നടനും സംവിധായകനുമായ ശ്രീനിവാസൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടിത്തി നടി മഞ്ജു വാര്യർ. കാലാതിവർത്തിയാകുക എന്നതാണ് ഒരു കലാകാരന് ഈ ഭൂമിയിൽ അവശേഷിപ്പിക്കാനാകുന്ന ഏറ്റവും മനോഹരമായ അടയാളം. എഴുത്തിലും അഭിനയത്തിലും സംവിധാനത്തിലും ശ്രീനിയേട്ടന് അത് സാധിച്ചു. അങ്ങനെ, ഒരുതരത്തിൽ അല്ല പലതരത്തിലും തലത്തിലും അദ്ദേഹം കാലത്തെ അതിജീവിക്കുന്നു. വ്യക്തിപരമായ ഓർമകൾ ഒരുപാട്. എന്തുപറഞ്ഞാലും അവസാനം ഒരു ഉച്ചത്തിലുള്ള ചിരിയിൽ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടൻ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണ്. പക്ഷേ ഇല്ലാതാകുന്നത് ഒരു ശരീരം മാത്രമാണെന്നും ആ പേര് ഇനിയും പല കാലം പലതരത്തിൽ ഇവിടെ ജീവിക്കും എന്നും വിശ്വസിച്ചു കൊണ്ട് അന്ത്യാഞ്ജലി നേരുന്നതായി നടി മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
ശ്രീനിവാസന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. കാലത്തിനു മുന്നേ സഞ്ചരിച്ച കലാകാരൻ. ശ്രീനിവാസന്റെ എഴുത്തുകൾ ആരെയും വേദനിപ്പിക്കുന്നില്ല. പക്ഷേ എന്നും ചിന്തിപ്പിക്കുന്നതാണ്. സന്ദേശവും വെള്ളാനകളുടെ നാടുമെല്ലാം ഇന്നും മലയാളി ഓർത്തിരിക്കുന്നതാണ്. പ്രേക്ഷകനെ ശ്രീനിവാസൻ ശ്രീനിവാസനിലൂടെ അവതരിപ്പിച്ചു. ശ്രീനിവാസന്റെ എഴുത്തിൽ പോലും താരപരിവേശമില്ല. ചിന്തിപ്പിക്കാനും സാമൂഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകളും ആയിരുന്നു ശ്രീനിവാസന്റെത് എന്നും കെ.ബി. ഗണേഷ് കുമാർ.
നടനും തിരക്കഥാകൃത്തും ചലച്ചിത്ര നിർമാതാവുമായ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. അദ്ദേഹത്തിന്റെ വിശിഷ്ട പ്രകടനങ്ങളും കാലാതീതമായ സംഭാവനകളും എന്നെന്നും ഓർമിക്കപ്പെടും. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് മുക്തി ലഭിക്കട്ടെയെന്നും ഗവർണർ.
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി നടൻ മോഹൻലാൽ.
"യാത്ര പറയാതെ ശ്രീനി മടങ്ങി. ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളിൽ എങ്ങനെ ഒതുക്കുമെന്നറിയില്ല. സിനിമയിൽ ഒരുമിച്ചു പ്രവർത്തിച്ചവർ എന്ന നിർവചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്നേഹബന്ധം. ഓരോ മലയാളിക്കും ശ്രീനിയോടുള്ള ആത്മബന്ധവും അങ്ങനെ തന്നെയായിരുന്നല്ലോ. മലയാളി തൻ്റെ സ്വന്തം മുഖം, ശ്രീനി സൃഷ്ടിച്ച കഥാപാത്രങ്ങളിൽ കണ്ടു. സ്വന്തം വേദനകളും സന്തോഷങ്ങളും, ഇല്ലായ്മകളും അദ്ദേഹത്തിലൂടെ സ്ക്രീനിൽ കണ്ടു. മധ്യവർഗത്തിൻ്റെ സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും ആവിഷ്കരിക്കാൻ ശ്രീനിയെപ്പോലെ മറ്റാർക്ക് കഴിയും. ഞങ്ങൾ ഒന്നിച്ച കഥാപാത്രങ്ങൾ കാലാതീതമായി നിലനിൽക്കുന്നത്, ശ്രീനിയുടെ എഴുത്തിലെ മാജിക് ഒന്നുകൊണ്ട് മാത്രമാണ്. ദാസനും വിജയനും ഏതൊരു മലയാളിക്കും സ്വന്തം ആളുകളായി മാറിയത് ശ്രീനിയുടെ അനുഗ്രഹീത രചനാവൈഭവം ഒന്നു കൊണ്ടാണ്. സമൂഹത്തിൻ്റെ പ്രതിഫലനമായിരുന്നു അദ്ദേഹത്തിൻ്റെ സൃഷ്ടികൾ. വേദനയെ ചിരിയിൽ പകർത്തിയ പ്രിയപ്പെട്ടവൻ. സ്ക്രീനിലും ജീവിതത്തിലും ഞങ്ങൾ ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു.. പ്രിയപ്പെട്ട ശ്രീനിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു"
മലയാള ചലച്ചിത്രലോകത്തെ അതുല്യപ്രതിഭയെയാണ് ശ്രീനിവാസന്റെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായതെന്ന് വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നിങ്ങനെ സിനിയിലെ എല്ലാമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച ശ്രീനിവാസന്റെ വിയോഗം എന്നും തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
"എന്റെ സുഹൃത്ത് ശ്രീനിവാസന്റെ വിയോഗം ഞെട്ടിക്കുന്നതാണ്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്റെ സഹപാഠിയായിരുന്നു. മികച്ച നടനും നല്ല മനുഷ്യനുമായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ," രജനികാന്ത്.
മലയാള സിനിമയെ ഉന്നതിയിൽ എത്തിച്ച വ്യക്തിയാണ് ശ്രീനിവാസൻ എന്ന് ജോൺ ബ്രിട്ടാസ്. എല്ലാ അതിർവരമ്പുകളും ഭേദിച്ച വ്യക്തി. നർമവും ഹാസ്യവും ഉപയോഗിച്ച് ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.
ഒരിക്കലും മരിക്കാത്ത ഹാസ്യമാണ് ശ്രീനിവാസൻ എന്ന് നടൻ ഹരീഷ് കണാരൻ. ചിരിയും ചിന്തയും നൽകുന്ന സിനിമകൾ സമ്മാനിച്ച ശ്രീനിവാസനെ എല്ലാ തലമുറയും ഓർമിക്കും എന്നും ഹരീഷ് കണാരൻ പറഞ്ഞു.
മലയാള സിനിമയ്ക്കും കേരളക്കരയ്ക്കും മലയാളികളായ എല്ലാ പ്രേക്ഷകര്‍ക്കും ഈ വേര്‍പാട് ഒരു ദുഃഖമായി കിടക്കും. എഴുത്തിലും സിനിമയിലും അദേഹത്തിന്റെ തുറന്നുപറച്ചിലുകളും നിലപാടുകളും നിര്‍ഭയം അവതരിപ്പിക്കുന്ന വ്യക്തിയായിരുന്നു.
കൊച്ചി: അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ മൃതശരീരം കണ്ണൂരിലെ വീട്ടിലേക്ക് കൊണ്ടുപോകില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ കണ്ടനാട്ടെ വീട്ടിൽ എത്തും. ഉച്ചയ്ക്ക് 12 മണിയോടെ നടൻ മമ്മൂട്ടിയും വീട്ടിലേക്ക് എത്തും. മോഹൻലാൽ എറണാകുളം ടൗൺ ഹാളിൽ എത്തും. സംസ്കാരം നാളെ കണ്ടനാട്ടെ വീട്ടിൽ രാവിലെ പത്ത് മണിയോടെ നടത്തും.
അഭിനയിച്ച കഥാപാത്രങ്ങളെയെല്ലാം അനശ്വരമാക്കിയ അതുല്യ കലാകാരന് ആദരാഞ്ജലികള്‍ എന്ന് മന്ത്രി വീണാ ജോർജും ഫേസ്ബുക്കിൽ കുറിച്ചു. എന്നും മലയാളത്തിന്റെ അഭിമാനമാണ് പ്രിയപ്പെട്ട ശ്രീനിവാസൻ. നടനും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിക്കുന്ന വിടവ് വലുതാണ്. കുടുംബാംഗങ്ങളുടേയും പ്രിയപ്പെട്ടവരുടേയും സുഹൃത്തുക്കളുടെയും ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി വീണാ ജോർജ് കുറിച്ചു.
മർമമറിഞ്ഞ് നർമം പറയുന്ന ശ്രീനിവാസിന്റെ വേർപാട് തീരാ സങ്കടമെന്ന് നടൻ നിർമ്മൽ പാലാഴി അനുസ്മരിച്ചു. സാധാരണക്കാരൻ്റ ജീവിതവും തമാശയും ആനുകാലിക വിമർശനവും ഒരുപോലെ കൈകാര്യം ചെയ്ത ശ്രീനിവാസിന്റെ വേർപാട് തീരാ നഷ്ട്ടമെന്നും നിർമ്മൽ പാലാഴി പറഞ്ഞു.
മലയാള സിനിമയിലെ വിസ്മയകരമായ ഒരു പ്രതിഭയെയാണ് ശ്രീനിവാസന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ അരനൂറ്റാണ്ടോളം മലയാള ചലച്ചിത്ര ലോകത്തെ വിസ്മയിപ്പിച്ച അദ്ദേഹം, ഒരു ബഹുമുഖ പ്രതിഭ എന്ന വാക്കിന് അർഥപൂർണമായ ഉദാഹരണമായിരുന്നു. സാധാരണക്കാരന്റെ ജീവിതാനുഭവങ്ങളെ ഇത്രത്തോളം തന്മയത്വത്തോടെയും ലളിതമായും വെള്ളിത്തിരയിൽ എത്തിച്ച മറ്റൊരു കലാകാരൻ നമുക്കിടയിലില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
ശ്രീനിവാസൻ എന്ന് പറഞ്ഞാൽ പകരക്കാരനില്ലാത്ത ഒരാളാണെന്ന് സംവിധായകൻ വിനയൻ. പെട്ടന്നുള്ള വേർപാട് പ്രതീക്ഷിച്ചില്ല. ശ്രീനിക്ക് പകരം ശ്രീനി മാത്രമാണെന്നും വിനയൻ.
ശ്രീനിവാസൻ്റെ വിയോഗത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എത്ര കാലത്തിന് മുൻപേ നടന്നയാളാണ് ശ്രീനിവാസൻ. സരസമായ ഭാഷയിലൂടെ സാമൂഹിക യാഥാർത്ഥ്യങ്ങളെ വിളിച്ചു പറഞ്ഞ കലാകാരൻ. ശ്രീനിവാസന്റെ സിനിമയിലെ ഉദ്ധരണികൾ കഴിഞ്ഞ ദിവസവും സിപിഎമ്മിനെ വിമർശിക്കാൻ ഉപയോഗിച്ചിരുന്നു. അദ്ദേഹത്തെ കാണാനിരിക്കുകയായിരുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു.
മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേർപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നത്.
സിനിമയിൽ നിലനിന്നു പോന്ന പല മാമൂലുകളെയും തകർത്തുകൊണ്ടാണ് ശ്രീനിവാസൻ ചുവടുവെച്ചത്. പച്ച മനുഷ്യൻ്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താൻ ഇച്ഛിക്കുന്ന ബോധ തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാർ വേറെ അധികമില്ലെന്നും മുഖ്യമന്ത്രി.
കൊച്ചി: 43 കൊല്ലത്തെ ദൃഡമായ സൗഹൃദമായിരുന്നു ശ്രീനിവാസനുമായെന്ന് മുകേഷ് എംഎൽഎ. വെട്ടിതുറന്ന് പറയുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിൻ്റേത്. ഒരിക്കൽ പോലും ചെറിയ നീരസം പോലും ഉണ്ടാകാത്ത സുഹൃത്തായിരുന്നുവെന്നും മുകേഷ്.
ശ്രീനിവാസൻ്റെ വിയോഗത്തിൽ പ്രതികരിച്ച് എം.വി. ഗോവിന്ദൻ. അഭിപ്രായ വ്യത്യാസങ്ങൾ പറയുമ്പോഴും മനസ് നിറയെ പുതിയ ലോകം രൂപപ്പെടണം എന്ന് ശ്രീനിവാസൻ ആഗ്രഹിച്ചു. അങ്ങനെയൊരു മനുഷ്യസ്നേഹിയെയാണ് നഷ്ടമായത്. എത്ര ഗൗരവമുള്ള വിഷയവും സരസമായി അവതരിപ്പിച്ച അതുല്യ പ്രതിഭാശാലി. സാധാരണ മനുഷ്യരുടെ ജീവിതം കൃത്യമായി അവതരിപ്പിക്കാൻ കഴിവുള്ള പ്രതിഭയായിരുന്നു അദ്ദേഹമെന്നും എം.വി. ഗോവിന്ദൻ
കൊച്ചി: ശ്രീനിവാസൻ്റെ വിയോഗത്തിൽ പ്രതികരിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. ഒന്നും പ്രതികരിക്കാൻ പറ്റാത്ത സാഹചര്യമാണ്. പോകും എന്ന ഒരു തോന്നൽ ഉണ്ടായിരുന്നില്ല. രണ്ടാഴ്ച കൂടുമ്പോൾ നേരിട്ട് സന്ദർശിക്കുമായിരുന്നു. കഴിഞ്ഞ ദിവസം കൂടി സംസാരിച്ചിരുന്നു.
കൊച്ചി: അന്തരിച്ച നടൻ ശ്രീനിവാസൻ്റെ പൊതുദർശനം ഉച്ചയ്ക്ക് ഒരു മണിക്ക് എറണാകുളം ടൗൺ ഹാളിൽ നടക്കും. തൃപ്പൂണിത്തുറ ആശുപത്രിയിൽ നിന്ന് കണ്ടനാട്ടെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. സംസ്‌ക്കാരം നാളെ നടക്കും.
കൊച്ചി: അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ അവസാനമായി കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തും.
ശ്രീനിവാസനുമായി സൗഹൃദത്തിനപ്പുറമുള്ള ജീവിത ബന്ധമാണ് ഉണ്ടായിരുന്നത്. ശ്രീനിവാസന്റെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളില്‍ ഒപ്പം സഞ്ചരിക്കാനായെന്നും മോഹന്‍ലാല്‍
ഏറ്റവും കൂടുതല്‍ സൗഹൃദം ഉണ്ടായിരുന്ന വ്യക്തികളില്‍ ഒരാളാണ് ശ്രീനിവാസന്‍ എന്ന് സംവിധായകന്‍ കമല്‍. മലയാള സിനിമയില്‍ ഓരോ കാലഘട്ടത്തെയും അടയാളപ്പെടുത്തി. അത്ഭുതപ്പെടുത്തുന്ന മനുഷ്യന്‍ എന്നും കമല്‍.