നടന്‍ ജോജു പണി എന്ന ചിത്രത്തിന് ശേഷം തന്റെ പുതിയ തമിഴ് ചിത്രമായ റെട്രോയുടെ റിലീസിനായി കാത്തിരിക്കുകയാണ്. കാര്‍ത്തിക് സുബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ത്യ ടുഡേ ഡിജിറ്റലുമായുള്ള അഭിമുഖത്തില്‍ ജോജു സൂര്യക്കൊപ്പം സിനിമ ചെയ്യുന്നതിനെ കുറിച്ചും താന്‍ ആദ്യമായി സംവിധാനം ചെയ്ത പണി എന്ന ചിത്രത്തെ കുറിച്ചും സംസാരിച്ചു.
'സൂര്യ സാറിനൊപ്പം സിനിമ ചെയ്യാന്‍ സാധിച്ചതിലും കാര്‍ത്തികുമായി വീണ്ടും ഒന്നിക്കാന്‍ സാധിച്ചതിലും സന്തോഷം. കാര്‍ത്തിക് എന്റെ നല്ല സുഹൃത്താണ്. റെട്രോ ഒരു മികച്ച സിനിമയായിരിക്കും. ഇത്രയും വലിയ സിനിമയുടെ ഭാഗമായതില്‍ സന്തോഷം. എന്റെ കഥാപാത്രം സിനിമയില്‍ വളരെ പ്രധാനപ്പെട്ടതാണ്', എന്നാണ് ജോജു പറഞ്ഞത്.
ജോജു ആദ്യമായി സംവിധാനം ചെയ്ത പണി തിയേറ്ററിലെത്തിയത് 2024 ഒക്ടോബറിലാണ്. 'ഞാന്‍ ഇത് പ്ലാന്‍ ചെയ്യാന്‍ തുടങ്ങിയിട്ട് കുറച്ച് വര്‍ഷങ്ങളായി. എനിക്ക് കൊമേഷ്യല്‍ സിനിമയുടെ ഇടത്തിലേക്ക് എത്തണമായിരുന്നു. അതുകൊണ്ടാണ് പണി ചെയ്തത്', എന്നാണ് സിനിമയെ കുറിച്ച് ജോജു പറഞ്ഞത്. എങ്ങനെയാണ് കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് എന്നതിനെ കുറിച്ചും താരം സംസാരിച്ചു. 'തിരക്കഥയാണ് എനിക്ക് എല്ലാം. പിന്നെ സംവിധായകനും ഒരു സിനിമ ചെയ്യണം എന്ന് തീരുമാനിക്കുന്നതില്‍ പ്രധാനമാണ്. സംവിധായകന്‍ നല്ലതാണെങ്കില്‍ പിന്നെ ചര്‍ച്ചകളുടെ ആവശ്യമില്ല. അതല്ലെങ്കില്‍ ഞാന്‍ തിരക്കഥ നന്നായി പഠിച്ച ശേഷമെ സിനിമ ചെയ്യണോ എന്ന് തീരുമാനിക്കുകയുള്ളൂ', എന്നാണ് ജോജു പറഞ്ഞത്.
'ഞാന്‍ തിരക്കഥയാിലാണ് ശ്രദ്ധിക്കുന്നത്. എനിക്ക് അത് ഇഷ്ടപ്പെട്ടാല്‍ പിന്നെ സംവിധായകനുമായി ചേര്‍ന്ന് നിന്നുകൊണ്ട് ഞാന്‍ സിനിമയ്ക്ക് വേണ്ടി പണിയെടുക്കും. ഒരു കഥാപാത്രത്തിന് വേണ്ടി ഞാന്‍ ചെയ്യുന്ന റിസേര്‍ച്ചാണ് എന്നെ സഹായിക്കുന്നത്. ഞാന്‍ കഴിവില്‍ മാത്രമായി ആശ്രയിക്കാറില്ല. ഞാന്‍ കൂടുതല്‍ പഠിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യും', എന്നാണ് കഥാപാത്രത്തിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്താറുണ്ടോ എന്ന ചോദ്യത്തിന് ജോജു മറുപടി പറഞ്ഞത്.
അതേസമയം ജോജു കൂടി കേന്ദ്ര കഥാപാത്രമായ സൂര്യ ചിത്രം റെട്രോ മെയ് 1നാണ് തിയേറ്ററിലെത്തുന്നത്. കര്‍ത്തിക് സുബരാജും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.