ഉണ്ണി മുകുന്ദൻ News Malayalam
MOVIES

"മർദിച്ചു എന്ന് തെളിഞ്ഞാൽ അഭിനയം നിർത്തും"; മാനേജറുടെ ആരോപണങ്ങൾ പൂർണമായി തള്ളി ഉണ്ണി മുകുന്ദൻ

മാനേജർ വിപിൻ കുമാർ കൂളിങ് ഗ്ലാസ് ധരിച്ച് സംസാരിച്ചപ്പോൾ അപമാനിക്കുന്നതായി തോന്നിയെന്നും അതിനാലാണ് വലിച്ചെറിഞ്ഞതെന്നും നടൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

മാനേജർ വിപിൻ കുമാറിനെ മർദിച്ചെന്ന ആരോപണം പൂർണമായും തള്ളി നടൻ ഉണ്ണി മുകുന്ദൻ. വ്യക്തിപരമായ വൈരാഗ്യത്തിൻ്റെ പേരിൽ കെട്ടിചമച്ച കഥ മാത്രമാണിതെന്ന് നടൻ പത്രസമ്മേളനത്തിൽ പറഞ്ഞു. മർദിച്ചു എന്ന് തെളിഞ്ഞാൽ അഭിനയം നിർത്തും. വിഷയത്തിൽ മാധ്യമ ശ്രദ്ധ കിട്ടാനായി ടൊവിനോയുടെ പേര് വലിച്ചിഴച്ചതാണെന്നും ഒരാൾ പോലും വിഷയത്തിൻ്റെ രണ്ട് വശങ്ങളും പരിശോധിച്ചില്ലെന്നും നടൻ ആരോപിച്ചു.

ടൊവിനോ തോമസിൻ്റെ ‘നരിവേട്ട’ എന്ന ചിത്രത്തെ പ്രശംസിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടതിനെ തുടർന്നാണ് ഉണ്ണി മുകുന്ദൻ മർദിച്ചതെന്നായിരുന്നു വിപിൻ കുമാറിന്റെ പരാതി. ടൊവിനോയെ കുറിച്ച് അങ്ങനെ പറയില്ലെന്നും, നടൻ സുഹൃത്താണെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.

രണ്ടാഴ്ചയ്ക്ക് മുൻപ് ലഭിച്ച അജ്ഞാത ഫോൺ കോളിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കമെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. ഒരു സ്ത്രീയായിരുന്നു ഫോണിൽ സംസാരിച്ചത്. വളരെ ക്രിമിനൽ സ്വഭാവമുള്ള കാര്യങ്ങളായിരുന്നു അവർ സംസാരിച്ചത്. എന്നാൽ അജ്ഞാത കോൾ ആയതിനാൽ അത് ഗൗരവത്തിലെടുത്തില്ല. പരിചയമുള്ള മൂന്നോ നാലോ ആളുകളുടെ പേര് അവർ പറഞ്ഞിരുന്നു. അതിൽ വിപിൻ കുമാറിന്റെ പേരും പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങൾ ഡിജിപിക്കും എഡിജിപിക്കും നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

സംഭവത്തെക്കുറിച്ച് വിപിനോട് ചോദിച്ചപ്പോൾ അറിയാത്ത ആളുകൾ പറയുന്നത് വിശ്വസിക്കരുതെന്നായിരുന്നു മറുപടി. രണ്ട് ദിവസത്തിനുള്ളിൽ വീണ്ടും സമാന രീതിയിൽ ഒരു കോൾ വന്നു. വളരെ സീനിയർ ആയ ഒരു മലയാള സിനിമാ പ്രവർത്തകയായിരുന്നു വിളിച്ചത്. തന്നെക്കുറിച്ച് വിപിൻ പറഞ്ഞ മോശം കാര്യങ്ങളെക്കുറിച്ചും അവർ സംസാരിച്ചു. ഇക്കാര്യങ്ങൾ സംസാരിച്ച് തീർക്കാനായിരുന്നു വിപിൻ്റെ ഫ്ലാറ്റിലേക്ക് പോയതെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു.

സിസിടിവി യിൽ കാണുന്നത് പോലെ മാന്യമായാണ് സംസാരിച്ചതെന്നും നടൻ ചൂണ്ടിക്കാട്ടി. മറ്റൊരാളും അവിടെ ഉണ്ടായിരുന്നു. വിപിൻ കൂളിങ് ഗ്ലാസ് ധരിച്ച് സംസാരിച്ചപ്പോൾ അപമാനിക്കുന്നതായി തോന്നി. അതിനാലാണ് കൂളിങ് ഗ്ലാസ്‌ വലിച്ചെറിഞ്ഞത്. വിപിനുമായുള്ള സംസാരം വളരെ ഇമോഷണൽ ആയിരുന്നു. അയാൾ കരഞ്ഞുകൊണ്ടാണ് സംസാരിച്ചത്. വിപിൻ കരഞ്ഞു മാപ്പ് പറഞ്ഞു.

വിപിൻ തൻ്റെ മാനേജറല്ലെന്നും സുഹൃത്തായാണ് വിപിനെ കണ്ടിരുന്നതെന്നും നടൻ പറഞ്ഞു. 2018 മേപ്പടിയാന്റെ ഭാഗമായാണ് വിപിനെ പരിചയപ്പെട്ടത്. മേപ്പടിയാൻ സിനിമ ചിത്രീകരണം മൂന്ന് വർഷം നീണ്ടു.അപ്പോൾ ഉണ്ടായ സൗഹൃദം കാരണം അടുപ്പം ഉണ്ടായിരുന്നു. വിപിൻ മാനം കെടുത്താൻ ശ്രമിക്കുന്നത് എന്തിനാണ് എന്ന് അറിയില്ല. തന്നെ തകർക്കാൻ ആഗ്രഹിക്കുന്ന ആളുകൾ വിപിനെ ആയുധമാക്കിയെന്നും ഉണ്ണി മുകുന്ദൻ ആരോപിച്ചു.

യഥാർഥ വിഷയം ആരും ചർച്ച ചെയ്തില്ലെന്ന് പറഞ്ഞ നടൻ, വിപിനെതിരെ ഒരു നടി ഫെഫ്കയിൽ പരാതി നൽകിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. മലയാള സിനിമയിലെ പ്രമുഖ നടിമാരുടെ പേര് പറയാൻ ആഗ്രഹിക്കുന്നില്ല. അറിയണം എങ്കിൽ അമ്മയിൽ അന്വേഷിക്കാമെന്നും നടൻ കൂട്ടിച്ചേർത്തു.

കേസിൽ നടൻ ഉണ്ണി മുകുന്ദൻ നൽകിയ മുൻകൂർ ജാമ്യഹർജി എറണാകുളം സെഷൻസ് കോടതി തീർപ്പാക്കിയിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നിലവിൽ ചുമത്തിയിട്ടുള്ളതെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് നടപടി. പരാതിക്കാരൻ ഉന്നയിക്കുന്ന ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു ഹർജി.

SCROLL FOR NEXT