽ അത്തരം സംഭവങ്ങൾ ഒന്നും നടക്കാൻ പാടില്ല, സിനിമയിൽ പോലും നടക്കാൻ പാടില്ല എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. വെട്രി സാർ തന്നെ അതെനിക്ക് ഒന്നു കൂടി തന്നാലും, ഇനി വേണ്ട, യഥാർഥത്തിലും അത് വേണ്ട', അട്ടക്കത്തി ദിനേശ് പറഞ്ഞു.
ALSO READ: സിനിമയിൽ പുരുഷന്മാർക്ക് മേധാവിത്വം, തമിഴ് സിനിമാ സംവിധായകൻ സെറ്റിൽ വെച്ച് തല്ലി: പത്മപ്രിയ
വെട്രിമാരനാണ് ചിത്രം സംവിധാനം ചെയ്തത്. അട്ടകത്തി ദിനേശ്, അനന്ദി, സമുദ്രക്കനി, ആടുകളം മുരുകദോസ്, മിഷ ഘോഷല്‍ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തിലെത്തിയത്. വെട്രിമാരനും ധനുഷും ചേര്‍ന്നാണ് വിസാരണൈ നിര്‍മിച്ചത്. എം. ചന്ദ്രകുമാര്‍ എഴുതിയ ലോക്കപ് എന്ന നോവലാണ് സിനിമയ്ക്ക് ആധാരം. ആന്ധ്രയിലെ ഗുണ്ടൂരില്‍ 13 ദിവസം പോലീസിന്റെ ക്രൂരപീഢനത്തിന് ഇരയായിട്ടും തന്റെ നിരപരാധിത്വത്തില്‍ ഉറച്ചുനിന്ന ഓട്ടോ ചന്ദ്രനാണ് വിസാരണൈ എന്ന ചിത്രത്തിന് പ്രചോദനമായത്. ഓസ്കറിലേക്ക് ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ട ചിത്രമായിരുന്നു വിസാരണൈ.