നടി ശ്വേത മേനോന് പിന്തുണയുമായി നടൻ ദേവൻ. ശ്വേതാ മേനോൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കേസ് അനാവശ്യമെന്നും ദേവൻ പ്രതികരിച്ചു. കേസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഉണ്ടായതെന്ന് കരുതുന്നുവെന്നും ദേവൻ പറഞ്ഞു.
കേസിൽ പറയുന്നതുപോലെ ഉള്ള ഒരു കലാകാരി അല്ല അവർ. ശ്വേതയ്ക്ക് എതിരായ കേസ് അമ്മ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായതെന്ന് കരുതുന്നു, കേസിൽ ഒന്നുമില്ലെന്നും ദേവൻ പ്രതികരിച്ചു. താരസംഘടനയായ അമ്മ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേത മേനോൻ്റെ എതിർസ്ഥാനാർഥിയാണ് ദേവൻ.
അതേസമയം, അശ്ലീല ചിത്രത്തിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്ന കേസിൽ നടി ശ്വേത മേനോൻ ഹൈക്കോടതിയിൽ. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. അന്വേഷണ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. ഹർജി ഇന്ന് തന്നെ പരിഗണിക്കാൻ കോടതിയോട് ആവശ്യപ്പെടും. എന്നാൽ കോടതി നിർദേശപ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. പരിശോധനയ്ക്ക് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.
അതേസമയം അമ്മ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഉയർന്ന പരാതിയിൽ ശ്വേത മേനോന് പിന്തുണയുമായി താരങ്ങളെത്തി. കേസ് കെട്ടിച്ചമച്ചതെന്ന് സാബുമോൻ ഫേസ് ബുക്കിൽ കുറിച്ചപ്പോൾ ഒറ്റക്കെട്ടായി നേരിടുമെന്ന് രവീന്ദ്രൻ പറഞ്ഞു. പിന്നിൽ പവർ ഗ്രൂപ്പെന്ന് നടി രഞ്ജിനിയും പരാതിക്ക് പിന്നിൽ ഗൂഢാലോചനയെന്ന് ഭാഗ്യ ലക്ഷ്മിയും പ്രതികരിച്ചു. ശ്വേത മേനോന് എതിരായി കേസ് എടുത്തത് കോമഡി ആയിട്ടാണ് തോന്നിയതെന്ന് ടോവിനോ തോമസും പ്രതികരിച്ചു.