ജയറാം Source : Facebook
MOVIES

'ലോക' 100 കോടി ചിലവാക്കി 25 കോടിയുടെ ഗ്രാഫിക്‌സ് കൊണ്ടുവരുന്ന സിനിമകളേക്കാള്‍ വലുത് : ജയറാം

ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരെയും ജയറാം പ്രശംസിച്ചു.

Author : ന്യൂസ് ഡെസ്ക്

ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ലോകയെ പ്രശംസിച്ച് നടന്‍ ജയറാം. മിറൈ എന്ന ചിത്രത്തിന്റെ കേരളാ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു താരം. ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരെയും ജയറാം പ്രശംസിച്ചു.

"100 കോടി ചിലവാക്കി 25 കോടിയുടെ ഗ്രാഫിക്സ് കൊണ്ടുവരുന്ന ചിത്രങ്ങളേക്കാള്‍ വലുതാണ് ലോക പോലുള്ള സിനിമകള്‍. അതൊരു 30 കോടി ബജറ്റിലെടുത്ത സിനിമയാണെന്നാണ് എന്റെ വിശ്വാസം. പക്ഷെ 100 കോടിക്ക് മുകളില്‍ ബജറ്റുള്ള സിനിമയുടെ എഫക്ടല്ലേ അത് നമ്മളെ കാണിക്കുന്നത്? ചിത്രത്തിന്റെ സാങ്കേതിക വിദഗ്ദര്‍ക്ക് 100 ശതമാനം കയ്യടികൊടുക്കേണ്ടതുണ്ട്. ലോകം മുഴുവന്‍ അത് കണ്ട് പഠിക്കേണ്ടതാണ്", ജയറാം പറഞ്ഞു.

ഓഗസ്റ്റ് 28ന് തിയേറ്ററിലെത്തിയ ചിത്രം ഏഴ് ദിവസം കൊണ്ട് തന്നെ 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. അതിന് ശേഷം 13-ാം ദിവസം ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ 200 കോടിയും നേടി. അങ്ങനെ മലയാളത്തില്‍ 200 കോടി ക്ലബ്ബില്‍ ഇടം നേടിയ നാലാമത്തെ ചിത്രമായി ലോക മാറി. എമ്പുരാന് ശേഷം ഏറ്റവും വേഗത്തില്‍ 200 കോടി നേടുന്ന ചിത്രം കൂടിയാണിത്. തുടരും, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നിവയാണ് 200 കോടി ക്ലബ്ബില്‍ ഇടംനേടിയ മറ്റ് മലയാള സിനിമകള്‍.

നായികാ കേന്ദ്രീകൃതമായ ഒരു തെന്നിന്ത്യന്‍ സിനിമ ബോക്‌സോഫീസില്‍ കോടികള്‍ കൊയ്യുന്നതും അപൂര്‍വ കാഴ്ചയാണ്. മലയാളത്തിന്റെ ആദ്യ ഫീമെയില്‍ സൂപ്പര്‍ ഹീറോ കൂടിയാണ് ലോകയിലെ കല്യാണിയുടെ ചന്ദ്ര എന്ന കഥാപാത്രം. ഏകദേശം 30 കോടി ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ്.

SCROLL FOR NEXT