നയന്‍താര 
MOVIES

ലേഡി സൂപ്പര്‍ സ്റ്റാര്‍ വിളി വേണ്ട; പേര് വിളിച്ചാല്‍ മതിയെന്ന് നയന്‍താര

ആ പേര് എന്റെ ഹൃദയത്തോട് ഏറ്റവും അടുത്തുനിൽക്കുന്നതായി എനിക്ക് തോന്നുന്നുവെന്ന് താരം

Author : ന്യൂസ് ഡെസ്ക്


ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് നയന്‍താര. പേര് വിളിക്കണമെന്ന് വിനയത്തോടെ അഭ്യര്‍ഥിക്കുന്നു. നയന്‍താര എന്ന പേരാണ് ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നത്. അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല, ഒരു വ്യക്തിയെന്ന നിലയിലും ഞാന്‍ ആരാണെന്ന് പ്രതിനിധീകരിക്കുന്നത് ആ പേരാണെന്നും നയന്‍താര പ്രസ്താവനയില്‍ വ്യക്തമാക്കി.

'നിങ്ങളുടെ നിരുപാധിക സ്നേഹവും വാത്സല്യവും കൊണ്ട് അലങ്കരിക്കപ്പെട്ട ഒരു തുറന്ന പുസ്തകമാണ് എന്റെ ജീവിതം. വിജയവേളകളില്‍ എന്റെ തോളിൽ തട്ടിയും, പ്രയാസവേളകളില്‍ കൈകള്‍ നീട്ടിയും നിങ്ങള്‍ എപ്പോഴും എനിക്കൊപ്പമുണ്ടായിരുന്നു. നിങ്ങളിൽ പലരും എന്നെ 'ലേഡി സൂപ്പർ സ്റ്റാർ' എന്ന് സ്നേഹപൂർവം വിളിച്ചിട്ടുണ്ട്. ഇത്രയും വിലയേറിയ ഒരു പദവികൊണ്ട് എന്നെ അലങ്കരിക്കുന്നതിന് ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. എന്നാൽ നിങ്ങളെല്ലാവരും എന്നെ 'നയൻതാര' എന്ന് വിളിക്കണമെന്ന് ഞാൻ വിനയത്തോടെ അഭ്യർഥിക്കുന്നു. അത് എന്തുകൊണ്ടെന്നാല്‍, ആ പേര് എന്റെ ഹൃദയത്തോട് ഏറ്റവും അടുത്തുനിൽക്കുന്നതായി എനിക്ക് തോന്നുന്നു. അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല, ഒരു വ്യക്തിയെന്ന നിലയിലും ഞാന്‍ ആരാണെന്ന് പ്രതിനിധീകരിക്കുന്നത് അതാണ്' -നയന്‍താര പറയുന്നു.

പദവികളും അംഗീകാരങ്ങളും വിലമതിക്കാനാവാത്തതാണ്, പക്ഷേ അവയ്ക്ക് ചിലപ്പോൾ നമ്മെ ജോലിയില്‍ നിന്നും, നിങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്ന ബന്ധത്തില്‍ നിന്നും വേര്‍തിരിക്കാനുമാവും. എല്ലാ പരിധികൾക്കും അതീതമായി നമ്മെ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ ഭാഷ പങ്കിടാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. ഭാവി നമുക്കെല്ലാം പ്രവചനാതീതമാണെങ്കിലും നിങ്ങളുടെ പിന്തുണ എന്നും നിലനിൽക്കുമെന്നതിൽ വളരെ സന്തോഷിക്കുന്നുവെന്നും പ്രസ്താവനയില്‍ നയന്‍താര കുറിച്ചു.

SCROLL FOR NEXT